പുതുചരിത്രമെഴുതാന്‍ റോണോ; ഐതിഹാസിക നേട്ടമരികെ
FIFA World Cup 2026
പുതുചരിത്രമെഴുതാന്‍ റോണോ; ഐതിഹാസിക നേട്ടമരികെ
ഫസീഹ പി.സി.
Friday, 26th June 2026, 11:27 am

2026 ഫിഫ ലോകകപ്പില്‍ നിരാശയോടെ തുടങ്ങിയ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ടാം മത്സരത്തില്‍ ഇരട്ട ഗോള്‍ നേടി വരവറിയിച്ചിട്ടുണ്ട്. തന്റെ കഴിവിനെ സംശയിച്ചവര്‍ക്കുള്ള മറുപടിയായിരുന്നു ഉസ്‌ബെക്കിസ്ഥാനെതിരെയുള്ള താരത്തിന്റെ പ്രകടനം.

ഇപ്പോള്‍ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിന് ഒരുങ്ങുകയാണ് റോണോയും സംഘവും. ജൂണ്‍ 28ന് നടക്കുന്ന മത്സരത്തിന് ശക്തരായ കൊളംബിയയാണ് എതിരാളികള്‍. മയാമി സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.

ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ റൊണാള്‍ഡോയ്ക്ക് ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കാനുള്ള അവസരമുണ്ട്. ഫുട്‌ബോളില്‍ 150 അന്താരാഷ്ട്ര ഗോളുകള്‍ എന്ന നേട്ടമാണ് പോര്‍ച്ചുഗല്‍ നായകനെ കാത്തിരിക്കുന്നത്.

നിലവില്‍ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ജേഴ്‌സില്‍ 230 മത്സരങ്ങളില്‍ കളിച്ച് 145 ഗോളുകള്‍ നേടിയിട്ടുണ്ട്. വരും മത്സരങ്ങളില്‍ അഞ്ച് ഗോളുകള്‍ കൂടി തന്റെ അക്കൗണ്ടിലെത്തിച്ചാല്‍ 41കാരന് 150 എന്ന മാന്ത്രിക സംഖ്യയിലെത്താം.

ഒപ്പം 150 അന്താരാഷ്ട്ര ഗോള്‍ നേടുന്ന ആദ്യ താരമാകാനും റൊണാള്‍ഡോയ്ക്ക് സാധിക്കും. ഇതുവരെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ മറ്റാര്‍ക്കും ഈ നേട്ടം സ്വന്തക്കാന്‍ സാധിച്ചിട്ടില്ല.

അതേസമയം, ഈ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഡി.ആര്‍ കോംഗോക്കെതിരെ റൊണാള്‍ഡോയ്ക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, ആ നിരാശയെ പാടെ മായ്ച്ചുകൊണ്ടായിരുന്നു ഉസ്ബെക്കിസ്താനെതിരെ താരം കളിച്ചത്.

ഉസ്‌ബെക്കിസ്ഥാനെതിരെയുള്ള രണ്ട് ഗോളുകളാണ് റോണോ നേടിയത്. ഇതോടെ പോര്‍ച്ചുഗലിന്റെ എക്കാലത്തെയും ലോകകപ്പ് ഗോള്‍ വേട്ടക്കാരനാകാനും താരത്തിന് സാധിച്ചു. ടൂര്‍ണമെന്റില്‍ പത്ത് ഗോളുകള്‍ നേടിയാണ് താരത്തിന്റെ മുന്നേറ്റം.

ഒപ്പം ആറ് വ്യത്യസ്ത ലോകകപ്പ് എഡിഷനില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും റോണോ തന്റെ പേരില്‍ കുറിച്ചു. 2006ല്‍ അരങ്ങേറ്റം കുറിച്ച താരം പിന്നീടുള്ള ഓരോ ലോകകപ്പിലും ഗോള്‍ നേടിയിട്ടുണ്ട്. അരങ്ങേറ്റ വര്‍ഷത്തിലേത് പോലെ 2010, 2014, 2022 എന്നീ എഡിഷനുകളില്‍ ഓരോ ഗോളുകളും 2018ല്‍ നാല് ഗോളുകളാണ് താരം സ്‌കോര്‍ ചെയ്തത്.

 

Content Highlight: FIFA World Cup 2026: Cristiano Ronaldo needs three goals to complete 150 International Goals

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.