2026-ലെ വേള്‍ഡ് കപ്പിന് ആര് ആതിഥേയത്വം വഹിക്കണമെന്ന വോട്ടെടുപ്പ് നടന്ന സാഹചര്യത്തില്‍ മൊറോക്കോയ്ക്ക് വലിയ രീതിയിലുള്ള പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍ അമേരിക്ക സാമ്പത്തികമായി സഹായിക്കുന്ന രാജ്യങ്ങള്‍ മൊറോക്കോയ്ക്ക് വോട്ട് ചെയ്താല്‍ അതിന്റെ തിരിച്ചടി വളരെയധികം ദൗര്‍ഭാഗ്യകരമായിരിക്കുമെന്ന് ട്രംപ് പരസ്യമായി മുന്നറിയിപ്പ് നല്‍കി. കായികരംഗത്തെ ജനാധിപത്യപരമായ ഒരു പ്രക്രിയയെ സാമ്പത്തിക-സൈനിക സ്വാധീനം ഉപയോഗിച്ച് അമേരിക്ക എങ്ങനെയാണ് അട്ടിമറിച്ചത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഇത്.
ഇരുപത്തിമൂന്നാമത് ഫിഫ ലോകകപ്പിന് വടക്കേ അമേരിക്കന്‍ മണ്ണില്‍ പ്രൗഢമായ തുടക്കമാണ് ലഭിച്ചിരിക്കുന്നത്. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ഈ ടൂര്‍ണമെന്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലോകകപ്പാണ്.
32 ടീമുകളില്‍ നിന്നും 48 ടീമുകളായി മത്സരാര്‍ത്ഥികളുടെ എണ്ണം ഉയര്‍ന്നപ്പോള്‍, 80 മത്സരങ്ങളില്‍ നിന്നും 104 മത്സരങ്ങളായി വിശ്വവേദിയുടെ പോരാട്ടങ്ങളും വര്‍ദ്ധിച്ചു. എന്നാല്‍, ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഈ കായികമാമാങ്കത്തിന് പന്തുരുളുമ്പോള്‍ കളിക്കളത്തിലെ ആവേശത്തിനപ്പുറം വലിയൊരു രാഷ്ട്രീയ-ഭൗമശാസ്ത്ര പോരാട്ടത്തിന് കൂടിയാണ് വടക്കേ അമേരിക്കന്‍ മണ്ണ് വേദിയാകുന്നത്.
‘ഫുട്‌ബോള്‍ ലോകത്തെ ഒന്നിപ്പിക്കുന്നു’ എന്നും കായികരംഗത്തിന് അതിരുകളില്ലെന്നും ഫിഫ പ്രഖ്യാപിക്കുമ്പോഴും, അമേരിക്കയുടെ കടുത്ത അതിര്‍ത്തി-വിസ നയങ്ങളും, സുരക്ഷാ ആശങ്കകളും, ആഗോള രാഷ്ട്രീയത്തിലെ ചേരിതിരിവുകളും ഈ കായികമേളയെ വലിയൊരു ചര്‍ച്ചാവിഷയമാക്കി മാറ്റിയിരിക്കുകയാണ്.
2018-ല്‍ ഈ ലോകകപ്പിന്റെ വേദി നിശ്ചയിക്കുന്നതിനുള്ള പ്രഖ്യാപനം നടന്നത് മുതല്‍ വലിയ രീതിയിലുള്ള രാഷ്ട്രീയ വിവാദങ്ങളും നയതന്ത്ര പ്രതിസന്ധികളും ഇതിന്മേല്‍ നിഴല്‍ വീഴ്ത്തുന്നുണ്ട്. അന്ന് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളും പരാമര്‍ശങ്ങളും വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്.
2026-ലെ വേള്‍ഡ് കപ്പിന് ആര് ആതിഥേയത്വം വഹിക്കണമെന്ന വോട്ടെടുപ്പ് നടന്ന സാഹചര്യത്തില്‍ മൊറോക്കോയ്ക്ക് വലിയ രീതിയിലുള്ള പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍ അമേരിക്ക സാമ്പത്തികമായി സഹായിക്കുന്ന രാജ്യങ്ങള്‍ മൊറോക്കോയ്ക്ക് വോട്ട് ചെയ്താല്‍ അതിന്റെ തിരിച്ചടി വളരെയധികം ദൗര്‍ഭാഗ്യകരമായിരിക്കുമെന്ന് ട്രംപ് പരസ്യമായി മുന്നറിയിപ്പ് നല്‍കി. കായികരംഗത്തെ ജനാധിപത്യപരമായ ഒരു പ്രക്രിയയെ സാമ്പത്തിക-സൈനിക സ്വാധീനം ഉപയോഗിച്ച് അമേരിക്ക എങ്ങനെയാണ് അട്ടിമറിച്ചത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഇത്.
ഈ ലോകകപ്പില്‍ കടുത്ത രീതിയിലുള്ള നിയന്ത്രണങ്ങളാണ് അമേരിക്കന്‍ ഭരണകൂടം മുന്നോട്ടുവെക്കുന്നത്. രാജ്യത്തിന്റെ കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങള്‍ കളിക്കാരെയും റഫറിമാരെയും ആരാധകരെയും ഒരുപോലെ വലയ്ക്കുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ലഭിക്കുന്ന പരിഗണനയോ ഇളവുകളോ പല ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ലഭിക്കുന്നില്ല എന്നത് നഗ്‌നമായ വിവേചനമാണ്.
ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സൊമാലിയന്‍ പൗരനും ആഫ്രിക്കയിലെ തന്നെ മികച്ച റഫറിമാരില്‍ ഒരാളുമായ ഒമര്‍ അബ്ദുല്‍കാദിര്‍ അര്‍താനോട് അമേരിക്കന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ ചെയ്ത നടപടി.
ഒരു ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിന് രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടത് വ്യവസ്ഥാപിതമായ വിവേചനത്തിന്റെ നേര്‍ക്കാഴ്ചയാണ്. ഇതേ പദവിയുള്ള ഒരു യൂറോപ്യന്‍ റഫറിക്ക് ഒരിക്കലും ഈ ഗതി വരില്ലായിരുന്നു എന്നത് വ്യക്തമാണ്.
ഇതിന് പുറമെ താരങ്ങളോടും കടുത്ത രീതിയിലുള്ള അധിക്ഷേപങ്ങളാണ് വിമാനത്താവളങ്ങളില്‍ നടക്കുന്നത്. ഇറാഖിന്റെ പ്രമുഖ സ്‌ട്രൈക്കര്‍ അയ്മന്‍ ഹുസൈനെ വിമാനത്താവളത്തില്‍ ഏഴുമണിക്കൂറോളം തടഞ്ഞുവെച്ചതും അദ്ദേഹത്തിന്റെ ഫോണ്‍ ഉള്‍പ്പെടെ പരിശോധിച്ചതും അമേരിക്കന്‍ സുരക്ഷാ നയങ്ങളുടെ വംശീയ മുഖം വെളിവാക്കുന്നു.
ഉസ്‌ബെക്കിസ്ഥാന്‍ ടീമിനെ ബോംബ് സ്‌ക്വാഡ് ഉപയോഗിച്ച് പരിശോധിച്ചതും, സെനഗല്‍ ടീമിനോട് വിമാനത്താവളങ്ങളില്‍ വെച്ച് കാണിച്ച മോശം പെരുമാറ്റവും കായികതാരങ്ങള്‍ക്ക് നല്‍കേണ്ട അടിസ്ഥാന ബഹുമാനത്തിന്റെ നഗ്‌നമായ ലംഘനമാണ്. നയതന്ത്ര പ്രശ്‌നങ്ങളുടെ പേരില്‍ വിസയ്ക്ക് വേണ്ടി ദിവസങ്ങളോളം കാത്തുനില്‍ക്കേണ്ടി വന്ന ഇറാന്‍ ടീമിന്, മത്സര ദിവസങ്ങളില്‍ മാത്രം അമേരിക്കയില്‍ പ്രവേശിക്കാം എന്ന വിതണ്ഡ നയം കൂടി പുറപ്പെടുവിച്ചത് കായികരംഗത്തെ രാഷ്ട്രീയവല്‍ക്കരണത്തിന്റെ ഏറ്റവും വലിയ വീഴ്ചയാണ് വരച്ചുകാണിക്കുന്നത്.
ലോകകപ്പ് യോഗ്യത നേടിയ അള്‍ജീരിയ, ഐവറി കോസ്റ്റ്, സെനഗല്‍ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്ന ആരാധകര്‍ക്ക് അമേരിക്കന്‍ വിസ ലഭിക്കുന്നത് ബാലികേറാമലയായി മാറിയിരിക്കുകയാണ്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ ലഭിക്കാന്‍ 15,000 യു.എസ് ഡോളര്‍ (ഏകദേശം 15 ലക്ഷം രൂപ) ബാങ്കില്‍ കാണിക്കണമെന്നോ ഡെപ്പോസിറ്റ് ചെയ്യണമെന്നോ ഉള്ള അമേരിക്കന്‍ സര്‍ക്കാരിന്റെ വിസ ബോണ്ട് നയങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്.
വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരാന്‍ സാധ്യതയുള്ളവരെ തടയാന്‍ എന്ന പേരിലാണ് ഇത്തരം കര്‍ശനമായ സാമ്പത്തിക രേഖകള്‍ ആവശ്യപ്പെടുന്നത്. ഫിഫയുടെ ഔദ്യോഗിക നിയമമല്ലെങ്കില്‍ പോലും, അമേരിക്കയുടെ ഈ വിസ നയം ഫലത്തില്‍ ആഫ്രിക്കയിലെയും മറ്റ് മൂന്നാം ലോക രാജ്യങ്ങളിലെയും സാധാരണക്കാരായ കാല്‍പ്പന്ത് ആരാധകര്‍ക്ക് ലോകകപ്പ് കാണാനുള്ള വാതിലുകള്‍ കൊട്ടിയടയ്ക്കുകയാണ് ചെയ്യുന്നത്.
യാത്രാവിലക്കുകള്‍ക്ക് പുറമെ, സാമ്പത്തികമായും ഈ ലോകകപ്പ് സാധാരണക്കാരില്‍ നിന്ന് ഏറെ അകലെയാണ്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് ഈ ടൂര്‍ണമെന്റിലേത്. അതോടൊപ്പം, ആരാധകര്‍ക്ക് താമസിക്കാന്‍ ഒരുക്കിയിട്ടുള്ള സൗകര്യങ്ങളെല്ലാം പ്രീമിയം കാറ്റഗറിയിലുള്ള വമ്പന്‍ ഹോട്ടലുകളിലാണ്. ചിലവ് കുറഞ്ഞ ഹോസ്റ്റലുകളോ താത്കാലിക ഫാന്‍ വില്ലേജുകളോ ഇവിടെ വളരെ പരിമിതമാണ്. തെരുവുകളില്‍ പന്തുതട്ടി വളരുന്ന ലാറ്റിനമേരിക്കന്‍, ആഫ്രിക്കന്‍ ജനതയുടെ ചോരയിലലിഞ്ഞ വികാരമാണ് ഫുട്‌ബോള്‍.
എന്നാല്‍ ലക്ഷങ്ങള്‍ മുടക്കാന്‍ കഴിയുന്ന വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും അതിസമ്പന്നര്‍ക്കും മാത്രം ആസ്വദിക്കാന്‍ കഴിയുന്ന ഒരു എലൈറ്റ് വിനോദമാക്കി ഫിഫ ഇതിനെ മാറ്റിത്തീര്‍ത്തിരിക്കുന്നു. സ്റ്റേഡിയങ്ങള്‍ പൂര്‍ണ്ണമായും ക്യാഷ്ലെസ്സ് ആക്കിയതുവഴി, ഇലക്ട്രോണിക് പണമിടപാടുകള്‍ സാധ്യമല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വീണ്ടും പ്രതിസന്ധിയിലാകുകയാണ്.
2026 ലോകകപ്പ് കേവലമൊരു കായികമേള എന്നതിനപ്പുറം, ആഗോളതലത്തില്‍ നിലനില്‍ക്കുന്ന അധികാര-സാമ്പത്തിക അസമത്വങ്ങളുടെ നേര്‍ക്കാഴ്ചയാണ്. അമേരിക്കയുടെ അതിര്‍ത്തി നയങ്ങളും പാശ്ചാത്യ ലോകത്തിന്റെ കാപട്യവും ഫുട്‌ബോളിന്റെ ആത്മാവിനെത്തന്നെ ചോദ്യം ചെയ്യുകയാണ്.
പണവും അധികാരവും ഉള്ളവര്‍ക്ക് മാത്രം വാതില്‍ തുറന്നിടുകയും, മനുഷ്യരെ അവരുടെ വംശത്തിന്റെയും ദേശത്തിന്റെയും നിറത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍തിരിക്കുകയും ചെയ്യുന്ന ഈ വ്യവസ്ഥിതി, ‘ഫുട്‌ബോള്‍ ലോകത്തെ ഒന്നിപ്പിക്കുന്നു’ എന്ന ഫിഫയുടെ മുദ്രാവാക്യത്തെ അര്‍ത്ഥശൂന്യമാക്കുന്നു.
കായികലോകത്ത് മാനവികതയുടെ പര്യായമായി മാറിയ ഫിഫ അമേരിക്കന്‍ ഭരണകൂടത്തിന്റെ നയങ്ങള്‍ മാത്രം എതിര്‍ക്കാത്തത് അഭിലഷണീയമായ സാഹചര്യമല്ല തുറന്നിടുക .ഇത് കേവലം രാജ്യങ്ങള്‍ തമ്മിലുള്ള കായിക പോരാട്ടമല്ല, മറിച്ച് മാനവികതയും അധികാര രാഷ്ട്രീയവും തമ്മിലുള്ള വലിയൊരു ഏറ്റുമുട്ടല്‍ കൂടിയായാണ് വിലയിരുത്തപ്പെടുക.
Content Highlight: FIFA World Cup and the Offside Traps of American Imperialism