രണ്ജി പണിക്കരുടെ സിനിമകളുമായി സഹകരിക്കില്ലെന്ന് ഫിയോക്
Malayalam Cinema
രണ്ജി പണിക്കരുടെ സിനിമകളുമായി സഹകരിക്കില്ലെന്ന് ഫിയോക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th December 2023, 1:50 pm

തിരുവനന്തപുരം: നടന്‍ രണ്ജി പണിക്കരുടെ സിനിമകളുമായി സഹകരിക്കാന്‍ കഴിയില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. രണ്ജി പണിക്കര്‍ക്ക് പങ്കാളിത്തമുള്ള കമ്പനി കുടിശ്ശിക തീര്‍ക്കാനുണ്ടെന്നും, കുടിശ്ശിക തീര്‍ക്കുന്നത് വരെ അദ്ദേഹത്തിന്റെ സിനിമകളുമായി സഹകരിക്കില്ലെന്നും ഫിയോക് ഭാരവാഹികള്‍ വ്യക്തമാക്കി.

ഫിയോകിന്റെ ഭാഗത്ത് നിന്ന് ഇത് രണ്ടാം തവണയാണ് രണ്ജി പണിക്കര്‍ വിലക്ക് നേരിടുന്നത്. രണ്ജി പണിക്കര്‍ അഭിനയിച്ചതോ ഏതെങ്കിലും രീതിയില്‍ ബന്ധമുള്ളതോ ആയ സിനിമകള്‍ക്കാണ് നിലവില്‍ താത്കാലികമായി ഫിയോക് വിലക്ക് ഏര്‍പ്പെടുത്തിയത്.

ഏകദേശം 30 ലക്ഷത്തോളം രൂപയുടെ കുടിശ്ശികയാണ് ബാക്കിയുള്ളതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ സിനിമകളില്‍ നിന്നുള്ള ലാഭത്തില്‍ നിന്ന് കുടിശ്ശിക തീര്‍ക്കാമെന്ന് രണ്ജി പണിക്കര്‍ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും വാക്കുപാലിച്ചില്ലെന്ന് ഫിയോക് ചൂണ്ടിക്കാട്ടി.

രണ്ജി പണിക്കര്‍ സംവിധാനം ചെയ്ത സിനിമയുടെ ഭാഗമായാണ് ആദ്യം കുടിശ്ശിക ഉണ്ടായതെന്ന് ഫിയോക് ഭാരവാഹികള്‍ വ്യക്തമാക്കി. എന്നാല്‍ വരുമാനം ഉണ്ടായ സിനിമകളില്‍ അഭിനയിച്ചിട്ടും കുടിശ്ശിക തീര്‍ക്കാത്തതില്‍ ഫിയോക് അതൃപ്തി പ്രകടിപ്പിച്ചു.

രണ്ജി പണിക്കരുടെ വരാനിരിക്കുന്ന ഹണ്ട്, ലേലം രണ്ടാം ഭാഗം എന്നീ സിനിമകളോടും ജിത്തു ജോസഫുമായി ചേര്‍ന്ന് പ്രഖ്യാപനം നടത്താനിരിക്കുന്ന സിനിമയോടുമാണ് ഫിയോക് സഹകരിക്കില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്.

Content Highlight: FEUOK will not cooperate with Ranji Panicker’s films