ഗുജറാത്ത് കലാപത്തില്‍ മോദി കാഴ്ചക്കാരനായിരുന്നുവെന്ന പരാമര്‍ശം: ആസ്സാമീസ് പാഠപുസ്തകത്തിന്റെ പ്രസാധകര്‍ക്കും രചയിതാക്കള്‍ക്കുമെതിരെ കേസ്
national news
ഗുജറാത്ത് കലാപത്തില്‍ മോദി കാഴ്ചക്കാരനായിരുന്നുവെന്ന പരാമര്‍ശം: ആസ്സാമീസ് പാഠപുസ്തകത്തിന്റെ പ്രസാധകര്‍ക്കും രചയിതാക്കള്‍ക്കുമെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th September 2018, 7:48 pm

ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തിന്റെ സമയത്ത് മോദി വെറും കാഴ്ചക്കാരനായിരിക്കുകയായിരുന്നു എന്ന പരാമര്‍ശമടങ്ങിയ പന്ത്രണ്ടാം ക്ലാസ് പാഠപുസ്തകത്തിന്റെ പ്രസാധകര്‍ക്കും രചയിതാക്കള്‍ക്കുമെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തു. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി കലാപം നടക്കുമ്പോള്‍ പ്രതികരിക്കാതെയിരുന്നു എന്നര്‍ത്ഥം വരുന്ന പരാമര്‍ശം ആസാമീസ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതിനാണ് കേസ്.

സൗമിത്ര ഗോസ്വാമി, മാനവ് ജ്യോതി ബെഹ്‌റ എന്നിവരുടെ പരാതിയിന്മേലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വര്‍ഗ്ഗീയ വികാരം ഉണര്‍ത്തിവിടുന്നതിനായി തെറ്റായ വിവരങ്ങള്‍ പുസ്തകത്തിലൂടെ പ്രചരിപ്പിച്ചു എന്നതാണ് എഫ്.ഐ.ആറില്‍ ഇവര്‍ക്കെതിരെ ചാര്‍ത്തിയിട്ടുള്ള കുറ്റം.

 

Also Read: റാഫേല്‍ അഴിമതി ബി.ജെ.പിക്ക് കൂടുതല്‍ കുരുക്കാവുന്നു; കേന്ദ്ര വിജിലന്‍സ് കമ്മീഷനെ സമീപിച്ച് കോണ്‍ഗ്രസ്

 

“ഒരു പുസ്തകം പ്രസിദ്ധീകരിക്കുമ്പോള്‍ അതിന്റെ സാമൂഹിക ഉത്തരവാദിത്തത്തെക്കുറിച്ച് പ്രസാധകര്‍ ബോധവാന്മാരായിരിക്കണം. പ്രത്യേക അന്വേഷണ സംഘം മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടും, കോണ്‍ഗ്രസ് ഭരണകാലത്ത് പ്രസിദ്ധീകരിച്ച ഈ പാഠപുസ്തകം ഇപ്പോഴും സ്‌കൂളുകളില്‍ വിതരണം ചെയ്യപ്പെടുന്നുവെന്നത് ദൗര്‍ഭാഗ്യകരമാണ്.” ആസ്സാം വിദ്യാഭ്യാസ മന്ത്രി സിദ്ധാര്‍ത്ഥ ഭട്ടാചാര്യ പറയുന്നു.

പ്രസാധകരായ ആസ്സാം ബുക്ക് ഡിപ്പോയും മൂന്നു റിട്ടയേഡ് കോളേജധ്യാപകരുമാണ് പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. ദുര്‍ഗാ കാന്ത ശര്‍മ, റഫീഖ് സമാന്‍, മാനഷ് പ്രോതിം ബറുവാ എന്നീ അധ്യാപകരാണ് പാഠപുസ്തകത്തിന്റെ രചയിതാക്കള്‍.

“ഗോധ്രാ സംഭവവും ഗുജറാത്തിലെ മുസ്‌ലിം വിരുദ്ധ പ്രക്ഷോഭവും” എന്ന പാഠത്തിലാണ് മോദിക്കെതിരായ പരാമര്‍ശമുള്ളത്. അതേസമയം പുസ്തകത്തില്‍ അധിക്ഷേപാര്‍ഹമായി ഒന്നുമില്ലെന്നാണ് രചയിതാക്കളുടെ വിശദീകരണം. എന്‍.സി.ആര്‍.ടിയുടെ പാഠപുസ്തകത്തെ അടിസ്ഥാനമാക്കി ഏഴു വര്‍ഷം മുന്‍പു രചിച്ചതാണിതെന്നും പൊതുവ്യവഹാരത്തിലില്ലാത്ത ഒന്നും പാഠപുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ലെന്നും മാനഷ് പ്രോതിം പറയുന്നു.