മണ്ഡലമാസത്തിന് മുന്നോടിയായുള്ള റോഡ് നവീകരണം; 377.8 കോടി അനുവദിച്ച് ധനകാര്യവകുപ്പ്
Kerala
മണ്ഡലമാസത്തിന് മുന്നോടിയായുള്ള റോഡ് നവീകരണം; 377.8 കോടി അനുവദിച്ച് ധനകാര്യവകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd November 2025, 3:39 pm

തിരുവനന്തപുരം: മണ്ഡലമാസം ആരംഭിക്കും മുമ്പ് റോഡ് നവീകരണത്തിനായി 377.8 കോടി അനുവദിച്ച് ധനകാര്യവകുപ്പ്. ശബരിമലയിലേക്കുള്ള റോഡുകളുടെ നവീകരണത്തിനായാണ് ഫണ്ട് അനുവദിച്ചതെന്ന് വാർത്താകുറിപ്പിലൂടെ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.

പത്ത് ജില്ലകളിലെ 82 റോഡുകൾക്കായി 377.8 കോടി രൂപയാണ് അനുവദിച്ചത്. അയ്യപ്പ സംഗമത്തിന് ശേഷം ശബരിമലയിലെ വികസനത്തിനായി സംസ്ഥാന സർക്കാർ ചെലവഴിക്കുന്ന ആദ്യത്തെ ഫണ്ടാണിത്.

തിരുവനന്തപുരത്ത് 14 റോഡുകൾക്കായി 68. 90 കോടി, കൊല്ലത്ത് 15 റോഡുകൾക്ക് 54.20 കോടി, പത്തനംതിട്ടയിലെ ആറ് റോഡുകൾക്കായി 40.20 കോടി, ആലപ്പുഴയില്‍ ഒമ്പത് റോഡുകള്‍ക്ക് 36 കോടി, കോട്ടയത്ത് എട്ട് റോഡുകള്‍ക്ക് 35.20 കോടി, ഇടുക്കിയില്‍ അഞ്ച് റോഡിന് 35.10 കോടി, എറണാകുളത്ത് എട്ട് റോഡിന് 32.42 കോടി, തൃശൂരില്‍ 11 റോഡിന് 44 കോടി, പാലക്കാട്ട് അഞ്ച് റോഡിന് 27.30 കോടി, മലപ്പുറത്ത് ഒരു റോഡിന് 4.50 കോടി എന്നിങ്ങനെയാണ്
തുക അനുവദിച്ചത്.

റോഡുകളുടെ അറ്റകുറ്റപണികൾ നടത്താനും തിരക്കേറിയ റോഡുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുമാണ് ഇപ്പോൾ തുക അനുവദിച്ചിരിക്കുന്നത്.

സീസൺ വളരെ സുഗമമാക്കുവാനും ശബരിമലയിലേക്കുള്ള തീർത്ഥാടകരുടെ യാത്ര മെച്ചപ്പെടുത്താനുമാണ് ഇത് ലക്ഷ്യം വെക്കുന്നത്.

സെപ്റ്റംബറിൽ നടന്ന ആഗോള സംഗമത്തിൽ ശബരിമല, പമ്പ, പരമ്പരാഗത പാത, നിലയ്ക്കൽ എന്നിവയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ശബരിമല മാസ്റ്റർപ്ലാൻ എന്ന പദ്ധതിയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. 2050 വരേയുള്ള വികസന സാധ്യതകൾ മുന്നിൽ കണ്ടാണ് ശബരിമല മാസ്റ്റർപ്ലാനിൽ തയ്യാറാക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight: Finance Department allocates Rs 377.8 crore for road renovation ahead of Mandalam month