തിരുവനന്തപുരം: അനിശ്ചിതത്വത്തിന് ഒടുവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സിനിമാ താരം സുധീര്‍ കരമനയെത്തുന്നു. അപ്രതീക്ഷിതമായാണ് ഇടത് സഹയാത്രികനായ സുധീര്‍ കരമനയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരിക്കുന്നത്.
ഇടത് സ്വതന്ത്രനായാണ് സുധീര്‍ മത്സരിക്കുക. എല്ലാം പെട്ടെന്നായിരുന്നുവെന്ന് സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് സുധീര്‍ പ്രതികരിച്ചു. മത്സരിക്കാനായി താന്‍ സമ്മതം അറിയിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി.
മണ്ഡലത്തില്‍ നിന്നും 2021ല്‍ തെരഞ്ഞെടുക്കപ്പെട്ട ആന്റണി രാജുവിന് ഇത്തവണ മത്സരിക്കുന്നതിന് കോടതി ഉത്തരവ് വിലങ്ങുതടിയായിരുന്നു. ഇതോടെ തിരുവനന്തപുരം മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ ചൊല്ലി ആശങ്ക തുടര്‍ന്നിരുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് വന്ന ഹൈക്കോടതി ഉത്തരവും ആന്റണി രാജുവിന് തിരിച്ചടിയായിരുന്നു. തൊണ്ടി മുതല്‍ തിരിമറി കേസില്‍ കീഴ്‌ക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കാന്‍ ഹൈക്കോടതി വിസമ്മതിക്കുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള വിലക്ക് തുടരുകയും ചെയ്ത സാഹചര്യത്തിലാണ് ആന്റണി രാജുവിന് മത്സരത്തില്‍ നിന്നും പിന്മാറേണ്ടി വന്നത്.
നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് ചുരുങ്ങിയ സമയം ബാക്കി നില്‍ക്കെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ ആന്റണി രാജുവിന്റെ പാര്‍ട്ടിയായ ജനാധിപത്യ കേരള കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല.
അതേസമയം, തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് അന്തിമ തീരുമാനമായെങ്കിലും മലപ്പുറം, വള്ളിക്കുന്ന്, താനൂര്‍ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Film star Sudhir Karamana is the LDF candidate in Thiruvananthapuram.