ഉത്സവങ്ങളില്‍ അവതരിപ്പിക്കുന്ന കെട്ടുകാഴ്ചകള്‍ക്ക് ഇതിനേക്കാള്‍ നിലവാരമുണ്ട്: റിപ്പബ്ലിക്ദിന പ്ലോട്ടുകളെ വിമര്‍ശിച്ച് തോമസ് ഐസക്
Kerala News
ഉത്സവങ്ങളില്‍ അവതരിപ്പിക്കുന്ന കെട്ടുകാഴ്ചകള്‍ക്ക് ഇതിനേക്കാള്‍ നിലവാരമുണ്ട്: റിപ്പബ്ലിക്ദിന പ്ലോട്ടുകളെ വിമര്‍ശിച്ച് തോമസ് ഐസക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th January 2022, 11:43 am

കോഴിക്കോട്: റിപ്പബ്ലിക് ദിന പരേഡില്‍ ഉള്‍പ്പെടുത്തിയ പ്ലോട്ടുകളെ വിമര്‍ശിച്ച് സി.പി.ഐ.എം മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ തോമസ് ഐസക്. കേന്ദ്രം ഭരിക്കുന്നവരുടെ സാംസ്‌ക്കാരികാധപതനം മാത്രമല്ല ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ തെളിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കേന്ദ്രം ഭരിക്കുന്നവരുടെ സാംസ്‌ക്കാരികാധപതനം മാത്രമല്ല ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ തെളിഞ്ഞതെന്നും ജാതിവ്യവസ്ഥയെ വെല്ലുവിളിച്ച് നവോത്ഥാന മൂല്യങ്ങളുടെ അടിത്തറ പണിത സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെ ഓര്‍മ്മകളോടുപോലും സംഘപരിവാരം വെച്ചുപുലര്‍ത്തുന്ന പകയുടെ ആഴം കൂടി വെളിവായി,’ പോസ്റ്റില്‍ പറയുന്നു.


റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി കേരളവും തമിഴ് നാടും അവതരിപ്പിക്കാനിരുന്ന നിശ്ചല ദൃശ്യങ്ങള്‍ക്ക് അനുമതി നിഷേധിച്ചതിന്റെ കാരണം ആ പ്ലോട്ടുകളുടെ രാഷ്ട്രീയത്തിനോടുള്ള എതിര്‍പ്പാണെന്നും തോമസ് ഐസക് പറയുന്നു.

‘കലാരൂപമെന്ന നിലയിലോ ആശയാവിഷ്‌കാരമെന്ന നിലയിലോ ഒരു നിലവാരവുമില്ലാത്ത പ്ലോട്ടുകളാണ് ഇക്കുറി പരേഡില്‍ ഇടംപിടിച്ചത്. തരംതാണ കെട്ടുകാഴ്ചകളുടെ ഇടയില്‍ നിന്ന് ലോകാരാധ്യനായ ഗുരുവിനെപ്പോലുള്ളവരെ ഒഴിവാക്കിയതിലുള്ള ആശ്വാസമാണ് 2022ലെ റിപ്പബ്ലിക് ദിന പരേഡ് ബാക്കിയാക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തോടു ചെയ്തതു തന്നെയാണ് തമിഴ്‌നാടിനോട് ചെയ്തതും. അവര്‍ അവതരിപ്പിക്കാനിരുന്നത് ഝാന്‍സി റാണിക്കും മുന്‍പ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ പടനയിച്ച ശിവഗംഗ രാജ്ഞി വേലു നാച്ചിയാരും സ്വന്തമായി കപ്പല്‍ സര്‍വീസ് നടത്തി ബ്രിട്ടീഷുകാരെ വെല്ലുവിളിച്ച വി.ഒ.ചിദമ്പരനാരും സാമൂഹിക പരിഷ്‌കര്‍ത്താവ് ഭാരതിയാരും ഉള്‍പ്പെട്ട നിശ്ചലദൃശ്യമായിരുന്നു. ബ്രിട്ടീഷുകാരോട് മാപ്പിരന്ന സംഘപരിവാര്‍ ആചാര്യന്മാര്‍ക്കിടയില്‍ വേലുനാച്ചിയാരും ചിദംബരനാരും ഭാരതിയാര്‍ക്കും എന്തു സ്ഥാനമെന്ന് തോമസ് ഐസക് ചോദിക്കുന്നു.

