ഐ.സി.സി ടി-20 ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി ന്യൂസിലാന്‍ഡ് കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തിരിക്കുകയാണ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ വിജയമാണ് കിവികള്‍ സ്വന്തമാക്കിയത്.
സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 170 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്‍ഡ് ഫിന്‍ അലന്റെ സെഞ്ച്വറി കരുത്തില്‍ വെറും 12.5 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
Finn Allen’s blazing ton in the chase gets New Zealand into their second Men’s #T20WorldCup final 🔥
പത്ത് ഫോറിന്റെയും എട്ട് സിക്‌സറിന്റെയും അകമ്പടിയോടെ 33 പന്തില്‍ നിന്നും പുറത്താകാതെ 100 റണ്‍സാണ് കിവീസ് ഓപ്പണര്‍ അടിച്ചെടുത്തത്. 303.03 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലായിരുന്നു ഫിന്‍ അലന്റെ പ്രകടനം.
ഈ ഇന്നിങ്‌സിന് പിന്നാലെ ഒരു ഐതിഹാസിക നേട്ടവും ഫിന്‍ അലന്‍ സ്വന്തമാക്കി. ഐ.സി.സി ടി-20 ലോകകപ്പ് ചരിത്രത്തില്‍ നോക്ക്ഔട്ട് മത്സരത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് ബ്ലാക് ക്യാപ്‌സ് താരം സ്വന്തമാക്കിയത്. ഇതിനൊപ്പം ടി-20 ലോകകപ്പ് നോക്ക്ഔട്ടിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന നേട്ടവും സ്വാഭാവികമായും ഫിന്‍ അലന്‍ സ്വന്തമാക്കി.
ടി-20 ലോകകപ്പ് നോക്ക്ഔട്ടിലെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍
(താരം – ടീം- എതിരാളികള്‍ – സ്‌കോര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
ഫിന്‍ അലന്‍ – ന്യൂസിലാന്‍ഡ് – സൗത്ത് ആഫ്രിക്ക – 100* – 2026*
തിലകരത്‌നെ ദില്‍ഷന്‍ – ശ്രീലങ്ക – വെസ്റ്റ് ഇന്‍ഡീസ് – 96* – 2009
വിരാട് കോഹ് ലി – ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് – 89* – 2016
അലക്‌സ് ഹേല്‍സ് – ഇംഗ്ലണ്ട് – ഇന്ത്യ – 86* – 2022
മര്‍ലണ്‍ സാമുവല്‍സ് – വെസ്റ്റ് ഇന്‍ഡീസ് – ഇംഗ്ലണ്ട് – 85* – 2016
ഇതില്‍ മര്‍ലണ്‍ സാമുവല്‍സ് ഒഴികെയുള്ള എല്ലാവരുടെയും വെടിക്കെട്ട് പിറന്നത് സെമി ഫൈനലിലാണ്. വെസ്റ്റ് ഇന്‍ഡീസ് രണ്ടാം കിരീടമുയര്‍ത്തിയ 2016ല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന കിരീടപ്പോരാട്ടത്തിലാണ് സാമുവല്‍സ് വെടിക്കെട്ട് പുറത്തെടുത്തത്.
സെമി ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസിന് തൊട്ടതെല്ലാം പിഴച്ചിരുന്നു. എന്നാല്‍ ഏഴാം നമ്പറില്‍ കളത്തിലിറങ്ങിയ മാര്‍കോ യാന്‍സെന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് സൗത്ത് ആഫ്രിക്ക മോശമല്ലാത്ത സ്‌കോറിലെത്തിയത്.
30 പന്ത് നേരിട്ട സ്റ്റാര്‍ ഓള്‍റൗണ്ടര്‍ 55 റണ്‍സുമായി പുറത്താകാതെ നിന്നു. 34 റണ്‍സ് നേടിയ ഡെവാള്‍ഡ് ബ്രെവിസും 29 റണ്‍സടിച്ച ട്രിസ്റ്റണ്‍ സ്റ്റബ്‌സുമാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.
ഒടുവില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ടീം 169ലെത്തി.
ന്യൂസിലാന്‍ഡിനായി രചിന്‍ രവീന്ദ്ര, മാറ്റ് ഹെന്‌റി, കോള്‍ മക്കോന്‍ചി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ലോക്കി ഫെര്‍ഗൂസണ്‍, ജിമ്മി നീഷം എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി കളം നിറഞ്ഞു. പത്താം ഓവറിലെ ആദ്യ പന്തില്‍ വിക്കറ്റ് ടീം സീഫെര്‍ട്ടിന്റെ വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ ടീം 117 റണ്‍സ് സ്വന്തമാക്കിയിരുന്നു. പിന്നാലെയെത്തിയ രചിന്‍ രവീന്ദ്രയെ ഒപ്പം നിര്‍ത്തി അലന്‍ കിവികളെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
Content Highlight: Finn Allen becomes the 1st batter to complete century in ICC T20 World Cup knockouts