തുര്‍ക്കിയിലെ സ്‌കീ റിസോര്‍ട്ടിലുണ്ടായ തീപിടുത്തം; മരണം 76 ആയി
World News
തുര്‍ക്കിയിലെ സ്‌കീ റിസോര്‍ട്ടിലുണ്ടായ തീപിടുത്തം; മരണം 76 ആയി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd January 2025, 7:53 am

അങ്കാറ: തുര്‍ക്കിയിലെ സ്‌കീ റിസോര്‍ട്ടിലുണ്ടായ തീപിടുത്തത്തില്‍ മരണം 76 ആയി ഉയര്‍ന്നു. മരിച്ചവരില്‍ 52 പേരെ തിരിച്ചറിഞ്ഞതായി തുര്‍ക്കി ആഭ്യന്തര മന്ത്രി അല്‍ യെര്‍ലിയായ പറഞ്ഞു. അപകടത്തില്‍ 51 പേർക്ക് സാരമായി പരിക്കേറ്റിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് സ്‌കീ റിസോര്‍ട്ടില്‍ തീപിടുത്തമുണ്ടായത്. തീയില്‍ നിന്ന് രക്ഷപ്പെടാന്‍ റൂമുകളില്‍ നിന്ന് പുറത്തേക്ക് ചാടിയവരും അപകടത്തില്‍പ്പെട്ടിട്ടുണ്ട്.

പരിക്കേറ്റ 51 പേരില്‍ ഒരാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 17 പേര്‍ ആശുപത്രി വിട്ടതായി ആരോഗ്യമന്ത്രി കെമാല്‍ മെമിസോഗ്ലു പറഞ്ഞു.

മരണപ്പെട്ടവരില്‍ നിരവധി കുട്ടികളുണ്ടെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. 10നും 11 വയസിനും ഇടയിലുള്ള കുട്ടികളാണ് കൂടുതലും അപകടത്തില്‍ പെട്ടതെന്നാണ് വിവരം. സ്‌കൂള്‍ അവധിക്കാലമായതിനാല്‍ മേഖലയിലെ ഹോട്ടലുകള്‍ തിങ്ങിനിറഞ്ഞത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചുവെന്നാണ് നിഗമനം.

ബോലു മലനിരകളിലെ 12 നിലയുള്ള ഗ്രാന്‍ഡ് കാര്‍ട്ടാല്‍ ഹോട്ടലിലാണ് അപകടം ഉണ്ടായത്. ഇസ്താംബൂളില്‍ നിന്ന് ഏകദേശം 300 കിലോമീറ്റര്‍ കിഴക്ക് ഭാഗത്തായുള്ള ബൊലു പ്രവിശ്യയിലെ കാര്‍ട്ടാല്‍കായ റിസോര്‍ട്ടിലെ ഗ്രാന്‍ഡ് കാര്‍ട്ടാല്‍ ഹോട്ടലിലാണ് അപകടം നടന്നത്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി യെര്‍ലിയായ അറിയിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഹോട്ടലില്‍ 234 അതിഥികള്‍ ഉണ്ടായിരുന്നതായി ഗവര്‍ണര്‍ അബ്ദുല്‍ അസീസ് അയ്ഡിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചവരില്‍ രണ്ട് പേര്‍ മരിച്ചുവെന്നും അസീസ് പറഞ്ഞു.

ഹോട്ടലിന്റെ നാലാം നിലയിലുണ്ടായ തീപിടുത്തം മറ്റു നിലകളിലേക്ക് വ്യാപിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.

12 മണിക്കൂര്‍ സമയമെടുത്താണ് കെട്ടിടത്തില്‍ ആളിപ്പടര്‍ന്ന തീയണച്ചത്. അപകടത്തില്‍ റിസോര്‍ട്ട് ഉടമ ഉള്‍പ്പെടെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

അപകടത്തെ തുടര്‍ന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് (ബുധനാഴ്ച) സൂര്യാസ്തമയം വരെ തുര്‍ക്കി പതാക പകുതി താഴ്ത്തിക്കെട്ടുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Fire at Turkish ski resort; The death toll is 76