അനുമതി ലംഘിച്ച് ക്ഷേത്രത്തില്‍ പ്രവേശിച്ചു; ബി.ജെ.പി എം.പിമാര്‍ക്കെതിരെ എഫ്. ഐ.ആര്‍
India
അനുമതി ലംഘിച്ച് ക്ഷേത്രത്തില്‍ പ്രവേശിച്ചു; ബി.ജെ.പി എം.പിമാര്‍ക്കെതിരെ എഫ്. ഐ.ആര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th August 2025, 9:28 am

ജാര്‍ഖണ്ഡ്: ദിയോഘറിലെ ബാബ ബൈദ്യനാഥ് ക്ഷേത്രത്തില്‍ പ്രവേശന അനുമതി ലംഘിച്ച് പ്രവേശിച്ച ബി.ജെ.പി എം.പിമാര്‍ക്കെതിരെ കേസ്. വിശ്വാസികളില്‍ ഭയവും പരിഭ്രാന്തിയും സൃഷ്ടിച്ചുവെന്നാരോപിച്ച് എം.പിമാരായ നിഷികാന്ത് ദുബെ, മനോജ് തിവാരി എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ശ്രാവണ മാസമായിനാല്‍ ക്ഷേത്രത്തില്‍ വി.ഐ.പി.കള്‍ക്കുള്ള പ്രവേശനാനുമതിയിലും നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇത് ലംഘിച്ച് ക്ഷേത്രത്തിനകത്തെ ശ്രീകോവിലില്‍ പ്രവേശിച്ചതാണ് ഇവര്‍ക്കെതിരെ കേസേടുക്കാന്‍ കാരണമായത്. ഓഗസ്റ്റ് രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ക്ഷേത്ര പൂജാരി കാര്‍ത്തിക് നാഥ് താക്കൂര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ഓഗസ്റ്റ് 7ന് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. വി.ഐ.പി പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും, ദുബെയും മനോജ് തിവാരിയും ഓഗസ്റ്റ് 2ന് രാത്രി ശ്രീകോവിലിന്റെ അകത്ത് നിര്‍ബന്ധിതമായി പ്രവേശിച്ചുവെന്ന് പരാതിയില്‍ ചൂണ്ടികാണിക്കുന്നു.

നിശികാന്ത് ദുബെ, മനോജ് തിവാരി, കാന്‍ഷികാനാഥ് ദുബെ, ശേഷാദ്രി ദുബെ എന്നിവര്‍ക്കെതിരെ ബാബ ബൈദ്യനാഥ് മന്ദിര്‍ പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

‘ക്ഷേത്രത്തിന്റെ അകത്തെ ശ്രീകോവിലില്‍ പ്രവേശിച്ച് മതപാരമ്പര്യത്തെയും വികാരങ്ങളെയും വ്രണപ്പെടുത്തിയതിനും സുരക്ഷാ കാരണങ്ങളാല്‍ വിന്യസിച്ചിരിക്കുന്ന പൊലീസുകാരുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട് സര്‍ക്കാര്‍ ജോലികളില്‍ തടസമുണ്ടാക്കിയതിനുമാണ് കേസ്,’  ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

എം.പി.മാരുടെ ഈ പ്രവേശനവും  പൊലീസുമായുള്ള ഏറ്റുമുട്ടലും വിശ്വാസികള്‍ക്കിടയില്‍ ഭയവും പരിഭ്രാന്തിയും സൃഷ്ടിച്ചെന്നും പരാതിയില്‍ പറയുന്നു. പൂജ നടക്കുന്നതിനിടെ രണ്ട് എം.പി.മാര്‍ ക്ഷേത്രത്തിന്റെ അകത്തെ അറയില്‍ പ്രവേശിച്ചതായും ഇത് പ്രാര്‍ത്ഥനക്ക്  തടസമുണ്ടാക്കിയതായും ആരോപണങ്ങളുണ്ട്.

Content Highlight: FIR filed against BJP MPs for entering temple despite ban