ഒറ്റ ഗോളില്‍ മെസിക്കൊപ്പം; ചരിത്ര നേട്ടവുമായി എംബാപ്പെ
FIFA World Cup 2026
ഒറ്റ ഗോളില്‍ മെസിക്കൊപ്പം; ചരിത്ര നേട്ടവുമായി എംബാപ്പെ
ഫസീഹ പി.സി.
Sunday, 5th July 2026, 8:39 am

2026 ഫിഫ ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നിരിക്കുകയാണ്. ഫിലാഡല്‍ഫിയ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പരാഗ്വേയെ പരാജയപ്പെടുത്തിയാണ് ലെസ് ബ്ലൂസിന്റെ കുതിപ്പ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രാന്‍സിന്റെ വിജയം.

മത്സരത്തില്‍ ഫ്രാന്‍സിന്റെ ഏക ഗോള്‍ നേടിയത് കിലിയന്‍ എംബാപ്പെയാണ്. 70ാം മിനിട്ടില്‍ പെനാൽറ്റിയിലൂടെയാണ് താരത്തിന്റെ ഗോൾ നേട്ടം. പരാഗ്വേ താരം ഡീഗോ ഗോമസ് പകരക്കാരനായി എത്തിയ ഫ്രഞ്ച് മിഡ്‌ഫീൽഡർ ഡിസൈർ ഡൗവിനെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി പിഴവേതുമില്ലാതെ താരം വലയിലെത്തിക്കുകയായിരുന്നു.

ഇതോടെ ഒരു സൂപ്പര്‍ നേട്ടവും എംബാപ്പെ സ്വന്തമാക്കി. തുടര്‍ച്ചയായ രണ്ട് ലോകകപ്പ് എഡിഷനില്‍ ഏഴിലധികം ഗോള്‍ നേടുന്ന രണ്ടാമത്തെ താരം എന്ന നേട്ടമാണ് ഫ്രഞ്ച് നായകന്‍ തന്റെ പേരില്‍ കുറിച്ചത്.

പരാഗ്വേക്കെതിരെയുള്ള ഗോളോടെ എംബാപ്പെ ഈ ലോകകപ്പിലെ തന്റെ സമ്പാദ്യം ഏഴായി ഉയര്‍ത്തിയിരുന്നു. നേരത്തെ ഈ ലോകകപ്പില്‍ സെനഗല്‍, ഇറാഖ്, സ്വീഡന്‍ എന്നിവര്‍ക്കെതിരെ ഇരട്ട ഗോളുകളും താരം അടിച്ചിട്ടുണ്ട്. 2022 ലോകകപ്പിലും താരം ഏഴ് തവണ എതിരാളികളുടെ വല കുലുക്കിയിരുന്നു. ഇത്തവണ അത് ആവര്‍ത്തിച്ചതോടെയാണ് ഫ്രഞ്ച് താരം ഈ നേട്ടത്തിലെത്തിയത്.

രണ്ട് ലോകകപ്പ് എഡിഷനുകളില്‍ ഏഴിലധികം ഗോളുകള്‍ ആദ്യം അടിച്ച താരം എന്ന നേട്ടം സ്വന്തമാക്കിയത് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയാണ്. എംബാപ്പയെ പോലും മെസിയും 2022 ലോകകപ്പിലും നിലവിലെ ലോകകപ്പിലുമാണ് ഏഴ് വീതം ഗോളുകള്‍ നേടിയത്.

അതേസമയം, ക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ എതിരാളികള്‍ സഹ ആതിഥേയരായ കാനഡയെ തകര്‍ത്തെത്തുന്ന ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയാണ്. ജൂലൈ പത്തിനാണ് ഈ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അമേരിക്കയിലെ ബോസ്റ്റണ്‍ സ്റ്റേഡിയമാണ് വേദി.

Content Highlight: FIFA World Cup 2026: Kylian Mbappe became player to score 7+ goals in two different World Cups after Lionel Messi

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.