ബാഴ്സയാണെങ്കില്‍ നോ പറയാന്‍ സാധിക്കില്ല; ഗാര്‍ഡിയോളയുടെ പ്രതികരണം വെളിപ്പെടുത്തി മുന്‍ സിറ്റി താരം
Football
ബാഴ്സയാണെങ്കില്‍ നോ പറയാന്‍ സാധിക്കില്ല; ഗാര്‍ഡിയോളയുടെ പ്രതികരണം വെളിപ്പെടുത്തി മുന്‍ സിറ്റി താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 24th November 2023, 12:22 pm

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും താരം ഫെറാന്‍ ടോറസ് സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണയില്‍ ചേര്‍ന്നതിനെകുറിച്ച് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോളയോട് പറഞ്ഞപ്പോള്‍ ഉണ്ടായ പ്രതികരണം എങ്ങനെയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ടോറസ്.

തന്റെ ബാഴ്‌സയിലേക്കുള്ള നീക്കത്തെ കുറിച്ച് ഗാര്‍ഡിയോള വളരെ പോസിറ്റീവായാണ് പ്രതികരിച്ചതെന്നാണ് ടോറസ് പറഞ്ഞത്.

‘പെപ് എന്നോട് പറഞ്ഞു. ബാഴ്സ? എനിക്ക് നിന്നോട് ബാഴ്‌സലോട്ട് പോകണ്ട എന്ന് പറയാന്‍ കഴിയില്ല. കാരണം ബാഴ്സ എനിക്ക് ഇഷ്ടമുള്ള ക്ലബ്ബ് ആണ്. ഇരു ക്ലബ്ബുകളും സമ്മതിക്കുകയാണെകില്‍ നിനക്ക് പോവാം,’ ടോറസ് വെല്‍ക്കം പ്രൊജക്റ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

2022 ലാണ് ഫെറാന്‍ ടോറസ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയില്‍ എത്തുന്നത്. 55 മില്യണ്‍ തുക നല്‍കിയാണ് കറ്റാലന്‍മാര്‍ സ്പാനിഷ് താരത്തെ സ്വന്തമാക്കിയത്. ബാഴ്സക്കായി 87 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ ടോറസ് 19 ഗോളുകളും 11 അസിസ്റ്റുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്.

അതേസമയം പെപ് ഗാര്‍ഡിയോള 2008 മുതല്‍ 2012 വരെ ബാഴ്സലോണയില്‍ പരിശീലകനായി ഉണ്ടായിരുന്നു. സ്പാനിഷ് ക്ലബ്ബിനൊപ്പം 247 മത്സരങ്ങളാണ് ഗാര്‍ഡിയോള നേതൃത്വം നല്‍കിയത്.

നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ മികച്ച ഫോമിലാണ് പെപ് ഗാര്‍ഡിയോള കളിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം മാഞ്ചസ്റ്റര്‍ സിറ്റിക്ക് ട്രബിള്‍ കിരീടം നേടികൊടുക്കാനും ഗാര്‍ഡിയോളക്ക് സാധിച്ചിരുന്നു.

നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 12 മത്സരങ്ങളില്‍ നിന്നും ഒമ്പത് വിജയവും ഒരു സമനിലയും രണ്ട് തോല്‍വിയും അടക്കം 28 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് സിറ്റി.

നവംബര്‍ 25ന് ലിവര്‍പൂളിനെതിരെയാണ് സിറ്റിയുടെ അടുത്ത മത്സരം. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദിലാണ് മത്സരം നടക്കുക.

Content Highlight: Feran torres reveals Pep Guardiola’s reaction when told of plan to join Barcelona.