2026 ഫിഫ ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ സമനില വഴങ്ങി പോര്‍ച്ചുഗല്‍. മത്സരത്തില്‍ ഡി.ആര്‍ കോംഗോയോട് 1 – 1ന്റെ സമനിലയാണ് ടീമിന് വഴങ്ങിയത്. തുടക്കത്തില്‍ തന്നെ ലീഡ് നേടിയതിന് ശേഷമാണ് പറങ്കിപ്പട ജയം കൈവിട്ടത്.
ആദ്യ മത്സരത്തില്‍ നിറം മങ്ങിയെങ്കിലും കളത്തിലിറങ്ങിയതോടെ തന്നെ ഇരട്ട നേട്ടവും റോണോ തന്റെ പേരില്‍ ചേര്‍ത്തു. ആറാം ലോകകകപ്പില്‍ കളിക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് ഇതില്‍ ഒന്നാമത്.
അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിയാണ് ഈ നേട്ടത്തിലെ ഒന്നാമന്‍. കഴിഞ്ഞ ദിവസം കളത്തിലിറങ്ങിയതോടെയാണ് ഈ നേട്ടം താരം സ്വന്തമാക്കിയത്.
മറ്റൊന്ന് ഒരു ഫിഫ ലോകകപ്പ് ആരംഭിച്ച ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീല്‍ഡ് താരമെന്ന നേട്ടമാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. 41 വയസും 132 ദിവസവും പ്രായമുള്ളപ്പോളാണ് റോണോയുടെ ഈ നേട്ടം.
അതേസമയം, മത്സരത്തില്‍ പോര്‍ച്ചുഗലിന്റെ തുടക്കം വളരെ ആത്മവിശ്വാസത്തോടെയായിരുന്നു. ആദ്യ വിസിലെത്തിയതോടെ മുന്നേറ്റങ്ങളുമായി കുതിച്ചു. അതിന്റെ ഫലമായി ആറാം മിനിട്ടില്‍ തന്നെ ടീം ലീഡ് നേടി.
ജാവോ നെവസാണ് ടീമിനെ മുന്നിലെത്തിച്ചത്. പെഡ്രോ നെറ്റോയുടെ പന്ത് സ്വീകരിച്ചായിരുന്നു താരത്തിനെ ഗോള്‍ നേട്ടം.
പിന്നാലെ ഡി.ആര്‍ കോംഗോ മത്സരത്തില്‍ താളം കണ്ടെത്തി മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു. ചീറ്റപ്പുലികള്‍ ശക്തമായ പ്രതിരോധമുയര്‍ത്തിയതോടെ പോര്‍ച്ചുഗല്‍ ഒന്ന് പതറി. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ ഡി.ആര്‍ കോംഗോ സമനില ഗോള്‍ നേടി.
ഡി.ആര്‍ കോംഗോയ്ക്ക് വേണ്ടി യൊവാന്‍ വിസയാണ് ഈ ചരിത്രഗോള്‍ സ്‌കോര്‍ ചെയ്തത്. ഇത് ആഫ്രിക്കന്‍ കരുത്തരുടെ ലോകകപ്പില്‍ ആദ്യ ഗോളാണ്.
രണ്ടാം പകുതി മികച്ച പകരക്കാരെയിറക്കി പോര്‍ച്ചുഗല്‍ മത്സരം പിടിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മറുവശത്ത് ഡി.ആര്‍ കോംഗോ വളരെ ആത്മവിശ്വാസത്തിലാണ് സെക്കന്റ് ഹാഫില്‍ പന്തുതട്ടിയത്. ഇതില്‍ 68, 73 മിനിട്ടുകളില്‍ റോണോ ഗോളവസരങ്ങള്‍ പാഴാക്കി.
Content Highlight: FIFA World Cup 2026: Cristiano Ronaldo became second player to feature in 6th World Cup and oldest outfield player to ever start a world cup match