വിവാഹ ആഘോഷത്തിനിടയില്‍ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ചു; 22 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍
Kerala News
വിവാഹ ആഘോഷത്തിനിടയില്‍ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ചു; 22 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th January 2025, 4:56 pm

കണ്ണൂര്‍: വിവാഹ ആഘോഷത്തിനിടയില്‍ ഉഗ്രസ്ഫോടന ശേഷിയുള്ള പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് 22 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍. തൃപ്പങ്ങോട്ടൂര്‍ സ്വദേശികളായ അഷ്റഫ്-റഫാന ദമ്പദികളുടെ കുഞ്ഞിനെയാണ് അപസ്മാരം ഉള്‍പ്പടെയുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സക്കെത്തിച്ചത്.

കഴിഞ്ഞ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായാണ് തൃപ്പങ്ങോട്ടൂരില്‍ വലിയ ആഘോഷങ്ങളോടെയുള്ള വിവാഹം നടന്നത്. വിവാഹത്തിന്റെ ഭാഗമായി അര്‍ദ്ധരാത്രിയിലും പടക്കംപൊട്ടിക്കലും നാസിക് ഡോളും ഡി.ജെയുമുള്‍പ്പടെയുള്ള അതിരുകടന്ന ആഘോഷങ്ങള്‍ നടന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയുണ്ടായ സ്ഫോടന ശബ്ദത്തെ തുടര്‍ന്നാണ് ഈ കല്യാണ വീടിന് സമീപത്തെ വീട്ടിലെ കുഞ്ഞിന് അമിത ശബ്ദം കാരണം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉടലെടുത്തത്. കുഞ്ഞിന്റെ പിതാവിന്റെ പരാതിയില്‍ കൊളവല്ലൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഉഗ്രശബ്ദത്തോടെ പടക്കങ്ങള്‍ പൊട്ടിയതോടെ കുഞ്ഞിന് അസ്വസ്ഥതകള്‍ ആരംഭിച്ചതായി കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറഞ്ഞു. കുഞ്ഞിനും കുഞ്ഞിന്റെ മാതാവിന്റെ ഗര്‍ഭിണിയായ സഹോദരിക്കും അസ്വസ്ഥകള്‍ ആരംഭിച്ചപ്പോള്‍ തന്നെ വിവാഹ വീട്ടുകാരോടും പടക്കം പൊട്ടിക്കല്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും അവരത് ചെവികൊണ്ടില്ലെന്നും കുഞ്ഞിന്റെ കുടുംബം പറയുന്നു.

ഞായറാഴ്ചയുണ്ടായ സ്ഫോടനത്തില്‍ തന്നെ കുഞ്ഞിന് അസ്വസ്ഥതകള്‍ ആരംഭിച്ചിരുന്നെന്നും അന്ന് തന്നെ വിവാഹ വീട്ടുകാരെ വിവരം അറിയിച്ചിരുന്നതായും കുടുംബം അറിയിച്ചു. എന്നാല്‍ തിങ്കളാഴ്ചയും പടക്കം പൊട്ടിക്കലടക്കമുള്ള ശബ്ദകോലാഹലങ്ങള്‍ സംഘടിപ്പിച്ചെന്നും ഈ സമയത്താണ് കുഞ്ഞിന് ഗുരുതരമായ പ്രശ്നങ്ങള്‍ ആരംഭിച്ചതെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറഞ്ഞു.

ഈ സമയത്ത് കുഞ്ഞിന്റെ അനക്കം നിലച്ചെന്നും വായില്‍ നിന്ന് നുരയും പതയും വരാന്‍ തുടങ്ങിയെന്നും കുടുംബം പറയുന്നു. കുഞ്ഞ് മരണപ്പെട്ടെന്ന് തോന്നിയ നിമിഷങ്ങളായിരുന്നു അതെന്നും ഇവര്‍ പറയുന്നു.

നിലവില്‍ കുഞ്ഞ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഇപ്പോള്‍ എന്തെങ്കിലും ചെറിയ ശബ്ദം കേള്‍ക്കുമ്പോള്‍ പോലും കുഞ്ഞിന് അസ്വസ്ഥകള്‍ ഉണ്ടാകുന്നതായും കുടുംബം പറയുന്നു. തലച്ചോറിലും ഹാര്‍ട്ടിലും പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇത് സംബന്ധിച്ച പരിശോധനകളും ചികിത്സയും നടന്നുവരികയാണെന്നും കുഞ്ഞിന്റെ പിതാവ് അഷ്റഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സംഭവത്തില്‍ കൊളവല്ലൂര്‍ പൊലീസില്‍ നല്‍കിയ പരാതിക്ക് പുറമെ മനുഷ്യാവകാഷ കമ്മീഷനിലും പരാതി നല്‍കുമെന്ന് അഷ്റഫ് പറഞ്ഞു.

Content Highlight: Fierce firecrackers burst during the wedding celebration caused 22-day-old baby has serious health problems