എഡിറ്റര്‍
എഡിറ്റര്‍
ചേലാ കര്‍മത്തിന്റെ മതവിധിയും ആധുനിക മുസ്‌ലിംങ്ങളും
എഡിറ്റര്‍
Wednesday 30th August 2017 5:03pm

അത് കൊണ്ട് തന്നെ ഇക്കാലത്ത് ഒരു മുസ്‌ലിമിനത് തള്ളിക്കളയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. അതിന്റെ കൂടെ കുറേ മഹാന്‍മാരായ ആളുകളെഴുതിയ പുസ്തകങ്ങളിലെ വരികളും തള്ളപ്പെടേണ്ടി വരുമെന്നത് സത്യം. അതില്‍ പരിഭവപ്പെടേണ്ടതില്ല. അങ്ങനെ പലതും തള്ളിയും കൊണ്ടുമാണ് അവരെഴുതിയിരുന്നതും ഇസ്‌ലാമിനെ ചലനാത്മകമാക്കിയിരുന്നതും.


‘Circumcision is obligatory for every male and female. [For men,] it consists of cutting the foreskin of the glans of the penis, while female circumcision consists in cutting the clitoris and is called reduction.’
(Reliance of the Traveller, classic Shafi’i legal manual)

മുസ്‌ലിങ്ങളിലെ ശാഫി വിഭാഗത്തിന്റെ കര്‍മശാസ്ത്ര വിഷയത്തില്‍ ആധികാരിക ഗ്രന്ഥങ്ങളില്‍ പെടുത്തുന്ന ഒന്നാണ് ‘ഉംദത്ത് അല്‍ സാലിഖ് വ ഉദ്ദത്ത് അല്‍ നാസിക്’ അഥവാ ഇംഗ്ലീഷിലെ Reliance of thet raveller എന്ന പുസ്തകം. അറിയപ്പെടുന്ന മുസ്‌ലിം ഫെമിനിസ്റ്റ് എഴുത്തുകാരിയും ഇസ്‌ലാമിക കര്‍മശാസ്ത്രത്തിലും ചരിത്രത്തിലും അഗാധ പാണ്ഡിത്യത്തിനുടമയുമായ കേഷ്യാ അലി പരിഭാഷപ്പെടുത്തിയതാണ് മുകളില്‍ കൊടുത്ത വാചകം.

ഇമാം ശാഫിയുടെ ജീവചരിത്രം എഴുതിയ ആള്‍ കൂടിയാണ് അലി. സ്ത്രീകളുടെ( പുരുഷന്‍മാരുടെയും) ചേലാ കര്‍മ്മവുമായി (circumcision) ബന്ധപ്പെട്ട ശാഫി വിഭാഗത്തിന്റെ വീക്ഷണം എന്താണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ആണിനെ പോലെ പെണ്ണിനും ഇത് ‘നിര്‍ബന്ധ’ മാണെന്നാണ് സംശയത്തിനിട നല്‍കാത്ത വിധം പുസ്തകം പറയുന്നത്. ഇതില്‍ അല്‍ഭുതമില്ല, ശാഫി വിഭാഗത്തിലെ മറ്റു പണ്ഡിതരുടെ പുസ്തകങ്ങള്‍ നോക്കിയാലും ഇതേ വീക്ഷണം കാണാനാവും.

ഈ ‘ഔദ്യോഗിക’ നിലപാടില്‍നിന്നും വ്യതിചലിക്കുന്നവര്‍ ന്യൂനപക്ഷം മാത്രം. മറ്റ് വിഭാഗക്കാര്‍ സ്ത്രീകളുടെ ചേലാകര്‍മ വിഷയത്തില്‍ ഇത്ര കര്‍ശന നിലപാടെടുക്കുന്നില്ലെങ്കിലും മതപരമായി അതൊരു നല്ല കാര്യമാണെന്നതില്‍ ഒരു വിഭാഗത്തിനും എതിരഭിപ്രായമില്ല.


