റോണോയുടെ ഒറ്റ ഗോളിൽ ചരിത്രം; പറങ്കിപ്പടയുടെ കപ്പിത്താന് മുന്നിൽ മെസിയും വീണു
FIFA World Cup 2026
റോണോയുടെ ഒറ്റ ഗോളിൽ ചരിത്രം; പറങ്കിപ്പടയുടെ കപ്പിത്താന് മുന്നിൽ മെസിയും വീണു
ഫസീഹ പി.സി.
Tuesday, 23rd June 2026, 11:11 pm

2026 ഫിഫ ലോകകപ്പിൽ പോർച്ചുഗലും ഉസ്‌ബെക്കിസ്താനും തമ്മിലുള്ള മത്സരം അരങ്ങേറുകയാണ്. നിലവിൽ പോർച്ചുഗൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് മുന്നിട്ട് നിൽക്കുകയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയും നുനോ മെൻഡസ് എന്നിവരാണ് ഗോൾ സ്കോറർമാർ.

മത്സരത്തിൽ പോർച്ചുഗലിന് ആദ്യ ഗോൾ സമ്മാനിച്ചത് റൊണാൾഡോയാണ്. ആറാം മിനിട്ടിലാണ് താരം പന്ത് വലയിലെത്തിച്ചത്. ജാവോ കാൻസലോ നൽകിയ പന്ത് സ്വീകരിച്ചായിരുന്നു താരത്തിന്റെ നേട്ടം.

ഇതോടെ ഒരു സൂപ്പർ നേട്ടവും റോണോ സ്വന്തമാക്കി. ആറ് ലോകകപ്പുകളിൽ ഗോളടിക്കുന്ന ഏക താരമെന്ന നേട്ടമാണ് പോർച്ചുഗൽ നായകൻ സ്വന്തമാക്കിയത്. താരം ഇതുവരെ കളിച്ച എല്ലാ എഡിഷനിലും എതിരാളികളുടെ വല കുലുക്കിയാണ് ഈ നേട്ടത്തിലെത്തിയത്.

2006ല്‍ തന്റെ അരങ്ങേറ്റ ലോകകപ്പില്‍ ഒരു ഗോളടിച്ചാണ് റൊണാൾഡോ തന്റെ അക്കൗണ്ട് തുറന്നത്. പിന്നാലെ 2010, 2014, 2022 ലോകകപ്പുകളിലും റോണോ ഓരോ ഗോളുകള്‍ വീതം അടിച്ചു. 2018ലെ റഷ്യ ലോകകപ്പിൽ നാല് തവണയാണ് താരം എതിരാളികളുടെ വല നിറച്ചത്.

ഇപ്പോൾ ഉസ്‌ബെകിഷ്ടനെതിരെയും ഗോളടിച്ചതോടെ തന്റെ ആറാം ലോകകപ്പിലും ക്രിസ്റ്റ്യാനോ അക്കൗണ്ട് തുറന്നിരിക്കുകയാണ്. ഇതോടെ ലയണൽ മെസിയെ മറികടന്ന് ഏറ്റവും കൂടുതൽ ലോകകപ്പ് എഡിഷനുകളിൽ ഗോൾ നേടിയ താരമെന്ന പട്ടവും പറങ്കിപ്പടയുടെ നായകൻ കൈപിടിയിലൊതുക്കിയിരിക്കുകയാണ്.

മെസി ആദ്യ മത്സരത്തിൽ അൾജീരിയക്കെതിരെ ഹാട്രിക്ക് നേടി അഞ്ച് എഡിഷനുകളിൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമായി മാറിയിരുന്നു.

അതേസമയം, റോണോയുടെ ഗോൾ വന്ന ഏറെ വൈകാതെ തന്നെ പോർച്ചുഗൽ വീണ്ടും ഗോളടിച്ചു. 17ാം മിനിട്ടിൽ നുനോ മെൻഡസാണ് ടീമിന് രണ്ടാം ഗോൾ സമ്മാനിച്ചത്.

ഏറെ വൈകാതെ ഉസ്‌ബെക്കിസ്ഥാൻ പോർച്ചുഗലിന്റെ വലയിൽ പന്തെത്തിച്ചു. എന്നാൽ, വാർ പരിശോധനയിലൂടെ ഗോൾ അസാധുവാക്കി.

Content Highlight: FIFA World Cup 2026: Cristiano Ronaldo became first player to score in six World Cup editions

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.