പരിപാടിക്കിടയിലെ പഹല്‍ഗാം പരാമര്‍ശം കന്നഡിഗരുടെ വികാരം വ്രണപ്പെടുത്തി; സോനു നിഗത്തിനെതിരെ കേസ്
national news
പരിപാടിക്കിടയിലെ പഹല്‍ഗാം പരാമര്‍ശം കന്നഡിഗരുടെ വികാരം വ്രണപ്പെടുത്തി; സോനു നിഗത്തിനെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd May 2025, 9:05 pm

ബെംഗളൂരു: കന്നഡിഗരുടെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഗായകന്‍ സോനു നിഗത്തിനെതിരെ എഫ്.ഐ.ആര്‍. അവലഹള്ളി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍, മതപരമോ ഭാഷാപരമോ ആയ വികാരങ്ങള്‍ വ്രണപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

കന്നഡ അനുകൂല സംഘടനയായ കര്‍ണാടക രക്ഷണ വേദികെ പ്രസിഡന്റ് ധര്‍മരാജ് അനന്തയ്യ നല്‍കിയ പരാതിയിലാണ് നടപടി. ഗായകന്റെ പരാമര്‍ശം വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുമെന്നും അക്രമത്തിന് പ്രേരിപ്പിക്കുമെന്നും കാണിച്ചാണ് പരാതി.

ഏപ്രില്‍ 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബംഗളുരുവിലെ ഈസ്റ്റ് പോയിന്റ് കോളേജില്‍ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു സോനു നിഗത്തിന്റെ പരാമര്‍ശം.

പരിപാടിക്കിടെ ഒരു വിദ്യാര്‍ത്ഥി സോനു നിഗത്തോട് കന്നഡയില്‍ ഒരു ഗാനമാലപിക്കാന്‍ ആവശ്യപ്പെടുകയിരുന്നു. തുടര്‍ന്ന് മറ്റ് കാണികളും കന്നഡ, കന്നഡ എന്ന് ആര്‍പ്പുവിളിക്കുകയും ചെയ്തു.

ഇതില്‍ അസ്വസ്ഥനായ സോനു നിഗം ‘ഇതാണ് പഹല്‍ഗാമിലെ സംഭവത്തിന് പിന്നിലെ കാരണം’ എന്ന് പറയുകയായിരുന്നു.

‘കന്നഡ ഗാനങ്ങള്‍ പാടാന്‍ എനിക്ക് ഇഷ്ടമാണ്. കര്‍ണാടകയിലെ ജനങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു. നിരവധി ഭാഷകളില്‍ ഞാന്‍ പാടിയിട്ടുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പാട്ടുകള്‍ കന്നഡയിലാണ്. കര്‍ണാടകയിലെ പരിപാടികള്‍ക്ക് വലിയ സന്തോഷത്തോടെയാണ് എത്താറുള്ളത്. കാരണം എന്റെ കുടുംബം എങ്ങനെയാണോ എന്നെ സ്വീകരിക്കുന്നത് അതുപോലെ തന്നെയാണ് നിങ്ങളും. പക്ഷെ ഒരു പയ്യന്‍, അവന് എത്ര വയസുണ്ടെന്ന് എനിക്കറിയില്ല. എന്നാല്‍ അവന്‍ ജനിക്കുന്നതിന് മുമ്പേ ഞാന്‍ പാടി തുടങ്ങിയതാണ്. അവന്‍ എന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു. എനിക്ക് അത് ഇഷ്ടപ്പെട്ടില്ല. പഹല്‍ഗാമിലുണ്ടായത് എന്താണെന്ന് നിങ്ങള്‍ക്ക് അറിയുമോ? ഇതാണ്,’ സോനു നിഗത്തിന്റെ പ്രതികരണം.

പ്രസ്തുത പ്രതികരണം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനമാണ് ഗായകനെതിരെ ഉയര്‍ന്നത്. അതേസമയം കാണികളുടെ ആവശ്യവും പഹല്‍ഗാമും തമ്മില്‍ എന്താണ് ബന്ധമെന്ന ചോദ്യവും സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.

Content Highlight: FIR against Sonu Nigam for ‘hurting’ sentiments of Kannadigas