2031ലെ കേരളം; ധനകാര്യവകുപ്പിന്റെ വിഷന്‍ 2031 സെമിനാര്‍ നാളെ
Kerala News
2031ലെ കേരളം; ധനകാര്യവകുപ്പിന്റെ വിഷന്‍ 2031 സെമിനാര്‍ നാളെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th October 2025, 1:42 pm

 

കൊച്ചി: സംസ്ഥാനത്തിന്റെ കഴിഞ്ഞകാല പുരോഗതി വിലയിരുത്തുന്നതിനും വികസന ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്നതിനുമായി ധനകാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന സെമിനാര്‍ വിഷന്‍ 2031 ഒക്ടോബര്‍ 13, തിങ്കളാഴ്ച കൊച്ചിയില്‍ നടക്കും.

സംസ്ഥാനം രൂപീകൃതമായി 75 വര്‍ഷം പൂര്‍ത്തിയാകുന്ന 2031ല്‍ കേരളം എങ്ങനെയായിരിക്കണമെന്ന കാഴ്ചപ്പാട് ആവിഷ്‌കരിക്കുക അടക്കമുള്ള ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാരിക്കും സെമിനാര്‍ സംഘടിപ്പിക്കുന്നത്. കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലാണ് സെമിനാര്‍ നടക്കുന്നത്.

കേരളത്തെ 2031ഓടെ പുരോഗമനപരവും വികസിതവുമായ ഒരു സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി നടക്കുന്ന ധനകാര്യ സെമിനാറില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലയളവില്‍ ധനകാര്യ വകുപ്പും, ലൈന്‍ വകുപ്പുകളും, വകുപ്പിനുകീഴിലുള്ള സ്ഥാപനങ്ങളും കൈവരിച്ച നേട്ടങ്ങള്‍ അവതരിപ്പിക്കും. ഒപ്പം ഓരോന്നിന്റെയും വെല്ലുവിളികളും സാധ്യതകളും കൃത്യമായി അപഗ്രഥിക്കും.

‘ധനകാര്യവകുപ്പ് നേട്ടങ്ങളും കാഴ്ചപ്പാടുകളും’ എന്ന ആദ്യ സെഷനില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിക്കും. കേരളത്തിന്റെ കഴിഞ്ഞ ദശകത്തിലെ സാമ്പത്തിക നേട്ടങ്ങള്‍ എന്ന വിഷയത്തില്‍ ധനകാര്യവകുപ്പിലെ അഡീണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ ഐ.എ.എസും കേരളം@2031: ഒരു പുതിയ ദര്‍ശനം എന്ന വിഷയത്തില്‍ കെ.എന്‍. ബാലഗോപാലും സംസാരിക്കും. സെഷനില്‍ അജിത് പാട്ടീല്‍ ഐ.എ.എസ് സ്വാഗതവും കേശവേന്ദ്രകുമാര്‍ ഐ.എ.എസ്. നന്ദിയും പറയും.

11.45ന് രണ്ട് സമാന്തര സെഷനുകളായി പാനല്‍ ചര്‍ച്ചകള്‍ തുടരും. ‘കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചാ മാതൃകകള്‍, പുത്തന്‍ സാധ്യതകള്‍’ എന്ന വിഷയത്തില്‍ നടക്കുന്ന ആദ്യ സെഷനില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ അധ്യക്ഷനാകും. ഐ.എസ്.ആ.ര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. എസ് സോമനാഥ്, ഐ.ബി.എസ് സ്ഥാപകനും എക്സിക്യുട്ടിവ് ചെയര്‍മാനുമായ ഡോ. വി കെ മാത്യൂസ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ സി.ജെ. ജോര്‍ജ്, എന്‍.എഫ്.ടി.ഡി.സി ഡയറക്ടര്‍ ഡോ. കെ ബാലസുബ്രഹ്‌മണ്യന്‍, കിഫ്ബി അഡീഷണല്‍ സി.ഇ.ഒ മിനി ആന്റണി, സ്വീറ്റ് ലൈം സ്ഥാപകനും ഡയറക്ടറുമായ സജ്ഞയ് ഡാഷ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നത്.

‘കയറ്റുമതിയും തുറമുഖ അധിഷ്ഠിത വികസനവും’ എന്ന വിഷയത്തില്‍ നടക്കുന്ന സമാന്തര സെഷനില്‍ കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ ബി. കാശിനാഥനാണ് അധ്യക്ഷത വഹിക്കുന്നത്. എന്‍ രാമചന്ദ്രന്‍ (പോര്‍ട്ട് അതോറിട്ടി മുന്‍ ചെയര്‍മാന്‍), കെ.എം. ഹമീദ് അലി (കേരള എക്സ്പോര്‍ട്ടേഴ്സ് ഫോറം പ്രസിഡന്റ്), വി.കെ.സി. റസാഖ് (സി.ഐ.ഐ ചെയര്‍പേഴ്സണ്‍), അലക്സ് കെ. നൈനാന്‍ (ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ടാസ്‌ക് ഫോഴ്സ് ഓണ്‍ എക്സ്പോര്‍ട്സ് ചെയര്‍), പ്രൊഫ. സി വീരമണി (സെന്റര്‍ ഫോര്‍ ഡെവലെപ്പ്മെന്റ് സ്റ്റഡീസ് ഡയറക്ടര്‍), പി. വിഷ്ണുരാജ്, (കെ.എസ്.ഐ.ഡി.സി എം.ഡി) ഡോ. ദിവ്യ എസ് അയ്യര്‍ (വി.ഐ.എസ്.എല്‍ എം.ഡി) എന്നിവര്‍ സംസാരിക്കും.

ഉച്ചയ്ക്ക് ശേഷം നടക്കുന്ന സെഷനില്‍ ‘ധനകാര്യ ഫെഡറലിസവും ജി.എസ്.ടി സംവിധാനവും’ എന്ന വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. സംസ്ഥാന ജി.എസ്.ടി കമ്മീഷണര്‍ അജിത് പാട്ടീലാണ് ഈ സെഷന് അധ്യക്ഷത വഹിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസിയിലെ പ്രൊഫസര്‍ ഡോ. പിനാകി ചക്രബര്‍ത്തി, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം പ്രൊഫ. ആര്‍. രാമകുമാര്‍, കെ.യു.ആര്‍.ഡി.എഫ്.സി എം.ഡി എസ്. പ്രേംകുമാര്‍, ഗിഫ്റ്റ് ഡയറക്ടര്‍ ഡോ. കെ.ജെ. ജോസഫ്, ജി.എസ്.ടി അഡീഷണല്‍ ഡയറക്ടര്‍ ആര്‍. ശ്രീലക്ഷ്മി എന്നിവരും സെഷനില്‍ പങ്കെടുത്ത് സംസാരിക്കും.

സെമിനാറിന്റെ സമാപന സമ്മേളനം വ്യവസായ മന്ത്രി പി. രാജീവാണ് ഉദ്ഘാടനം ചെയ്യുന്നത്. ധനമന്ത്രി അധ്യക്ഷത വഹിക്കും. മുന്‍ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖര്‍ ഉപസംഹാരം നടത്തും. ധനകാര്യ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി സച്ചിന്‍ യാദവ് നന്ദി പറയും.

 

Content highlight: Finance Department’s Vision 2031 Seminar on October 13