സിഖ് ഉദ്യോഗസ്ഥന് നേരെ ചെരിപ്പെറിഞ്ഞു; ബി.ജെ.പി നേതാവിനെതിരെ എഫ്.ഐ.ആർ, മാപ്പ് പറയണമെന്ന് സിഖ് സംഘടനകൾ
national news
സിഖ് ഉദ്യോഗസ്ഥന് നേരെ ചെരിപ്പെറിഞ്ഞു; ബി.ജെ.പി നേതാവിനെതിരെ എഫ്.ഐ.ആർ, മാപ്പ് പറയണമെന്ന് സിഖ് സംഘടനകൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th June 2025, 10:43 am

കൊൽക്കത്ത: സിഖ് ഉദ്യോഗസ്ഥന് നേരെ ചെരുപ്പ് എറിഞ്ഞുവെന്നാരോപിച്ച് കേന്ദ്രമന്ത്രിയും പശ്ചിമ ബംഗാൾ ബി.ജെ.പി പ്രസിഡന്റുമായ സുകാന്ത മജുംദാറിനെതിരെ കൊൽക്കത്തയിലെ കാളിഘട്ട് പൊലീസ് സ്റ്റേഷനിൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തു.

സിഖ് സമുദായാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബി.എൻ.എസ് സെക്ഷൻ 208 (പൊതുപ്രവർത്തകന്റെ ഉത്തരവ് അനുസരിക്കാതിരിക്കൽ ), 302 (മതവികാരങ്ങളെ മനപൂർവ്വം വ്രണപ്പെടുത്തൽ), 115(2) (സ്വമേധയാ മറ്റൊരാളെ ഉപദ്രവിക്കുന്ന പ്രവർത്തികൾ ചെയ്യുക) എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

‘ഇത്തരമൊരു പ്രവൃത്തി സിഖ് സമൂഹത്തെ അപമാനിക്കൽ മാത്രമല്ല. മറിച്ച് എല്ലാ മതങ്ങൾക്കും സമൂഹങ്ങൾക്കും ബഹുമാനം ഉറപ്പാക്കുന്ന ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളുടെ അടിസ്ഥാന ഘടന ലംഘിക്കുന്നതുമാണ്,’ ശ്രീ ഗുരു സിങ് സഭ ജനറൽ സെക്രട്ടറി ഇന്ദർജീത് സിങ് സെഖോൺ പറഞ്ഞു.

ജൂൺ 12ന് ഹസ്ര റോഡിലേക്കും ഹരീഷ് ചാറ്റർജി സ്ട്രീറ്റിലേക്കും പോകുന്ന വഴിയിൽ വെച്ച് സുകാന്ത മജുംദാർ ചെരുപ്പ് എറിഞ്ഞുവെന്ന് എഫ്‌.ഐ.ആറിൽ പറയുന്നു.

സംഭവത്തിൽ മജുൻഡാർ മാപ്പ് പറയണമെന്നും സിഖ് സംഘടനകൾ ആവശ്യപ്പെട്ടു. ‘ഈ സംഭവത്തിൽ സുകാന്ത മജുംദാർ വ്യക്തമായ പൊതു ക്ഷമാപണം നടത്തണമെന്നും അദ്ദേഹത്തിനെതിരെ പൊലീസ് കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു,’ ഗുരുദ്വാര ബെഹാലയുടെ ജനറൽ സെക്രട്ടറിയും പശ്ചിമ ബംഗാൾ ന്യൂനപക്ഷ കമ്മീഷൻ അംഗവുമായ സത്‌നം സിങ് അലുവാലിയ പറഞ്ഞു.

സിഖ് സമുദായങ്ങളെ പിന്തുണച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസും എത്തിയിട്ടുണ്ട്. മജുംദാറിനെതിരെ സിഖ് സമൂഹം പ്രതികരിച്ചത് ന്യായമാണെന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് പറഞ്ഞു.

എന്നാൽ മജുംദാറിനെതിരെയുള്ള ആരോപണം ബിജെപിയുടെ രാജ്യസഭാ എം.പി സമിക് ഭട്ടാചാര്യ തള്ളിക്കളഞ്ഞു. മജുംദാർ ഒരു ചെരിപ്പിന്റെ പേപ്പർ കട്ട് ഔട്ട് മാത്രമാണ് എറിഞ്ഞതെന്ന് അദ്ദേഹം വാദിച്ചു. ‘ഒരു കെട്ടിച്ചമച്ച കഥ കൊണ്ടുവന്ന് പലരും ചേർന്ന് സിഖ് ജനതയെ അപമാനിക്കുകയാണ്. എന്നെയും മജുംദാറിനെയും പോലുള്ള ആളുകൾ ഗുരു തേജ് ബഹാദൂറിന്റെയും ഗുരു ഗോബിന്ദ് സിങിന്റെയും ത്യാഗങ്ങളെക്കുറിച്ച് പഠിച്ചാണ് വളർന്നത്,’ അദ്ദേഹം പറഞ്ഞു.

 

Content Highlight: FIR against state BJP chief for ‘hurling slipper’, Sikh leaders demand apology