ഫിഫ ലോകകപ്പില്‍ ഇടം പിടിക്കാന്‍ ഇന്ത്യ യോഗ്യരാണ്; സാധ്യതകള്‍ തുറന്നുകാട്ടി ഇന്‍ഫന്റീനോ
Football
ഫിഫ ലോകകപ്പില്‍ ഇടം പിടിക്കാന്‍ ഇന്ത്യ യോഗ്യരാണ്; സാധ്യതകള്‍ തുറന്നുകാട്ടി ഇന്‍ഫന്റീനോ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 21st December 2022, 9:00 am

അടുത്ത ഫുട്ബോള്‍ ലോകകപ്പില്‍ ഇന്ത്യ കളിക്കാനുള്ള സാധ്യതയുണ്ടെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ. യു.എസ്-മെക്സിക്കോ-കാനഡ ലോകകപ്പില്‍ 16 ടീമുകള്‍ക്ക് കൂടി യോഗ്യത നല്‍കുന്നത് ചൂണ്ടിക്കാട്ടിയാണ് ഇന്‍ഫന്റീനോയുടെ പരാമര്‍ശം.

ഇന്ത്യന്‍ ഫുട്ബോളിനേയും ദേശീയ ടീമിനേയും മികച്ചതാക്കാന്‍ ഫിഫ വലിയ നിക്ഷേപം നടത്തുമെന്നും ഫിഫ പ്രസിഡന്റ് ഉറപ്പ് നല്‍കി. ഇന്‍സ്റ്റഗ്രാമില്‍ ഫുട്ബോള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

‘പെട്ടെന്ന് അത് സാധ്യതമാകുമെന്നാണ് ഞാന്‍ കരുതുന്നത്. പുരുഷന്മാരുടെ ഫുട്‌ബോള്‍ ലോകകപ്പ് 2026ലാണ് അരങ്ങേറുന്നത്. 32 ടീമുകള്‍ക്ക് പകരം 48 ആയി വിപുലീകരിച്ചിട്ടുണ്ട്. അതുകൊണ്ട് ഇന്ത്യക്ക് യോഗ്യത നേടാനുള്ള എല്ലാ അവസരവും ഉണ്ട്. ഇന്ത്യന്‍ ആരാധകര്‍ക്ക് വേണ്ടി ഫിഫക്ക് നല്‍കാന്‍ കഴിയുന്ന ഉറപ്പ് ഇതാണ്.

ഇന്ത്യന്‍ ഫുട്ബോളിനെ ഏറെ മെച്ചപ്പെടുത്താന്‍ ഫിഫ ഇന്ത്യയില്‍ വലിയ തോതില്‍ നിക്ഷേപം നടത്താന്‍ പോകുകയാണ്. വലിയൊരു രാജ്യമായ ഇന്ത്യയിലെ ഫുട്ബോള്‍ ഗംഭീരമാകേണ്ടതുണ്ട്. അതോടൊപ്പം തന്നെ മികച്ചൊരു ഫുട്ബോള്‍ ടീമും. അതുകൊണ്ട് ഞങ്ങള്‍ അതിന്റെ പണിപ്പുരയിലാണ്,’ ഇന്‍ഫന്റീനോ വ്യക്തമാക്കി.

മുന്‍ ലോകകപ്പുകളിലേതുപോലെ ഇത്തവണയും ഇന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ഖത്തര്‍ വേള്‍ഡ് കപ്പിനും ലഭിച്ചത്. കോടിക്കണക്കിന് ആളുകളാണ് ടെലിവിഷനിലും ബിഗ് സ്‌ക്രീനിലും സ്മാര്‍ട് ഫോണിലുമായി മത്സരങ്ങള്‍ കണ്ടത്. കേരളത്തിലേയും കൊല്‍ക്കത്തയിലേയും ഫുട്ബോള്‍ ആവേശം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തു.

കളി ഇന്ത്യയില്‍ സംപ്രേഷണം ചെയ്ത സ്പോട്സ് 18 ചര്‍ച്ചക്കിടെ കേരളത്തിലെ പല പ്രദേശങ്ങളിലുള്ള ഫുട്‌ബോള്‍ ഫാന്‍സിന്റെ ആഘോഷവും പ്രൊജക്ടര്‍ പ്രദര്‍ശനവും കാണിച്ചിരുന്നു.

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറും അര്‍ജന്റൈന്‍ ഫുട്ബോള്‍ ടീമും കേരളത്തിന് പ്രത്യേകമായി നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

നിലവില്‍ ഫിഫ റാങ്കിങ്ങില്‍ 106ാമതാണ് ഇന്ത്യന്‍ ഫുട്ബോള്‍ ടീം. ഒരേയൊരു തവണ മാത്രമാണ് ഇന്ത്യക്ക് ലോകകപ്പ് കളിക്കാന്‍ ക്ഷണം ലഭിച്ചിട്ടുള്ളത്. ഖത്തര്‍ ലോകകപ്പില്‍ ഏഷ്യന്‍ ടീമുകളായ ജപ്പാനും ദക്ഷിണ കൊറിയയും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

Content Highlights: FIFA President Gianni Infantino on the possibility of India being at the FIFA World Cup