കോര്‍പ്പറേറ്റ് നികുതി നിരക്ക് കുറക്കാനുള്ള കേന്ദ്ര തീരുമാനം; കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായത് കോടികളുടെ വരുമാന നഷ്ടം
national news
കോര്‍പ്പറേറ്റ് നികുതി നിരക്ക് കുറക്കാനുള്ള കേന്ദ്ര തീരുമാനം; കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായത് കോടികളുടെ വരുമാന നഷ്ടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th February 2023, 12:03 am

ന്യൂദല്‍ഹി: കോര്‍പ്പറേറ്റുകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന നികുതി ഇളവുകളുടെ കണക്കുകള്‍ പുറത്ത്. പാര്‍ലമെന്റില്‍ ഒരു ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രേഖാമൂലം നല്‍കിയ മറുപടിയില്‍ 2019-20ല്‍ 1,28,170 കോടിയും 2020-21ല്‍ 1,00,241 കോടി രൂപ നികുതിയും ഇപ്രകാരം നഷ്ടപെടുത്തിയതായി കണക്കുകള്‍ പറയുന്നു.

കോര്‍പ്പറേറ്റ് നികുതി നിരക്ക് കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഫലമായി കോടികളുടെ വരുമാനം സര്‍ക്കാരിന് നഷ്ടമായി എന്ന് സര്‍ക്കാര്‍ ഇതിലൂടെ സമ്മതിക്കുന്നുവെന്ന് സി.പി.ഐ.എം എം.പി. എ.എ. റഹീം പറഞ്ഞു.

കോര്‍പ്പറേറ്റുകളുടെ സര്‍ക്കാരായി മോദി സര്‍ക്കാര്‍ മാറിയെന്നും ജനങ്ങള്‍ക്ക് ഭാരമേല്‍
പ്പിച്ച് കോര്‍പ്പറേറ്റുകള്‍ക്ക് കോടികളുടെ നികുതി ഇളവ് നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും റഹീം പറഞ്ഞു.

‘തങ്ങളുടെ കോര്‍പ്പറേറ്റ് യജമാനന്മാര്‍ക്ക് സമ്മാനം നല്‍കുന്നതിനായി സര്‍ക്കാര്‍ ഉപേക്ഷിച്ച വലിയ തുകയാണിത്. അരി, ഗോതമ്പ്, പാല്‍ തുടങ്ങിയ അവശ്യവസ്തുക്കള്‍ക്ക് സര്‍ക്കാര്‍ അധിക ജി.എസ്.ടി ചുമത്തുന്ന സമയത്താണ് ഇത് സംഭവിക്കുന്നത് എന്നത് അരോചകമാണ്. മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ സമീപനത്തിന്റെ വ്യാപ്തിയാണ് ഇത് കാണിക്കുന്നത്.

ബി.ജെ.പി തങ്ങളുടെ യജമാനനായ അദാനിയെ സംരക്ഷിക്കാന്‍ എല്ലാ വിഭവങ്ങളും എങ്ങനെ സമാഹരിക്കുന്നുവെന്നത് ഇപ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്നതിനാല്‍ ഇതില്‍ അതിശയിക്കാനില്ല.

അദാനി നടത്തിയതായി പുറത്തുവന്ന വന്‍ കുംഭകോണവും അത് രാജ്യത്ത് സാമ്പത്തികമായും ധാര്‍മികമായും ഉണ്ടാക്കിയ ആഘാതത്തെക്കുറിച്ചും പാര്‍ലമെന്റില്‍ ഒരു ചര്‍ച്ച പോലും അവര്‍ അനുവദിക്കുന്നില്ല.
മോദി സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് അനുകൂല ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്തുടനീളം ജനങ്ങള്‍ ഒന്നിക്കണം,’ എ.എ. റഹീം പറഞ്ഞു.