ബിലാലിലെ വില്ലന്‍ ജോണ്‍ എബ്രഹാമോ? സത്യാവസ്ഥ വെളിപ്പെടുത്തി അണിയറ പ്രവര്‍ത്തകര്‍
Malayalam Cinema
ബിലാലിലെ വില്ലന്‍ ജോണ്‍ എബ്രഹാമോ? സത്യാവസ്ഥ വെളിപ്പെടുത്തി അണിയറ പ്രവര്‍ത്തകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 6th December 2020, 9:48 am

മലയാളി സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിഗ് ബിയുടെ രണ്ടാം ഭാഗമായ് ‘ബിലാല്‍’. സിനിമയുടെ പ്രഖ്യാപനം നടത്തിയത് മുതല്‍ നിരവധി വ്യാജവാര്‍ത്തകളാണ് നിരന്തരം പുറത്തുവരുന്നത്. ബിഗ് ബിയുടെ രണ്ടാം ഭാഗത്തില്‍ ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം വില്ലനായെത്തുന്നുവെന്നായിരുന്നു ഏറ്റവും ഒടുവില്‍ പ്രചരിച്ച വാര്‍ത്ത. വിവിധ സാമൂഹ്യമാധ്യമങ്ങളില്‍ ഇത് വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഈ പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തി.

ബിലാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകനാണെന്ന് അവകാശപ്പെട്ടെത്തിയ ഒരാളാണ് കഴിഞ്ഞ ദിവസം ജോണ്‍ എബ്രഹാം ചിത്രത്തില്‍ വില്ലനായി എത്തുന്നുവെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം വഴിയായിരുന്നു ഇയാള്‍ ഇക്കാര്യം പറഞ്ഞത്.

ബിലാലിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്. ബിലാലിന്റെ കഥ കേട്ടപ്പോള്‍ തനിക്ക് രോമാഞ്ചം ഉണ്ടായെന്ന് പറയുന്ന ഇയാള്‍ ചിത്രത്തിലെ വില്ലന്‍ ജോണ്‍ എബ്രഹാം ആണെന്ന് പറയുന്നു. ഈ പോസ്റ്റ് വ്യാപകമായി പ്രചരിച്ചു.

ബോളിവുഡ് താരം ജോണ്‍ എബ്രഹാമിനെ സ്വാഗതം ചെയ്ത് മലയാളി പ്രേക്ഷകരും മമ്മൂട്ടി ആരാധകരും രംഗത്തെത്തി. അതേസമയം വിഷയത്തില്‍ സംശയം ഉന്നയിച്ചെത്തിയ ചിലര്‍ ഇത് ജോണ്‍ എബ്രഹാം എന്ന നടനെകുറിച്ചല്ല കഥാപാത്രത്തിന്റെ പേരാണെന്നും വാദമുയര്‍ത്തി.

പിന്നാലെയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ വിഷയത്തില്‍ സ്ഥിരീകരണം നടത്തിയത്. ജോണ്‍ എബ്രഹാം സിനിമയില്‍ അഭിനയിക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും കുറിപ്പ് വസ്തുതാവിരുദ്ധമാണെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

നീണ്ട 275 ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം മമ്മൂട്ടി വീടിന് പുറത്തിറങ്ങിയതോടെ ബിലാലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചിരുന്നു.
‘മമ്മൂക്ക പുറത്ത് എത്തിയല്ലോ ഇനി എന്നാണ് ബിലാല്‍ തുടങ്ങുന്നത്’ എന്നായിരുന്നു ഉയര്‍ന്ന ചോദ്യം. നേരത്തെ മമ്മൂട്ടി പുറത്തിറങ്ങിയാല്‍ ബിലാലിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ചിത്രത്തിന്റെ സംഗീത സംവിധാനം ആരംഭിച്ച കാര്യം ഗോപി സുന്ദര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അമല്‍ നീരദ് തന്നെ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ കഥ ഉണ്ണി ആറിന്റേതാണ്. വരത്തന്‍, വൈറസ് എന്നീ ചിത്രങ്ങള്‍ക്ക് തിരിക്കഥയൊരുക്കിയ ഷറഫുവും സുഹാസും ചേര്‍ന്നാണ് ബിലാലിന്റെ തിരക്കഥ തയ്യാറാക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mammootty movie Bilal, Is Bollywood actor John Abraham to act in the movie, film makers confirm