44 വര്‍ഷങ്ങള്‍ക്ക് ശേഷവും തിരുത്തപ്പെടാത്ത റെക്കോഡ്; ലോകകപ്പ് ചരിത്രത്തിലെ വലിയ വിജയങ്ങള്‍ അറിയാം
2026 FIFA World Cup
44 വര്‍ഷങ്ങള്‍ക്ക് ശേഷവും തിരുത്തപ്പെടാത്ത റെക്കോഡ്; ലോകകപ്പ് ചരിത്രത്തിലെ വലിയ വിജയങ്ങള്‍ അറിയാം
ഫസീഹ പി.സി.
Saturday, 6th June 2026, 8:45 am

2026 ഫിഫ ലോകകപ്പിനാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെയാണ് ടൂര്‍ണമെന്റ് നടക്കുക. അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ കിരീടത്തിനായി 48 രാജ്യങ്ങളാണ് മാറ്റുരക്കുന്നത്.

വമ്പന്‍ താരങ്ങളും ടീമുകളും കിരീടമെന്ന ഒറ്റ ലക്ഷ്യത്തില്‍ കളത്തിലിറങ്ങുമ്പോള്‍ ആരാധകരും ആവേശത്തിലാണ്. മികച്ച തയ്യാറെടുപ്പുകളോടെ ടീമുകള്‍ മൈതാനത്തിറങ്ങുമ്പോള്‍ 23ാം എഡിഷനും വിരുന്നായിരിക്കും ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സമ്മാനിക്കുക എന്നത് ഉറപ്പാണ്.

കഴിഞ്ഞ 22 എഡിഷനുകളിലും ഓര്‍ത്തുവെക്കാന്‍ ഒരുപാട് നിമിഷങ്ങളുണ്ടായിട്ടുണ്ട്. അങ്ങനെ ലോകകപ്പ് ചരിത്രത്തില്‍ പ്രത്യേക സ്ഥാനമുള്ള ഒന്നാണ് ലോകകപ്പിലെ ഏറ്റവും വലിയ വിജയം. ഈ നേട്ടം കൈപിടിയിലൊതുക്കിയിരിക്കുന്നത് ഹംഗറിയാണ്.

ഹംഗറി – എൽ സാൽവഡോർ മത്സരത്തിൽ നിന്നും.

എല്‍ സാല്‍വഡോറിനെതിരെ ഒന്നിനെതിരെ പത്ത് ഗോളുകള്‍ അടിച്ചാണ് ഹംഗറി ഈ നേട്ടം സ്വന്തമാക്കിയത്. 1982 ലോകകപ്പിലായിരുന്നു ടീമിന്റെ നേട്ടം. ലോകകപ്പിലെ ഒരു മത്സരത്തില്‍ പത്ത് ഗോളുകള്‍ നേടിയ ഏക ടീമെന്ന നേട്ടവും ഇവര്‍ക്ക് തന്നെയാണ്.

ഈ ലിസ്റ്റില്‍ ഹംഗറി തന്നെയാണ് രണ്ടാം സ്ഥാനത്തുള്ളത്. ഒപ്പം യുഗോസ്ലാവിയയുമുണ്ട്. ഇരുടീമുകളും എതിരില്ലാതെ ഒമ്പത് ഗോളുകള്‍ അടിച്ച് കൂട്ടിയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. 1954 ലോകകപ്പില്‍ ഹംഗറി ദക്ഷിണ കൊറിയയെയാണ് ഞെട്ടിച്ചത്. മറുവശത്ത് 1974 ലോകകപ്പില്‍ യുഗോസ്ലാവിയയുടെ ഗോളടിക്ക് ഇരയായത് സയറാണ്.

ലോകകപ്പിലെ ഏറ്റവും വലിയ വിജയങ്ങള്‍

(ടീം – എതിരാളി – സ്‌കോര്‍ലൈന്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ഹംഗറി – എല്‍ സാല്‍വഡോര്‍ – 10|1 – 1982

ഹംഗറി – ദക്ഷിണ കൊറിയ – 9|0 – 1954

യുഗോസ്ലാവിയ – സയര്‍ – 9|0 – 1974

സ്വീഡന്‍ – ക്യൂബ – 8|0 – 1938

ഉറുഗ്വേ – ബൊളീവിയ – 8|0 – 1950

ജര്‍മനി – സൗദി അറേബ്യ – 8|0 – 2002

പുതിയ ലോകകപ്പിലേക്ക് എത്തുമ്പോള്‍ ടീമുകള്‍ തങ്ങളുടെ ഏറ്റവും മികച്ച താരങ്ങളുമായി ഇറങ്ങുന്നതിനാല്‍ തന്നെ ഇനി ഒരു മത്സരത്തില്‍ പത്ത് ഗോളുകള്‍ പിറക്കുക ഏറെ കുറെ അസാധ്യമാണ്. പക്ഷേ, അവസാനം നിമിഷം വരെ എന്തും സംഭവിക്കാവുന്ന ഫുട്‌ബോളില്‍ ഒന്നും പ്രവചിക്കാനാവില്ല.

Content Highlight: FIFA World Cup 2026: Hungary holds the record of biggest win in FIFA World Cup history

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി