ഒറ്റ ഗോളില്‍ മെസി മുന്നില്‍, വിടാതെ പിന്തുടര്‍ന്ന് എംബാപ്പെ; അവസാന ചിരി ആര്‍ക്കായിരിക്കും?
FIFA World Cup 2026
ഒറ്റ ഗോളില്‍ മെസി മുന്നില്‍, വിടാതെ പിന്തുടര്‍ന്ന് എംബാപ്പെ; അവസാന ചിരി ആര്‍ക്കായിരിക്കും?
ഫസീഹ പി.സി.
Monday, 13th July 2026, 12:10 pm

2026 ഫിഫ ലോകകപ്പ് അവസാന ഘട്ടങ്ങളിലേക്ക് കടക്കുകയാണ്. ഇനി ടൂര്‍ണമെന്റില്‍ സെമി ഫൈനല്‍ മത്സരങ്ങളും ഫൈനലും മാത്രമാണ് അവശേഷിക്കുന്നത്. സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ജൂലൈ 15 മുതലാണ് തുടക്കമാവുക.

ആദ്യ സെമിയില്‍ കരുത്തരായ ഫ്രാന്‍സും സ്പെയ്നുമാണ് ഏറ്റുമുട്ടുന്നത്. ഇംഗ്ലണ്ടും അര്‍ജന്റീനയും രണ്ടാം സെമിയിലും നേര്‍ക്കുനേര്‍ വരും. ജൂലൈ 16നാണ് ഈ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

മെസിയും എംബാപ്പെയും- Photo: The New York Times

ലോകകപ്പ് അവസാന ഘട്ടങ്ങളിലേക്ക് കടക്കുമ്പോള്‍ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയും ഫ്രാന്‍സ് നായകന്‍ കിലിയന്‍ എംബാപ്പെയും ഒരു കടുത്ത പോരാട്ടത്തിലാണ്. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം എന്ന റെക്കോഡ് സ്വന്തമാക്കാനാണ് ഇരുവരും ഇഞ്ചോടിഞ്ച് മത്സരത്തിരിക്കുന്നത്.

നിലവില്‍ ഈ നേട്ടത്തില്‍ മുന്നിലുള്ളത് മെസിയാണ്. 31 മത്സരങ്ങളില്‍ നിന്ന് 21 ഗോളുകളുമായാണ് താരം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഒറ്റ ഗോളിന്റെ വ്യത്യാസത്തില്‍ തൊട്ട് പിന്നില്‍ തന്നെ എംബാപ്പെയുമുണ്ട്. ടൂര്‍ണമെന്റില്‍ 20 മത്സരങ്ങള്‍ കളിച്ച താരം അത്ര തന്നെ ഗോളും നേടിയിട്ടുണ്ട്.

2026 ലോകകപ്പ് തുടങ്ങുമ്പോള്‍ ജര്‍മന്‍ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ പേരിലായിരുന്നു ടൂര്‍ണമെന്റിന്റെ ഗോള്‍ വേട്ടക്കാരന്റെ റെക്കോഡ്. 16 തവണയാണ് താരം ടൂര്‍ണമെന്റ് ചരിത്രത്തില്‍ എതിരാളികളുടെ വല കുലുക്കിയത്.

ഈ ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയാണ് മെസിയും എംബാപ്പെയും ക്ലോസെയെ മറികടന്നത്. അതിനാല്‍ തന്നെ 23ാം എഡിഷന്‍ അവസാനിക്കുമ്പോള്‍ ആരാകും ഗോള്‍ വേട്ടക്കാരില്‍ ഒന്നാമതാകുക എന്ന ആകാംഷ ഏവരിലുമുണ്ട്.

ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരങ്ങള്‍

(താരം – ടീം – മത്സരം – ഗോള്‍ എന്നീ ക്രമത്തില്‍)

ലയണല്‍ മെസി – അര്‍ജന്റീന – 31 – 21

കിലിയന്‍ എംബാപ്പെ – ഫ്രാന്‍സ് – 20 – 20

മിറോസ്ലാവ് ക്ലോസെ – ജര്‍മനി – 24 -16

റൊണാള്‍ഡോ നസാരിയോ ബ്രസീല്‍ – 19 – 15

ഗെര്‍ഡ് മുള്ളര്‍ – ജര്‍മനി – 13 – 14

ജസ്റ്റ് ഫോണ്ടൈന്‍ -ഫ്രാന്‍സ് – 6 – 13

അതേസമയം, മെസിയും എംബാപ്പെയും 2026 ലോകകപ്പില്‍ മിന്നും പ്രകടനമാണ് നടത്തുന്നത്. ഇരുവരും ടൂര്‍ണമെന്റില്‍ വല കുലുക്കിയത് എട്ട് തവണയാണ്. എന്നാല്‍, മൂന്ന് ഗോളിന് വഴിയൊരുക്കിയതിനാല്‍ എംബാപ്പെയാണ് ഗോള്‍ഡന്‍ ബൂട്ട് റേസില്‍ ഒന്നാമത്. മെസിക്ക് ഈ ലോകകപ്പില്‍ രണ്ട് അസിസ്റ്റുകളാണുള്ളത്.

Content Highlight: FIFA World Cup 2026: Lionel Messi tops the list of most goals in FIFA World Cup history while Kylian Mbappe trails behind

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.