ന്യൂദല്‍ഹി: ആഗോള വിറ്റുവരവിന്റെ അടിസ്ഥാനത്തില്‍ കമ്പനികള്‍ക്ക് പിഴ ചുമത്താന്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്ക് അനുമതി നല്‍കുന്ന ഭേദഗതിക്കെതിരെ യു.എസ് ടെക് കമ്പനി ആപ്പിള്‍ ദല്‍ഹി ഹൈക്കോടതിയില്‍.
2002ലെ കോമ്പറ്റീഷന്‍ ആക്ടിലെ ഭേദഗതിക്കെതിരെയാണ് ആപ്പിള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. നിയമത്തിലെ സെക്ഷന്‍ 27 (ബി) ഭേദഗതിയെയും 2024ലെ മോണിറ്ററി പെനാല്‍റ്റി മാര്‍ഗനിര്‍ദേശങ്ങളെയും ആപ്പിള്‍ ചോദ്യം ചെയ്യുന്നു.
ആഗോള വിറ്റുവരവിനെ അടിസ്ഥാനമാക്കിയുള്ള പിഴ കണക്കാക്കല്‍ ഏകപക്ഷീയമായ, ഭരണഘടനാ വിരുദ്ധ നടപടിയാണെന്ന് ആപ്പിള്‍ വാദിച്ചു.
ആപ്പിളിന്റെ ഹരജി ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായ, ജസ്റ്റിസ് തുഷാര്‍ റാവു ഗെഡേല തുടങ്ങിയവരുടെ ഡിവിഷന്‍ ബെഞ്ചിന് മുന്നിലാണുള്ളത്. കേസ് ഡിസംബര്‍ മൂന്നിന് പരിഗണിക്കാനാണ് സാധ്യത.
ആപ്പിളിന്റെ ആപ്പിള്‍ സ്റ്റോറുകളുമായി ബന്ധപ്പെട്ട് മത്സര വിരുദ്ധ നടപടിയെ സംബന്ധിച്ച് സി.സി.ഐ അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ മാര്‍ച്ചില്‍ സി.സി.ഐ നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നിയമത്തിനെതിരെ ആപ്പിള്‍ നിയമനടപടിക്ക് ഒരുങ്ങിയത്.
പുതിയ ഭേദഗതി പ്രകാരം ആഗോള കമ്പനികള്‍ അവരുടെ ഡോമിനന്‍സ് ദുരുപയോഗം ചെയ്തതിനോ മത്സര നിയമങ്ങള്‍ ലംഘിച്ചതിനോ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ കമ്പനികളുടെ കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലെ ആഗോള വിറ്റുവരവിന്റെ ശരാശരിയുടെ 10 ശതമാനം വരെ പിഴ ചുമത്താം.