Read more:  ഹാദിയയുടെ വീട്ടിന് മുന്നില്‍ പ്രതിഷേധിച്ച യുവതിയ്ക്ക് ആര്‍.എസ്.എസുകാരുടെ മര്‍ദ്ദനം; മര്‍ദ്ദനം തീവ്രവാദിയെന്നും ഐ.എസ് ഏജന്റ് എന്നും പറഞ്ഞ്


ഇമാം മാലിക് അതൊരു മികച്ച കാര്യമായി വിലയിരുത്തുമ്പോള്‍ ഇമാം അബൂഹനീഫ അത് ഭര്‍ത്താവിനോടുള്ള ഉപചാരത്തിന്റെ ഭാഗമായി വിലയിരുത്തുന്നു. ഹമ്പലി വിഭാഗക്കാരും സുന്നത്തായി പരിഗണിക്കുന്നു. ശാഫി വിഭാഗത്തിന്റെ കര്‍ശന നിലപാട് കാരണം ഇപ്പോഴും മുസ്‌ലിം ലോകത്ത് ഇത് നില നില്‍ക്കുന്ന നാടുകള്‍ കൂടുതലും ഈ വിഭാഗത്തിന്റെ സ്വാധീന മേഖലകളാണെന്ന് കാണാം.

ഉദാഹരണത്തിന് ഈജിപ്തും ആഫ്രിക്കന്‍ നാടുകളും. ഇന്ത്യയില്‍ തന്നെ ഇത് നില നില്‍ക്കുന്നത് ദാവൂദി ബോറ വിഭാഗത്തില്‍ പെടുന്ന ശിയാക്കള്‍ക്കിടയിലാണ്. ഈജിപ്തിലെ ഫാതിമേറ്റ് രാജവംശവുമായി പൊക്കിള്‍ കൊടി ബന്ധമുള്ളവരായിരുന്നു ഇവരെന്ന് മനസ്സിലാക്കുമ്പോള്‍ ഇതിലല്‍ഭുതമില്ല.
അതേ സമയം മുസ്‌ലിംങ്ങള്‍ക്കിടയില്‍ മാത്രമല്ല ഇത് നില നില്‍ക്കുന്നത്. ഈജിപ്തില്‍ തന്നെ കൃസ്ത്യന്‍ വിഭാഗത്തിനിടയില്‍ ഇത് നിലവിലുണ്ട്. മതങ്ങളോടൊപ്പം മറ്റ് പല ഘടകങ്ങളും ഇതിന്റെ വ്യാപനത്തേയും സ്വഭാവത്തേയും സ്വാധീനിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.

സ്വാഭാവികമായും അടുത്ത ചോദ്യം എന്താണ് (സ്ത്രീകളുടെ) ‘ചേലാകര്‍മം’ എന്നത് കൊണ്ടുദ്ദേശിക്കുന്നതെന്നാണ്. Female Genital Muttilation എന്ന വലിയൊരു സ്‌പെക്ട്രത്തിനുള്ളില്‍ ഒരു പാട് രൂപ ഭാവങ്ങള്‍ കാണാനാവും. ചിലത് (താരതമ്യേന) തീവ്രത കുറഞ്ഞതാണെങ്കില്‍ വേറെ ചിലത് അക്ഷരാര്‍ത്ഥത്തില്‍ ഭീകരമാണ്. ഇതിലേതാണ് ‘ഇസ്‌ലാം’ അംഗീകരിച്ചത് ? മുകളില്‍ ഉദ്ധരിച്ച വാക്യം പറയുന്നതനുസരിച്ച് അത്ര മൃദുവല്ലാത്തതും അംഗീകരിക്കപ്പെട്ടിരുന്നുവെന്നും കാണാം. അഥവാ ഏഴാം നൂറ്റാണ്ടിലെ അറേബ്യയില്‍ FGM എന്ന ഈ ഏര്‍പ്പാട് ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കാം.

ഇന്ന് ചേലാകര്‍മം ‘അനിസ്‌ലാമികമാണ്’ എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന പല പണ്ഡിതന്‍മാരും ആക്റ്റിവിസ്റ്റുകളും ഈ വാചകങ്ങള്‍ക്ക് തീര്‍ത്തും തെറ്റായ അര്‍ത്ഥങ്ങള്‍ നല്‍കി വ്യാഖ്യാനിക്കാനുള്ള പരിഹാസ്യ ശ്രമങ്ങളിലേര്‍പ്പെടുന്നത് പലപ്പോഴും കാണാം(ഇങ്ങനെയുള്ള വാദങ്ങളെ ഭാഷാ പരമായി തന്നെ കേഷ്യ തന്റെ ‘Sexual Ethics in Islam: Feminist Reflections on Qur’an, Hadith and Jurisprudence’ എന്ന പുസ്തകത്തില്‍ പൊളിക്കുന്നുണ്ട്. പെണ്‍ ചേലാകര്‍മവുമായി ബന്ധപ്പെട്ട അതിലെ ആറാം അദ്ധ്യായം വിഷയത്തില്‍ വായിച്ചതില്‍ ഏറ്റവും മികച്ചതാണ് )

