ജനങ്ങളെ എന്നും വിഡ്ഢികളാക്കാന്‍ സാധിക്കുമെന്ന് ബി.ജെ.പി തെളിയിച്ചു: ആനന്ദ് പട്‌വര്‍ധന്‍
national news
ജനങ്ങളെ എന്നും വിഡ്ഢികളാക്കാന്‍ സാധിക്കുമെന്ന് ബി.ജെ.പി തെളിയിച്ചു: ആനന്ദ് പട്‌വര്‍ധന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th March 2022, 12:34 pm

ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളിലെ തന്റെ അതൃപ്തി വ്യക്തമാക്കി ഡോക്യുമെന്ററി സംവിധായകനും ഫിലിംമേക്കറുമായ ആനന്ദ് പട്‌വര്‍ധന്‍. ജനങ്ങളെ എന്നും വിഡ്ഢികളാക്കാന്‍ സാധിക്കുമെന്ന് ബി.ജെ.പി തെളിയിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

‘ജനങ്ങളെ എക്കാലവും വിഡ്ഢികളാക്കാന്‍ സാധിക്കുമെന്ന് ബി.ജെ.പി തെളിയിച്ചുകൊണ്ടിരിക്കുന്നതായി ഞാന്‍ കരുതുന്നു,’ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ബി.ജെ.പി അധികാരം നിലനിര്‍ത്തുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ ക്ഷീണം സംഭവിച്ചെങ്കിലും, ഗോവയടക്കമുള്ള സംസ്ഥാനങ്ങളില്‍ മികച്ച മുന്നേറ്റമാണ് പാര്‍ട്ടി നടത്തിയത്.

ഉത്തര്‍പ്രദേശിലെ 403 സീറ്റില്‍ മുന്‍വര്‍ഷത്തേക്കാള്‍ 57 സീറ്റ് കുറഞ്ഞ് 255 സീറ്റുകളാണ് ബി.ജെ.പിക്കുള്ളത്. 125 സീറ്റുമായി അഖിലേഷിന്റെ സഖ്യമാണ് ഉത്തര്‍പ്രദേശില്‍ മുഖ്യപ്രതിപക്ഷമാവുക.

തെരഞ്ഞെടുപ്പില്‍ മറ്റേത് പാര്‍ട്ടിയെക്കാളും മികച്ച പ്രകടനം കാഴ്ച വെച്ചത് അഖിലേഷിന്റെ സമാജ്‌വാദി പാര്‍ട്ടി തന്നെയാണ്. 125 സീറ്റില്‍ 111ഉം എസ്.പി ഒറ്റയ്ക്ക് നേടിയപ്പോള്‍ ജയന്ത് ചൗധരിയുടെ ആര്‍.എല്‍.ഡി എട്ട് സീറ്റുകളും നേടി. മുന്‍ വര്‍ഷത്തേക്കാള്‍ 64 സീറ്റുകളാണ് എസ്.പി സ്വന്തം അക്കൗണ്ടിലേക്ക് കൂട്ടിച്ചേര്‍ത്തത്.

ഗോവയിലെ 40 സീറ്റുകളില്‍ 20ഉം ബി.ജെ.പി നേടിയപ്പോള്‍ ഉത്തരാഖണ്ഡിലെ 70ല്‍ 47ഉം, മണിപ്പൂരിലെ 60ല്‍ 32ഉം ബി.ജെ.പിക്കൊപ്പം നിന്നു.

ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിധി തീരുമാനിക്കപ്പെട്ടതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

‘2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ ഫലം 2022ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ ഫലത്തില്‍ നിന്നും കാണാന്‍ സാധിക്കും,’ വോട്ടെണ്ണലിന് ശേഷം പ്രവര്‍ത്തകരെ അഭിനന്ദിച്ച് സംസാരിക്കവെ മോദി പറഞ്ഞു.

2019ല്‍ ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിന് കാരണം 2017ലെ യു.പി തെരഞ്ഞെടുപ്പിലെ വിജയമാണെന്ന് വിദഗ്ധര്‍ പറഞ്ഞിരുന്നു. 2022-ലെ യു.പിയിലെ ഈ വിജയം 2024 പൊതുതെരഞ്ഞെടുപ്പിന്റെ വിധി തീരുമാനിക്കുമെന്ന് ഇതേ വിദഗ്ധര്‍ പറയുമെന്നാണ് വിശ്വാസമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

യു.പിയില്‍ ബി.ജെ.പി പുതിയ ചരിത്രം കുറിച്ചു. പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വിജയം. അതിനാല്‍ വിജയം പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുന്നു. ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കാളികളായി ബി.ജെപിയെ വിജയത്തിലേക്ക് നയിച്ച എല്ലാ ജനങ്ങള്‍ക്കും നന്ദി പറയുന്നു. പ്രവര്‍ത്തകര്‍ നല്‍കിയ വാക്ക് പാലിച്ചു. സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിനമാണ് ഇന്നെന്നും മോദി പറഞ്ഞു.

അതേസമയം, മുഖ്യപ്രതിപക്ഷമായി വിലയിരുത്തപ്പെട്ട കോണ്‍ഗ്രസിന്റെ അടിത്തറയിളകുന്ന കാഴ്ചയായിരുന്നു തെരഞ്ഞെടുപ്പില്‍ കണ്ടത്. തെരഞ്ഞെടുപ്പിന് മുമ്പേ ഭരണമുണ്ടായിരുന്നത് രാജസ്ഥാനും ഛത്തീസ്ഗഢും അടക്കും മൂന്ന് സംസ്ഥാനങ്ങളിലായിരുന്നുവെങ്കില്‍, തെരഞ്ഞെടുപ്പിന് ശേഷം പഞ്ചാബ് നഷ്ടപ്പെട്ട് അത് രണ്ടായി കുറഞ്ഞു. മണിപ്പൂരില്‍ എന്‍.പി.പിക്ക് പിന്നില്‍ മൂന്നാമതായാണ് കോണ്‍ഗ്രസ് ഫിനിഷ് ചെയ്തത്.

പഞ്ചാബില്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് മത്സരിച്ച രണ്ട് മണ്ഡലത്തിലും പി.സി.സി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു മത്സരിച്ച കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലത്തിലും പാര്‍ട്ടി പരാജയമേറ്റുവാങ്ങി. ചംകൗര്‍ സാഹേബ്, ബാദൗര്‍ എന്നീ മണ്ഡലങ്ങളില്‍ ചന്നി പരാജയപ്പെട്ടപ്പോള്‍ അമൃത്സര്‍ ഈസ്റ്റിലായിരുന്നു സിദ്ദുവിന്റെ തോല്‍വി.

 

Content Highlight: Filmmaker Anand Patwardhan says, The BJP has proved that it can fool the people forever