റസൂല്‍ പൂക്കുട്ടിയുടെ ചോദ്യം സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന അപരവിദ്വേഷത്തിന്റെ നിലപാട്; വിമര്‍ശനവുമായി സാംസ്‌കാരിക പ്രവര്‍ത്തകര്‍
Kerala
റസൂല്‍ പൂക്കുട്ടിയുടെ ചോദ്യം സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന അപരവിദ്വേഷത്തിന്റെ നിലപാട്; വിമര്‍ശനവുമായി സാംസ്‌കാരിക പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th December 2025, 4:19 pm

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടിക്കെതിരെ വിമര്‍ശനവുമായി സിനിമാ പ്രവര്‍ത്തകര്‍. ചലച്ചിത്ര പ്രതിഭകള്‍ക്ക് വിസ നിഷേധിക്കുന്നതും ലോക ക്ലാസിക്കുകളടക്കമുള്ള സിനിമകള്‍ നിരോധിക്കുന്നതും രാജ്യതാത്പര്യം മുന്‍നിര്‍ത്തിയാണെന്ന റസൂല്‍ പൂക്കുട്ടിയുടെ വാദം സംഘപരിവാര്‍ സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നതാണെന്നാണ് വിമര്‍ശനം.

‘ഇന്ത്യാ ഗവണ്‍മെന്റിന്റെ വിദേശനയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൊണ്ട് സിനിമകള്‍ക്ക് അനുമതി തരുന്നില്ലെന്ന് പറയുമ്പോള്‍ എന്ത് അടിസ്ഥാനത്തിലാണ് എതിര്‍ക്കേണ്ടത്. ആ എതിര്‍ക്കുന്ന നിങ്ങള്‍ ഇന്ത്യക്കാരനാണോ,’ എന്നാണ് റസൂല്‍ പൂക്കുട്ടി പറഞ്ഞത്.

ഇതിനെതിരെ സിനിമാ പ്രവര്‍ത്തകനായ വി.കെ. ജോസഫ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ വിമര്‍ശനം ഉന്നയിച്ചു. ജി.പി. രാമചന്ദ്രന്‍, അശോകന്‍ ചെരുവില്‍, പി.എസ്. ശ്രീകല, വേണു എടക്കഴിയൂര്‍, രേണു രാമനാഥ്, നവീന വിജയന്‍ എന്നിവരും വിമര്‍ശനത്തെ പിന്തുണച്ച് രംഗത്തുണ്ട്.

റസൂല്‍ പൂക്കുട്ടിയോട് സ്‌നേഹപൂര്‍വം വിയോജിക്കുകയാണെന്നും സെന്‍സര്‍ എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ നീക്കങ്ങളെ തങ്ങള്‍ ജാഗ്രതയോടെ പ്രതിരോധിക്കുമെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

‘സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുന്നവര്‍ ഇന്ത്യക്കാരാണോ’ എന്ന റസൂല്‍ പൂക്കുട്ടിയുടെ ചോദ്യം മറ്റൊരു തരത്തില്‍ സംഘപരിവാര്‍ ശക്തികള്‍ പല പ്രശ്‌നങ്ങളിലും നിരന്തരം പ്രചരിപ്പിക്കുന്ന അപരവിദ്വേഷത്തിന്റെ നിലപാടുകളാണെന്നും കുറിപ്പ് വിമര്‍ശിക്കുന്നു.

ഈ നിലപാട് റസൂലിനെ ചെയര്‍മാനാക്കിയ കേരള സര്‍ക്കാരിന്റെയും കേരളത്തിന്റെയും നിലപാടുകള്‍ക്ക് എതിരാണെന്ന് കൂടി മനസിലാക്കണമെന്നും സിനിമാ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

വിസ നിഷേധിക്കപ്പെട്ട വിദേശ ചലച്ചിത്ര പ്രവര്‍ത്തകരും നിരോധിക്കപ്പെട്ട സിനിമകളും ഏത് തരത്തിലാണ് ഇന്ത്യയുടെ താത്പര്യങ്ങളെ ഹനിക്കുന്നതെന്ന് വിശദീകരിക്കാന്‍ റസൂല്‍ പൂക്കുട്ടിക്ക് ബാധ്യതയുണ്ടെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

കേരളത്തിലെ സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ വളരെ ജാഗ്രതയോടെയും സൂക്ഷ്മതയോടെയും വ്യക്തതയോടെയും കേരളത്തിന്റെ ഐ.എഫ്.എഫ്.കെയെ തകര്‍ക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും ചെറുക്കുമെന്ന് റസൂല്‍ പൂക്കുട്ടി മനസിലാക്കുന്നത് നല്ലതാണെന്നും സിനിമാ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി.

അക്കാദമിയുടെ ചെയര്‍മാനാകുമ്പോള്‍ കുറേക്കൂടി ജാഗ്രതയും തിരിച്ചറിവും നേടേണ്ടതുണ്ടെന്നും നിര്‍ദേശമുണ്ട്.

നേരത്തെ എഴുത്തുകാരന്‍ അശോകന്‍ ചെരുവിലും റസൂല്‍ പൂക്കുട്ടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ശബ്ദങ്ങള്‍ സൂക്ഷ്മമായി പിടിച്ചെടുക്കുന്ന റസൂല്‍ പൂക്കുട്ടി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരച്ചില്‍ കേള്‍ക്കുന്നില്ലെന്നായിരുന്നു അശോകന്‍ ചെരുവിലിന്റെ പ്രതികരണം.

നിലവില്‍ ഐ.എഫ്.എഫ്.കെ വേദിയിലെ റസൂല്‍ പൂക്കുട്ടിയുടെ അസാന്നിധ്യത്തിലും പ്രതികരണങ്ങളിലും രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

Content Highlight: Film-cultural activists criticize Resul Pookutty