എന്താണ് പെണ്ണുണളുടെ ചേലാകര്‍മത്തിന് അടിസ്ഥാനപരമായ മത വ്യാഖ്യാനങ്ങള്‍ ? അഥവാ കൂടുതല്‍ മൗലികമായ മറ്റൊരു ചോദ്യമാണ് ഏറ്റവും പ്രസക്തം. എന്താണ് ‘ഇസ്‌ലാമികം’ ? എങ്ങനെയാണ് ഒരു പ്രവൃത്തി ഇസ്‌ലാമികമാണോ അല്ലയോ എന്ന് വിലയിരുത്തുന്നത് ?

ഏറ്റവും അടിസ്ഥാന പ്രമാണമായ ഖുര്‍ആനില്‍ ഇതിനെ പിന്തുണക്കുന്നതായി ഒന്നുമില്ല. പിന്നത്തെ കാര്യം ഹദീസുകളാണ്. ഏറ്റവും സ്വീകാര്യമായ ഹദീസുകളായ ബുഖാരി, മുസ്‌ലിം ശേഖരങ്ങളിലും ഇതിനനുകൂലമായി ഒന്നുമില്ല. പക്ഷേ പിന്നീട് വരുന്ന അബു ദാവൂദിന്റെ ശേഖരത്തില്‍ ഒന്നു രണ്ട് ഹദീസുകളുണ്ട്.

ഇതിലൊന്നില്‍ ഈ ഏര്‍പ്പാട് ചെയ്ത് കൊടുത്തിരുന്ന സ്ത്രീയോട് ‘ചെയ്‌തോളൂ, പക്ഷേ അമിതമാവരുത് ‘ എന്ന രീതിയില്‍ നബി പറയുന്നത് കാണാം. പക്ഷേ ശ്രദ്ധേയമായ കാര്യം ഈ ഹദീസുകളെല്ലാം ദുര്‍ബലമാണെന്ന് അബൂ ദാവൂദ് തന്നെ സാക്ഷ്യപ്പെടുന്നു. അതായത് ഖുര്‍ആന്റെയോ പ്രബലമായ ഹദീസുകളുടെയോ പിന്‍ബലമില്ലാത്തത് പിന്നീട് വന്ന പണ്ഡിതന്‍മാര്‍ക്കിടയില്‍ വമ്പിച്ച അംഗീകാരം നേടിയതാണെന്ന് ചുരുക്കം.


Also read:  ഹാദിയയുടെ വീടിന് മുന്നില്‍ പ്രതിഷേധിച്ച യുവതിയുടെ ഭര്‍ത്താവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു


ഇതില്‍ അദ്ഭുതമില്ല. പല കാര്യങ്ങളിലും അങ്ങനെയാണ്, പ്രത്യേകിച്ചും സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍. ‘മുഖവും മുന്‍ കയ്യും” ഒഴികെയുള്ള ഭാഗം സ്ത്രീകള്‍ മറക്കേണ്ടതാണ് ( ‘ഔറത്ത് ‘) എന്നതിന് പതിവായി ഉദ്ധരിക്കാറുള്ളത് ഇതേ പോലെ ദുര്‍ബലം (‘മുര്‍സല്‍’ കാറ്റഗറി ) എന്ന് തരം തിരിക്കപ്പെട്ട മറ്റൊരു അബൂ ദാവൂദ് ഹദീസാണ്.

പ്രകടമായും ഖുര്‍ആന്‍ വിരുദ്ധവും ഹദീസിന്റെ പിന്‍ബലം ഇല്ലാത്തതും ആയിട്ട് കൂടി മുത്വലാഖിനായി വാദിക്കാന്‍ ഇന്ത്യയിലെ മുസ്‌ലിം സംഘടനകള്‍ ഒന്നടങ്കം മുന്നോട്ട് വന്നതും നാം കണ്ടു. ഹനഫി വിഭാഗത്തിന് ഇത് സ്വീകാര്യമാണെന്നതായിരുന്നു ഇവരുടെ പ്രധാന വാദം.