പരേഡില്‍ അനുമതി കൊടുത്ത പ്ലോട്ടുകളേക്കാള്‍ നിലവാരം നാട്ടിന്‍പുറങ്ങളിലെ ഉത്സവങ്ങളില്‍ അവതരിപ്പിക്കുന്ന കെട്ടുകാഴ്ചകള്‍ക്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പരേഡില്‍ അനുമതി കൊടുത്ത പ്ലോട്ടുകളുടെ നിലവാരം ഇന്നു കണ്ടു. നാട്ടിന്‍പുറങ്ങളിലെ ഉത്സവങ്ങളില്‍ അവതരിപ്പിക്കുന്ന കെട്ടുകാഴ്ചകള്‍ക്ക് ഇതിനേക്കാള്‍ നിലവാരമുണ്ട്. ഇതിനൊക്കെ അനുമതി നല്‍കുന്നവരുടെ തലച്ചോറിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നവരല്ല കേരളവും തമിഴ്‌നാടും അവതരിപ്പിക്കാനിരുന്ന പ്ലോട്ടുകളിലുള്ളത്,’ തോമസ് ഐസക് പറയുന്നു.

ഇത്തരം തരംതാണ തിരസ്‌കാരങ്ങള്‍ ഒരര്‍ത്ഥത്തില്‍ നല്ലതു തന്നെയാണ്. സംഘപരിവാറിന്റെ രാഷ്ട്രീയം ആഴത്തില്‍ ചര്‍ച്ച ചെയ്യാന്‍ രാജ്യത്തിന് അവസരം ലഭിക്കുകയാണ്. ശ്രീനാരായണഗുരുവിനെയും വേലു നാച്ചിയരെയും ചിദംബരനാരെയും ഭാരതിയാരെയുമൊന്നും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും വിമുഖത കാണിക്കുന്ന മോദികാലത്തെ തുറന്നു വിചാരണ ചെയ്യാനുള്ള സന്ദര്‍ഭങ്ങള്‍ അവര്‍ തന്നെ സൃഷ്ടിക്കുകയാണ്.
പുതിയ തലമുറയ്ക്ക് നമ്മുടെ നവോത്ഥാന നായകരെ പരിചയപ്പെടുത്താനും അവസരം ലഭിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേന്ദ്രം ഭരിക്കുന്നവരുടെ സാംസ്‌ക്കാരികാധപതനം മാത്രമല്ല ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ തെളിഞ്ഞത്. ജാതിവ്യവസ്ഥയെ വെല്ലുവിളിച്ച് നവോത്ഥാന മൂല്യങ്ങളുടെ അടിത്തറ പണിത സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെ ഓര്‍മ്മകളോടുപോലും സംഘപരിവാരം വെച്ചുപുലര്‍ത്തുന്ന പകയുടെ ആഴം കൂടി വെളിവായി. റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി കേരളവും തമിഴ് നാടും അവതരിപ്പിക്കാനിരുന്ന നിശ്ചല ദൃശ്യങ്ങള്‍ക്ക് അനുമതി നിഷേധിച്ചതിന് ഒരു കാരണമേയുള്ളൂ. ആ പ്ലോട്ടുകളുടെ രാഷ്ട്രീയത്തിനോടുള്ള എതിര്‍പ്പ്. കലാരൂപമെന്ന നിലയിലോ ആശയാവിഷ്‌കാരമെന്ന നിലയിലോ ഒരു നിലവാരവുമില്ലാത്ത പ്ലോട്ടുകളാണ് ഇക്കുറി പരേഡില്‍ ഇടംപിടിച്ചത്. തരംതാണ കെട്ടുകാഴ്ചകളുടെ ഇടയില്‍ നിന്ന് ലോകാരാധ്യനായ ഗുരുവിനെപ്പോലുള്ളവരെ ഒഴിവാക്കിയതിലുള്ള ആശ്വാസമാണ് 2022ലെ റിപ്പബ്ലിക് ദിന പരേഡ് ബാക്കിയാക്കുന്നത്.

