ചെന്നൈ: അധികാരത്തിലേറാൻ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും സഖ്യം രൂപീകരിച്ചാൽ ടി.വി.കെ എം.എൽ.എമാർ കൂട്ടത്തോടെ രാജിവെക്കുമെന്നുള്ള അഭ്യൂഹങ്ങൾക്ക് മറുപടിയുമായി നേതൃത്വം.
സർക്കാർ രൂപീകരിക്കാനുള്ള സാധ്യതകളെ കുറിച്ച് പരിശോധിക്കുകയാണെന്ന് മുതിർന്ന ടി.വി.കെ നേതാവ് പറഞ്ഞതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചയ്യുന്നു.
‘നിലവിൽ ഞങ്ങൾ രണ്ട് കാര്യങ്ങളാണ് ആലോചിക്കുന്നത്. വി.സി.കെ, സി.പി.ഐ, സി.പി.ഐ.എം എന്നീ പാർട്ടികളുടെ പിന്തുണ ഞങ്ങൾ തേടിയിട്ടുണ്ട്, ഇവരുടെ ആറ് സീറ്റുകൾ കൂടി ചേർന്നാൽ ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന സംഖ്യയിൽ എത്താൻ ഞങ്ങൾക്ക് സാധിക്കും.
ഇതിന് സമാന്തരമായി, സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കണമെന്നും സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്നും ഗവർണറോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള നിയമസാധ്യതകളും ഞങ്ങൾ പരിശോധിച്ചുവരികയാണ്,’ മുതിർന്ന നേതാവ് പറഞ്ഞു.
ടി.വി.കെയിൽ കൂട്ടരാജി എന്ന വാർത്തകളെ അദ്ദേഹം തള്ളി ‘അതിൽ ഒരടിസ്ഥാനവുമില്ല. ജനങ്ങൾ ഞങ്ങൾക്ക് ഭരിക്കാനുള്ള ജനവിധി നൽകിയ സ്ഥിതിക്ക്, ഞങ്ങൾ എന്തിനാണ് 108 സീറ്റുകളിൽ നിന്നും രാജിവെച്ച് അതേ മണ്ഡലങ്ങളിൽ വീണ്ടും മത്സരിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
107 എം.എൽ.എമാരെ വിജയിപ്പിച്ചെടുക്കാൻ ടി.വി.കെയ്ക്ക് സാധിച്ചെങ്കിലും ഭരണത്തിലേറാനാവശ്യമായ 118 എം.എൽ.എ മാരുടെ പിന്തുണ നേടാനായിട്ടില്ല. കോൺഗ്രസിന്റെ 5 എം.എൽ.എ മാരുടെ പിന്തുണ തേടിയിട്ടുണ്ട്. എങ്കിലും 112 എം.എൽ.എ മാരെയാകൂ. സി.പി.ഐ.എം, സി.പി.ഐ, തുടങ്ങിയ പാർട്ടികളുടെ പിന്തുണ ഇ ഘട്ടത്തിൽ ഏറെ നിർണായകമാണ്.
Content Highlight: Finally, a reply to the rumors; TVK leadership says that MLAs will not leave the party