2026 ഫിഫ ലോകകപ്പില്‍ സ്‌പെയിനും സൗദി അറേബ്യയും ഏറ്റുമുട്ടുകയാണ്. മത്സരത്തില്‍ ഒന്നാം പകുതി അവസാനിക്കുമ്പോള്‍ മുന്‍ ചാമ്പ്യന്മാര്‍ മൂന്ന് ഗോളുകള്‍ക്ക് മുന്നിട്ട് നില്‍ക്കുകയാണ്. യുവതാരം ലാമിന്‍ യമാലും മൈക്കല്‍ ഒയര്‍സാബലുമാണ് ടീമിന്റെ ഗോള്‍ സ്‌കോറര്‍മാര്‍.
മത്സരത്തില്‍ സ്‌പെയിന്റെ ആദ്യ ഗോള്‍ നേടിയത് ലാമിന്‍ യമലാണ്. പത്താം മിനിറ്റിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. മൈക്കല്‍ ഒയര്‍സാബല്‍ ഇടത് വിങ്ങില്‍ നിന്ന് നല്‍കിയ മനോഹരമായ താഴ്ന്ന ക്രോസ് യമാല്‍ ഫാര്‍ പോസ്റ്റിലേക്ക് തട്ടിയിടുകയായിരുന്നു.
ഇതോടെ ഒരു നേട്ടവും യമാല്‍ സ്വന്തമാക്കി. ഫിഫ ലോകകപ്പില്‍ ഒരു മത്സരത്തില്‍ ആദ്യ ഗോള്‍ നേടുന്ന 18 വയസോ അതില്‍ താഴെയോ പ്രായമുള്ള രണ്ടാമത്തെ താരമെന്ന നേട്ടമാണ് സ്പാനിഷ് വിങ്ങര്‍ തന്റെ പേരില്‍ കുറിച്ചത്. 18 വയസും 343 ദിവസവും പ്രായം ഉള്ളപ്പോളാണ് താരത്തിന്റെ ഗോള്‍ നേട്ടം.
ബ്രസീല്‍ ഇതിഹാസം പെലെയാണ് ഒരു ലോകകപ്പ് മത്സരത്തില്‍ സ്‌കോറിങ്ങിന് തുടക്കമിട്ട പ്രായം കുറഞ്ഞ താരം. 17 വയസുള്ളപ്പോഴായിരുന്നു താരത്തിന്റെ ഈ നേട്ടം. 1958 ലോകകപ്പില്‍ വെയില്‍സിനെതിരെയുള്ള മത്സരത്തില്‍ ഗോളടിച്ചായിരുന്നു താരം ഈ നേട്ടം തന്റെ കൈപ്പിടിയിലൊതുക്കിയത്.
അതേസമയം, മത്സരത്തില്‍ യമാലിന്റെ ഗോളിന്റെ ഞെട്ടലില്‍ നിന്ന് സൗദി മുക്തരാവുന്നതിന് മുമ്പ് തന്നെ സ്പെയിൻ രണ്ടാം ഗോളും വലയിലെത്തിച്ചു. 21ാം മിനിട്ടില്‍ മൈക്കല്‍ ഒയര്‍സാബലാണ് ഗോളടിച്ചത്. ഐമെറിക് ലാപോര്‍ട്ടെയുടെ പന്ത് സ്വീകരിച്ചായിരുന്നു ഗോള്‍ നേട്ടം.