2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഫ്രാന്‍സ്. ന്യൂയോര്‍ക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സെനഗലിനെ തകര്‍ത്താണ് ഫ്രഞ്ച്പട ഈ ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം രുചിച്ചത്.
ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം.
കിലിയന്‍ എംബാപ്പെയുടെ കരുത്തിലാണ് ഫ്രാന്‍സ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. രണ്ട് തവണ സെനഗല്‍ വല കുലുക്കിയാണ് താരം തിളങ്ങിയത്. 66, 90+6 മിനിട്ടിലായിരുന്നു താരത്തിന്റെ ഗോളുകള്‍.
കിലിയൻ എംബാപ്പെ. Photo: IMFURAYACU Jean Luc/x.com
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും എംബാപ്പെ സ്വന്തമാക്കി. ഫ്രാന്‍സിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരന്‍ എന്ന പട്ടമാണ് താരം തന്റെ പേരില്‍ ചാര്‍ത്തിയത്. ഫ്രാന്‍സിനായി 58 ഗോളുകള്‍ നേടിയാണ് താരത്തിന്റെ നേട്ടം.
ഒലിവര്‍ ജിറൂഡിനെ പിന്തള്ളിയാണ് എംബാപ്പെ തലപ്പത്തെത്തിയത്. ജിറൂഡ് 57 ഗോളുകളിലാണ് ഫ്രാന്‍സിന് വേണ്ടി നേടിയത്.
ഫ്രാന്‍സിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാര്‍, ഗോളുകള്‍
കിലിയന്‍ എംബാപ്പെ – 58
ഒലിവര്‍ ജിറൂഡ് – 57
തിയറി ഹെന്റി – 51
അന്റോയിന്‍ ഗ്രീസ്മാന്‍ – 44
മൈക്കല്‍ പ്ലാറ്റിനി – 41
അതേസമയം, മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, രണ്ടാം പകുതി ഫ്രാന്‍സും സെനഗലും ഗിയര്‍ മാറ്റി.
Photo: Everton/x.com
66ാം മിനിട്ടില്‍ മൈക്കല്‍ ഒലീസേ നല്‍കിയ പന്ത് സ്വീകരിച്ച് എംബാപ്പെ പന്ത് സെനഗല്‍ വലയിലെത്തിച്ചു. ഏറെ വൈകാതെ ബ്രാഡ്ലി ബാര്‍ക്കോളയും ഗോള്‍ നേടി. അഡ്രിയന്‍ റാബിയോട്ട് നല്‍കിയ അസിസ്റ്റുമായി 82ാം മിനിട്ടിലായിരുന്നു താരം വല കുലുക്കിയത്.
രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ നാലാം മിനിട്ടില്‍ സെനഗല്‍ ആശ്വാസ ഗോള്‍ കണ്ടെത്തി. ഇബ്രാഹിം എംബായെയാണ് ഗോള്‍ നേടിയത്. രണ്ട് മിനിട്ടുകള്‍ക്കപ്പുറം എംബാപ്പെ തന്റെ രണ്ടാം ഗോള്‍ സ്‌കോര്‍ ചെയ്തു.
Content Highlight: FIFA World Cup 2026: Kylian Mbappe became France all time top scorer with the brace against Sengal