കേരളത്തോടു ചെയ്തതു തന്നെയാണ് തമിഴ്‌നാടിനോട് ചെയ്തതും. അവര്‍ അവതരിപ്പിക്കാനിരുന്നത് ഝാന്‍സി റാണിക്കും മുന്‍പ് ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ പടനയിച്ച ശിവഗംഗ രാജ്ഞി വേലു നാച്ചിയാരും സ്വന്തമായി കപ്പല്‍ സര്‍വീസ് നടത്തി ബ്രിട്ടീഷുകാരെ വെല്ലുവിളിച്ച വി.ഒ.ചിദമ്പരനാരും സാമൂഹിക പരിഷ്‌കര്‍ത്താവ് ഭാരതിയാരും ഉള്‍പ്പെട്ട നിശ്ചലദൃശ്യമായിരുന്നു. ബ്രിട്ടീഷുകാരോട് മാപ്പിരന്ന സംഘപരിവാര്‍ ആചാര്യന്മാര്‍ക്കിടയില്‍ വേലുനാച്ചിയാരും ചിദംബരനാരും ഭാരതിയാര്‍ക്കും എന്തു സ്ഥാനം? കാരണം പോലും വ്യക്തമാക്കാതെ തമിഴ്‌നാടിന്റെ പ്ലോട്ടിനും അനുമതി നിഷേധിച്ചു.

പരേഡില്‍ അനുമതി കൊടുത്ത പ്ലോട്ടുകളുടെ നിലവാരം ഇന്നു കണ്ടു. നാട്ടിന്‍പുറങ്ങളിലെ ഉത്സവങ്ങളില്‍ അവതരിപ്പിക്കുന്ന കെട്ടുകാഴ്ചകള്‍ക്ക് ഇതിനേക്കാള്‍ നിലവാരമുണ്ട്. ഇതിനൊക്കെ അനുമതി നല്‍കുന്നവരുടെ തലച്ചോറിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നവരല്ല കേരളവും തമിഴ്‌നാടും അവതരിപ്പിക്കാനിരുന്ന പ്ലോട്ടുകളിലുള്ളത്.

ഇത്തരം തരംതാണ തിരസ്‌കാരങ്ങള്‍ ഒരര്‍ത്ഥത്തില്‍ നല്ലതു തന്നെയാണ്. സംഘപരിവാറിന്റെ രാഷ്ട്രീയം ആഴത്തില്‍ ചര്‍ച്ച ചെയ്യാന്‍ രാജ്യത്തിന് അവസരം ലഭിക്കുകയാണ്. ശ്രീനാരായണഗുരുവിനെയും വേലു നാച്ചിയരെയും ചിദംബരനാരെയും ഭാരതിയാരെയുമൊന്നും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും വിമുഖത കാണിക്കുന്ന മോദികാലത്തെ തുറന്നു വിചാരണ ചെയ്യാനുള്ള സന്ദര്‍ഭങ്ങള്‍ അവര്‍ തന്നെ സൃഷ്ടിക്കുകയാണ്.
പുതിയ തലമുറയ്ക്ക് നമ്മുടെ നവോത്ഥാന നായകരെ പരിചയപ്പെടുത്താനും അവസരം ലഭിക്കുകയാണ്. ഒരര്‍ത്ഥത്തില്‍ അതിന് ഇക്കൂട്ടരോടു നമുക്ക് നന്ദി പറയാം.


Content Highlights: Festivities are of a higher standard: Thomas Isaac criticizes Republic Day plots