ടെഹ്‌റാന്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ യു.എസുമായി ചര്‍ച്ചകള്‍ക്കില്ലെന്ന് ആവര്‍ത്തിച്ച് ഇറാന്‍. ഇറാന്‍ ഭരണകൂടം പ്രതിരോധത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇറാന്‍ വിദേശകാര്യമന്ത്രാലയ വക്താവ് ഇസ്മയില്‍ ബഗായ് പറഞ്ഞു.
തിന്മയ്‌ക്കെതിരെ നിലകൊള്ളുന്ന ഏകശക്തി നിലവില്‍ ഇറാന്‍ മാത്രമാണെന്നും യു.എസ് ഒരു പിശാചാണെന്നും ബഗായ് കുറ്റപ്പെടുത്തി.
അയല്‍ രാജ്യങ്ങളിലെ എണ്ണ റിഫൈനറികള്‍ ഉള്‍പ്പടെയുള്ള ഊര്‍ജ സ്രോതസുകളെ ആക്രമിക്കുന്നതും സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുന്നതും പ്രതിരോധ നടപടിയുടെ ഭാഗമായ തിരിച്ചടിയാണെന്ന് ഇറാന്‍ പറഞ്ഞു.
‘ഇറാന്റെ പ്രതിബദ്ധത മാനുഷിക തത്വങ്ങളോടാണ്. സയണിസ്റ്റ് ഭരണകൂടം ദ്രോഹിക്കുന്നതില്‍ നിന്നും ഒരിക്കലും വിട്ടുനില്‍ക്കില്ലെന്നത് അറബ് സുഹൃത്തുക്കള്‍ ചിന്തിക്കണം. സംഘര്‍ഷത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നതിലും മറ്റ് രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിലും സയണിസ്റ്റുകള്‍ക്ക് യാതൊരു മടിയുമില്ല’, ബഗായ് പറഞ്ഞു.
അതേസമയം, ഇറാനിലേക്കുള്ള യു.എസ്, ഇസ്രഈല്‍ ആക്രമണങ്ങളും ഇറാന്റെ തിരിച്ചടികളും തുടരുകയാണ്. ആക്രമണത്തില്‍ ഇറാനില്‍ ഇതുവരെ 757 പേര്‍ കൊല്ലപ്പെട്ടെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
പശ്ചിമേഷ്യയില്‍ നാലാഴ്ച വരെ ആക്രമണം തുടരുമെന്ന് കഴിഞ്ഞദിവസം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
ഇതിനിടെ ഇസ്രഈല്‍ ലെബനനെതിരെ വ്യോമാക്രമണം ശക്തമാക്കുകയും കരസേന ആക്രമണങ്ങള്‍ ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞദിവസം ഒരു സൈനിക കേന്ദ്രത്തിലേക്ക് ഹിസ്ബുല്ല നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഇസ്രഈലിന്റെ നീക്കം.
സൗദിയിലെ യു.എസ് എംബസിക്ക് നേരെയും ഡ്രോണ്‍ ആക്രമണമുണ്ടായി. രണ്ട് ഡ്രോണുകളുടെ ആക്രമണത്തില്‍ തീപിടുത്തമുണ്ടായതായും നാശനഷ്ടങ്ങള്‍ സംഭവിച്ചെന്നും സൗദി അധികൃതര്‍ അറിയിച്ചു. ആക്രമണത്തെ സൗദി അപലപിച്ചു.
Content Highlight: Fight against US demonism; Iran says no to talks