ഇന്ധന സെസ് കുറക്കില്ല; പദ്ധതികളില്‍ ശാസ്ത്രീയമായ രീതി കൊണ്ടുവന്ന് ചെലവ് ചുരുക്കുകയാണ് ലക്ഷ്യം: കെ.എന്‍. ബാലഗോപാല്‍
Abdul Hakeem Faizy Adrisseri
ഇന്ധന സെസ് കുറക്കില്ല; പദ്ധതികളില്‍ ശാസ്ത്രീയമായ രീതി കൊണ്ടുവന്ന് ചെലവ് ചുരുക്കുകയാണ് ലക്ഷ്യം: കെ.എന്‍. ബാലഗോപാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th February 2023, 5:18 pm

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസില്‍ മാറ്റമുണ്ടാകില്ലെന്ന് അറിയിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഇന്ധന സെസ് അടക്കം ബജറ്റില്‍ പ്രഖ്യാപിച്ച ഒരു നികുതിയും കുറക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. പ്രതിപക്ഷ വിമര്‍ശനത്തില്‍ രാഷ്ട്രീയ അതിപ്രസരമാണെന്നും ധനമന്ത്രി പറഞ്ഞു.

നികുതി ഏര്‍പ്പെടുത്താതെ മുന്നോട്ടു പോകാനാകില്ലെന്നും കേരളം കട്ടപ്പുറത്താകുമെന്ന് സ്വപ്നം കാണുന്നവരുടെ സ്വപനം കട്ടപ്പുറത്തിരിക്കുകയേ ഉള്ളൂവെന്നും ധനമന്ത്രി പറഞ്ഞു. ഈ സര്‍ക്കാരിന് ഒരു ലക്ഷ്യബോധമുണ്ടെന്നും അത് കൃത്യമായി ബജറ്റില്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു.

‘മദ്യത്തിന് കഴിഞ്ഞ രണ്ട് വര്‍ഷമായി നികുതി വര്‍ധിപ്പിച്ചിട്ടില്ല. 500 രൂപക്ക് മുകളിലുള്ള മദ്യത്തിനേ വില വര്‍ധിപ്പിച്ചിട്ടുള്ളൂ. വില്‍ക്കുന്നത് മദ്യത്തിന്റെ നല്ലൊരു ഭാഗവും 500 രൂപക്ക് താഴെയാണ്.

പദ്ധതികളില്‍ പ്രായോഗികവും ശാസ്ത്രീയവുമായ രീതികള്‍ കൊണ്ടുവന്ന് ചെലവ് ചുരുക്കണം. കേന്ദ്രം രണ്ടര ലക്ഷം കോടി രൂപ കോര്‍പ്പറേറ്റ് ടാക്‌സ് കുറച്ചുകൊടുത്തു. മറുഭാഗത്ത് ജനങ്ങളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു. ലോകത്ത് നടക്കുന്നതൊന്നും കാണാതെ സംസ്ഥാന സര്‍ക്കാരിനെ മാത്രം വിമര്‍ശിച്ചാല്‍ മതിയെന്നാണ് പ്രതിപക്ഷം കാണുന്നത്.

വിദേശത്ത് പോകുന്നതും കാറ് വാങ്ങുന്നതും ഒഴിവാക്കലല്ല ചെലവ് ചുരുക്കല്‍. പദ്ധതികളില്‍ പ്രായോഗികവും ശാസ്ത്രീയവുമായ രീതികള്‍ കൊണ്ടുവന്നാണ് ചെലവ് ചുരുക്കുന്നത്,’ മന്ത്രി പറഞ്ഞു.

തുര്‍ക്കി, സിറിയ ഭൂകമ്പ ദുരിതാശ്വാസത്തിന് 10 കോടി രൂപയും ധനമന്ത്രി ഇന്ന് പ്രഖ്യാപിച്ചു. ദുരിത മേഖലയിലേക്ക് മരുന്ന് ഉള്‍പ്പടെയുള്ള സഹായങ്ങള്‍ എത്തിക്കുന്നതിനായി 10 കോടി രൂപ വകയിരുത്തുന്നതായി ധനമന്ത്രി നിയമസഭയില്‍ അറിയിച്ചു.