അപ്പോള്‍ പെണ്‍കുട്ടികളുടെ ചേലാകര്‍മവും മുത്വലാഖുമെല്ലാം ‘ഇസ്‌ലാമികം’ ആണോ ? എങ്കില്‍ എങ്ങനെ? ഈ അടിസ്ഥാന പ്രശ്‌നം വേറെയും ഒരു പാട് വിഷയങ്ങളിലേക്ക് നീട്ടാം. ഗൗരവമായ ഈ അടിസ്ഥാന പ്രശ്‌നമാണ് മുസ്‌ലിം ലോകം ചര്‍ച്ച ചെയ്യേണ്ടത്.
ആണുങ്ങള്‍ക്ക് ചേലാകര്‍മം മതപരമായി സ്വീകാര്യവും അഭിലഷണീയവും ആണെന്ന് ഏറെക്കുറെ എല്ലാ മുസ്‌ലിങ്ങളും ഇന്നും അംഗീകരിക്കുന്നു. പക്ഷേ പെണ്ണുങ്ങളുടെ കാര്യം അങ്ങനെയല്ല. അത് തീര്‍ത്തും അനിസ്‌ലാമികമാണെന്ന് പലരും ആണയിടുന്നു.

എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടുതല്‍ വിശദീകരിക്കേണ്ടതുണ്ട്. എന്താണതിന്റെ മാനദണ്ഡം ? ഇസ്‌ലാമിക രീതിശാസ്ത്രമുപയോഗിച്ച് ഈ വിഷയങ്ങളെ സമീപിക്കണം. പ്രമാണങ്ങളില്‍ ഖുര്‍ആന്‍ മാത്രമാണ് ദൈവിക വചനം. ബാക്കി മനുഷ്യ സൃഷ്ടികളാണ്. അതിന്റെതായ പരിമിതികള്‍ തീര്‍ത്തും സ്വാഭാവികം.
അതിലുപരിയായി ഇതെല്ലാം ആ കാലഘട്ടത്തിന്റെ സൃഷ്ടികളാണ്. ആ സാഹചര്യവും ചരിത്ര പശ്ചാത്തലവും കൃത്യമായി മനസ്സിലാക്കി അവ മുന്നോട്ട് വെക്കുന്ന മൂല്യ സങ്കല്‍പങ്ങള്‍ ഊറ്റിയെടുക്കണം. പ്രമാണങ്ങളുടെ നിരന്തരമായ പുനര്‍വായനകളിലൂടെയും പുനര്‍ വ്യാഖ്യാനങ്ങളിലൂടെയും ഊറ്റിയെടുക്കുന്ന മൂല്യങ്ങളായിരിക്കണം ഒരു സംഗതി ‘ഇസ്‌ലാമികം’ ആണോ അല്ലയോ എന്ന് വിലയിരുത്താനുള്ള അടിസ്ഥാന തത്വം.
ഇങ്ങനെ ചരിത്രത്തിലേക്കും തിരിച്ച് വര്‍ത്തമാനത്തിലേക്കുമുള്ള നിരന്തരമായ സഞ്ചാരങ്ങളേ ഇസ്‌ലാമിനെ ചലനാത്മകവും കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ പര്യാപ്തവുമാക്കൂ. ഇസ്‌ലാം ലോകത്തെ നയിച്ച നൂറ്റാണ്ടുകളില്‍ അതിന്റെ മുഖമുദ്രയായിരുന്ന ഈ ചലനാത്മകത നഷ്ടപ്പെട്ടതിലാണ് ഇന്നത്തെ പ്രശ്‌നത്തിന്റെ മര്‍മ്മം.

ഇങ്ങനെ കാലികമായി വായിക്കാനും വ്യാഖ്യാനിക്കാനും തയ്യാറായാല്‍ ചേലാകര്‍മവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കും. ഏഴാം നൂറ്റാണ്ടിലെ അറേബ്യയില്‍ നില നിന്നിരുന്ന പല ആചാരങ്ങളും അനാചാരങ്ങളും ഇസ്‌ലാം തരം പോലെ അനുവദിക്കുകയോ / അംഗീകരിക്കുകയോ / പ്രോല്‍സാഹിപ്പിക്കുകയോ / നിരുല്‍സാഹപ്പെടുത്തുകയോ / നിരോധിക്കുകയോ ഒക്കെ ചെയ്തിട്ടുണ്ട്.

ഇസ്‌ലാം മുന്നോട്ട് വെക്കുന്ന മൂല്യ സങ്കല്‍പങ്ങളോടും ലോക വീക്ഷണത്തോടും യോജിക്കുന്നതാണോ എന്നത് മാത്രമായിരുന്നില്ല ഈ വ്യത്യസ്ത സമീപനങ്ങളുടെ അടിസ്ഥാനം. പ്രായോഗികതയും കാലിക പ്രസക്തിയുമെല്ലാം പരിഗണനാ വിഷയങ്ങളായിരുന്നു.

