ക്വിസ ഹ്രസ്വചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം; അവാര്‍ഡ് വിതരണം ഫെബ്രുവരി 9 ന്
Daily News
ക്വിസ ഹ്രസ്വചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം; അവാര്‍ഡ് വിതരണം ഫെബ്രുവരി 9 ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th February 2016, 6:55 am

Technopark_Trivandrum_Ariel_View_June_2014 തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിദ്ധ്വനി നടത്തുന്ന ക്വിസ–2015 ഹ്രസ്വചലച്ചിത്രോത്സവം ഇന്ന് തുടങ്ങും ടെക്‌നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ രാവിലെ 9 മുതല്‍ ആരംഭിക്കുന്നതാണ്. UST Global, Infsoys, IBS, Envestnet, Tataelxsi, TCS, D+H, Alamy, RM Education, Navigant, Neologix, Applexus തുടങ്ങി പാര്‍ക്കിലെ പ്രമുഖ കമ്പനികളില്‍ നിന്നുമായി ഇരുപതില്‍ പരം ഹ്രസ്വചിത്രങ്ങള്‍ ഇക്കുറി മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നതായിരിക്കും.

ചലച്ചിത്ര നിരൂപകന്‍ എം.എഫ് തോമസ് അദ്ധ്യക്ഷനാകുന്ന ജൂറിയില്‍ സുദേവന്‍, കെ.എ ബീന തുടങ്ങിയവരും അംഗങ്ങളാണ്. അവാര്‍ഡ് വിതരണം ഫെബ്രുവരി 9ന് വൈകുന്നേരം ചലച്ചിത്ര സംവിധായകന്‍ ശ്യാമപ്രസാദ് മുഖ്യാതിഥിയായി എത്തുന്ന ചടങ്ങില്‍ വച്ച് നിര്‍വഹിക്കപ്പെടും. പുരസ്‌കാര വിതരണത്തിനു ശേഷം അതിനര്‍ഹമായ ചിത്രങ്ങളുടെ പ്രദര്‍ശനവും തുടര്‍ന്ന് സുവര്‍ണ്ണ ചകോരമടക്കം നിരവധി ദേശീയ/സംസ്ഥാനപുരസ്‌കാരങ്ങള്‍ നേടിയ ജയരാജ് സംവിധാനം നിര്‍വഹിച്ച “ഒറ്റാല്‍” എന്ന സിനിമയുടെ പ്രദര്‍ശനവും ഉണ്ടായിരിക്കുന്നതാണ്.

2012ല്‍ ആരംഭിച്ച ക്വിസ ചലച്ചിത്രമേള കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി ടെക്‌നോപാര്‍ക്കിലെ കലാകാരന്മാര്‍ ഒരുക്കിയ 75ഓളം ഹ്രസ്വചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുകഴിഞ്ഞു. മേളയിലേക്ക് എല്ലാ ടെക്‌നോപാര്‍ക്ക് ജീവനകാര്‍ക്കും പ്രവേശനം സൌജന്യമായിരിക്കും