2026 ഫിഫ ലോകകപ്പില്‍ ആദ്യ നോക്കൗട്ട് മത്സരത്തില്‍ വിജയിച്ച് കാനഡ പ്രീ ക്വാര്‍ട്ടറിലെത്തിയിരുന്നു. റൗണ്ട് ഓഫ് 32ല്‍ സൗത്ത് ആഫ്രിക്കയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ലോകകപ്പിന്റെ സഹആതിഥേയ രാജ്യം കൂടിയായ കാനഡയുടെ മുന്നേറ്റം. ഇത് ചരിത്രത്തിലാദ്യമായാണ് കാനഡ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറിന് യോഗ്യത നേടുന്നത്.
മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതിയുടെ അവസാന നിമിഷം വരെ ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താന്‍ സാധിക്കാതിരുന്നതോടെ എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരിക്കെയാണ് ഗോള്‍ പിറന്നത്.
സ്റ്റീഫന്‍ എസ്താക്വിയോയാണ് കാനഡയ്ക്ക് വേണ്ടി സൗത്ത് ആഫ്രിക്കയുടെ വല കുലുക്കിയത്. 90+2ാം മിനിട്ടിലായിരുന്നു മിഡ്ഫീല്‍ഡറുടെ ഗോള്‍ നേട്ടം. ഇതോടെ ഒരു സൂപ്പര്‍ നേട്ടവും താരം സ്വന്തമാക്കി.
ലോകകപ്പ് നോക്കൗട്ടില്‍ 90+ മിനിട്ടില്‍ ഗോള്‍ നേടുന്ന അഞ്ചാമത്തെ താരം എന്ന നേട്ടമാണ് എസ്താക്വിയോ കുറിച്ചത്. എഡ്ഗര്‍ ഡേവിഡ്‌സ്, ഫ്രാന്‍സെസ്‌കോ ടോട്ടി, ക്ലാസ് ജാന്‍ ഹണ്ടെലാര്‍, നാസര്‍ ചാഡ്ലി എന്നിവരാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.
ഫിഫ ലോകകപ്പില്‍ നോക്കൗട്ട് സ്റ്റേജ് മത്സരങ്ങളിലെ ഇഞ്ചുറി ടൈമില്‍ ഗോള്‍ നേടിയ ആദ്യ താരം നെതര്‍ലന്‍ഡ്‌സ് താരം എഡ്ഗര്‍ ഡേവിഡ്‌സാണ്. 1998ലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം.
പിന്നീട് ഒരു താരം ഈ നേട്ടം ആവര്‍ത്തിക്കുന്നത് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2006ലായിരുന്നു. ഇറ്റലിയുടെ ഫ്രാന്‍സെസ്‌കോ ടോട്ടിയായിരുന്നു ഈ ലിസ്റ്റില്‍ രണ്ടാമന്‍. അതിനുശേഷം മറ്റൊരു നെതര്‍ലാന്‍ഡ്സ് ഫുട്‌ബോളറായ ക്ലാസ് ജാന്‍ ഹണ്ടെലാറും ഈ എലൈറ്റ് ലിസ്റ്റില്‍ തന്റെ പേര് എഴുതി ചേര്‍ത്തു. 2014 ലോകകപ്പിലായിരുന്നു താരത്തിന്റെ ഇഞ്ചുറി ടൈം ഗോള്‍.
അടുത്ത ലോകകപ്പില്‍ ബെല്‍ജിയം താരം നാസര്‍ ചാഡ്ലിയും ഈ ലിസ്റ്റിന്റെ ഭാഗമായി. ഇപ്പോള്‍ എസ്താക്വിയോയും ഈ അപൂര്‍വ നേട്ടത്തില്‍ തന്റെ പേര് കൂടി എഴുതി ചേര്‍ത്തിരിക്കുകയാണ്.
Content Highlight: FIFA World Cup 2026: Stephen Eustaquio became fifth player to score goals in 90+ minutes in FIFA World Cup knockout stage