ഏഴാം നൂറ്റാണ്ടിലെ അറേബ്യയില്‍ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കുമിടയില്‍ ചേലാകര്‍മം ഉണ്ടായിരുന്നു. അതിനവരെ പ്രചോദിപ്പിച്ച ഘടകങ്ങള്‍ പലതുമുണ്ടാവും. രോഗ പ്രതിരോധ ശേഷി ലഭിക്കുമെന്ന വിശ്വാസം അതില്‍ പ്രധാനമായിരുന്നു. അതോടൊപ്പം അങ്ങേയറ്റം പുരുഷ കേന്ദ്രീകൃതമായ അന്നത്തെ സമൂഹത്തില്‍ പെണ്‍കുട്ടികള്‍ക്കിടയിലുള്ളത് തീര്‍ത്തും സ്ത്രീ വിരുദ്ധവും ക്രൂരവുമായ രൂപത്തിലാവുന്നത് സ്വാഭാവികം.

നബിയെ സംബന്ധിച്ചിടത്തോളം രോഗ പ്രതിരോധ ശേഷി കൈവരിക്കാനുതകുമെന്ന് കരുതപ്പെട്ട ഒന്നിനെ അംഗീകരിച്ചിട്ടുണ്ടാവാം. എന്നാല്‍ ക്രൂരവും അങ്ങേയറ്റം സ്ത്രീ വിരുദ്ധവുമായ പെണ്‍ ചേലാ കര്‍മത്തെ അംഗീകരിച്ചതായി കാണുന്നില്ല.

മുകളില്‍ ഉദ്ധരിച്ച ഹദീസ് ശരിയാണെന്ന് കരുതിയാല്‍ പോലും കൂടുതല്‍ തീവ്രമായി ചെയ്യരുതെന്ന് പറഞ്ഞ് നിയന്ത്രിച്ചതായാണ് വ്യക്തമാവുക. ഇന്ന് ആധികാരിക സയന്‍സ് പഠനങ്ങള്‍ പറയുന്നത് ആണുങ്ങളുടെ ചേലാ കര്‍മത്തിന് ശാസ്ത്രീയമായ ഗുണവശങ്ങളുണ്ടെന്നാണ്. അങ്ങനെയെങ്കില്‍ തീര്‍ച്ചയായും അത് തുടരണം.

ഒരു പക്ഷേ നാളെ ഇതിനേക്കാള്‍ ഫലപ്രദവും എളുപ്പവുമായ വാക്‌സിനേഷന്‍ പോലുള്ള മാര്‍ഗങ്ങള്‍ പ്രചാരത്തിലാവുന്ന വരെയെങ്കിലും. പെണ്ണുങ്ങളുടെ ചേലാ കര്‍മം എന്ന പേരിലറിയപ്പെടുന്ന FGM അങ്ങനെയല്ല. നിന്ദ്യവും നീചവുമാണത്. ഖുര്‍ആന്റെ ലോക വീക്ഷണത്തില്‍ ഇങ്ങനെയൊരു ക്രൂരതക്ക് സ്ഥാനമില്ല.

അത് കൊണ്ട് തന്നെ ഇക്കാലത്ത് ഒരു മുസ്‌ലിമിനത് തള്ളിക്കളയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. അതിന്റെ കൂടെ കുറേ മഹാന്‍മാരായ ആളുകളെഴുതിയ പുസ്തകങ്ങളിലെ വരികളും തള്ളപ്പെടേണ്ടി വരുമെന്നത് സത്യം. അതില്‍ പരിഭവപ്പെടേണ്ടതില്ല. അങ്ങനെ പലതും തള്ളിയും കൊണ്ടുമാണ് അവരെഴുതിയിരുന്നതും ഇസ്‌ലാമിനെ ചലനാത്മകമാക്കിയിരുന്നതും.

ഇന്ന് അവരുടെ കാലഘട്ടത്തിന്റെതായ പരിമിതികളില്‍ നിന്ന് രൂപപ്പെട്ട പലതിനേയും തള്ളുമ്പോള്‍ വിജയിക്കുന്നത് അവര്‍ മുന്നോട്ട് വെച്ചിരുന്ന അടിസ്ഥാന ആശയങ്ങള്‍ കൂടിയാണ്. മുത്വലാഖിലും ചേലാകര്‍മത്തിലും മാത്രമല്ല, വേറെ പലതിലും.

Advertisement