പുരുഷ കേന്ദ്രീകൃതമായിപ്പോവുന്ന ലിബറല്‍ ഫെമിനിസം
Opinion
പുരുഷ കേന്ദ്രീകൃതമായിപ്പോവുന്ന ലിബറല്‍ ഫെമിനിസം
ജൂലി ബിന്‍ഡെല്‍
Friday, 25th December 2020, 8:19 pm
മാധ്യമപ്രവര്‍ത്തകയും സ്ത്രീ അവകാശ പ്രവര്‍ത്തകയുമായ ജൂലി ബിന്‍ഡെല്‍ അല്‍ജസീറയില്‍ എഴുതിയ ലേഖനത്തിന്റെ പരിഭാഷ.  വിവര്‍ത്തനം: ഷാദിയ നാസിര്‍

ഒരു ലിബറല്‍ ഫെമിനിസ്റ്റ് ആവുക എന്നത് വലിയ കഠിനാധ്വാനം ആവശ്യമുള്ള ഒരു കാര്യമല്ല. ഒന്നും തന്നെ മാറ്റേണ്ടതില്ല. നിലവിലുള്ള സ്ഥിതിക്ക് യാതൊരു വെല്ലുവിളിയും ഉയര്‍ത്തേണ്ടതില്ല. കൂടാതെ പുരുഷന്‍മാരെ ഉദ്‌ബോധിപ്പിക്കേണ്ട ആവശ്യവുമില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കാര്യങ്ങള്‍ അതേപടി നിലനില്‍ക്കുകയും വ്യക്തിപരമായ പ്രബുദ്ധതയ്ക്കും വിമോചനത്തിനുമായുള്ള അന്വേഷണങ്ങള്‍ അതിന്റെ മൂല ഹേതുവായി മാറുകയും ചെയ്യുന്നു.

‘മൈ ബോഡി, മൈ ചോയ്‌സ്’ (എന്റെ ശരീരം എന്റെ തെരഞ്ഞെടുപ്പ്) എന്നത് ഫെമിനിസത്തിന്റെ രണ്ടാം തരംഗത്തിലെ(സെക്കന്റ് വേവ് ഫെമിനിസം) ഏറ്റവും അംഗീകരിക്കപ്പെട്ട മുദ്രാവാക്യങ്ങളിലൊന്നാണ്. കാരണമെന്തന്നാല്‍ സ്ത്രീ വിമോചന പ്രസ്ഥാനങ്ങള്‍ പലതും നേടിയെടുക്കുന്നതിന് മുമ്പ് സ്ത്രീ ജീവിതങ്ങള്‍ തെരെഞ്ഞെടുപ്പിന്റെ(ചോയ്‌സിന്റെ) അഭാവത്താല്‍ നിര്‍വചിക്കപ്പെട്ടവയായിരുന്നു.

സ്ത്രീകള്‍ക്ക് തങ്ങള്‍ വിവാഹം കഴിക്കണോ വേണ്ടയോ എന്നതിനെക്കുറിച്ചോ കുട്ടികള്‍ ഉണ്ടാവണോ എന്നതിനെക്കുറിച്ചോ തീരുമാനമെടുക്കുന്നതില്‍ യാതൊരു പങ്കുമുണ്ടായിരുന്നില്ല, ലൈംഗികതയെക്കുറിച്ചോ ലൈംഗിക സുഖത്തെക്കുറിച്ചോ പോലും. ഫെമിനിസം സൃഷ്ടിച്ചെടുത്ത ഒരു അന്തരീക്ഷത്തില്‍ സ്ത്രീകള്‍ക്ക് ഒരു പരിധിവരെ ചോയ്‌സ് എന്നത് നടപ്പിലാക്കാന്‍ കഴിഞ്ഞു.

പക്ഷേ പിന്നീട് ‘ചോയ്‌സ്’ (തെരഞ്ഞെടുപ്പ്) എന്ന ആശയം ലിബറല്‍ ഫെമിനിസ്റ്റുകളാല്‍ ഏറ്റെടുക്കപ്പെടുകയും അത് പുരുഷന്‍മാര്‍ക്ക് ഗുണം ലഭിക്കുന്ന ദോഷകരമായ ചില ചെയ്തികള്‍ക്ക് സ്വീകാര്യത ലഭിക്കാനുള്ള വഴിയാവുകയും ചെയ്തു. നിങ്ങളിത് സ്വയം ചോദിക്കുക: മേല്‍ വസ്ത്രമില്ലാതെ ചുറ്റിക്കറങ്ങുന്നത് പുരുഷന്‍മാരെപ്പോലെത്തന്നെ സ്ത്രീകള്‍ക്കും നിയമപരമായിരുന്നുവെങ്കില്‍, നിങ്ങളത് ചെയ്യുമായിരുന്നോ?

വെയിലുള്ള ഒരു ദിവസം അരക്ക് മുകളില്‍ നഗ്‌നയായിക്കൊണ്ട് പരസ്യമായി ചുറ്റിയടിക്കാന്‍ നിങ്ങള്‍ തയ്യാറാവുമോ? അല്ലെങ്കില്‍ മേല്‍വസ്ത്രമണിയാതെ നിങ്ങള്‍ പാര്‍ക്കില്‍ ഇരിക്കുമോ? നിങ്ങള്‍ മേല്‍ വസ്ത്രമണിയാതെ പലവ്യഞ്ജനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകുമോ? ഇല്ല എങ്കില്‍, എന്തുകൊണ്ട് ഇല്ല?

യഥാര്‍ത്ഥത്തില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ സ്ത്രീകള്‍ മേല്‍വസ്ത്രമില്ലാതെ ചുറ്റി നടക്കുന്നത് നിയമപരമാണ്. പക്ഷേ ആരും തന്നെ അത് ചെയ്യാറില്ല. മണ്ടന്‍ ഫെമിനിസ്റ്റ് ആശയങ്ങള്‍ക്ക് വേണ്ടിയുള്ള ‘സ്ലട്ട് വാക്ക്’ (മറച്ച് വെക്കപ്പെടണമെന്ന് സമൂഹം നിഷ്‌കര്‍ഷിക്കുന്ന സ്ത്രീ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള സമരരീതി)ന്റെ ഗണത്തില്‍പ്പെടുത്താവുന്ന ‘ഫ്രീ ദ നിപ്പിള്‍’ (എഫ്.ടി.എന്‍) ക്യാംമ്പയിനിന്റെ കാര്യം തന്നെയെടുക്കുക.

രണ്ടായിരത്തി പന്ത്രണ്ടില്‍ സിനിമാ നിര്‍മാതാവായ ലിന യെസ്‌കൊ ആണ് എഫ്.ടി.എന്‍ ന് തുടക്കം കുറിച്ചത്. മേല്‍വസ്ത്രമില്ലാതെ പരസ്യമായി പ്രത്യക്ഷപ്പെടാന്‍ പുരുഷന്‍മാര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും, എന്നാല്‍ സ്ത്രീകള്‍ക്കിത് ചെയ്യാന്‍ ഇതേ തരത്തിലുള്ള സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്നുമുള്ള സത്യത്തെ എടുത്ത് കാണിക്കാന്‍ വേണ്ടിയായിരുന്നു ഇത്.

ചോയ്‌സ്, തുല്യത തുടങ്ങിയ സങ്കല്‍പ്പങ്ങളാണ് ലിബറല്‍ ഫെമിനിസത്തിന് അസ്ഥിവാരമിട്ടത്. സ്ത്രീകളെയും കുട്ടികളെയും സംബന്ധിച്ച ഭൗതികവും നടമാടുന്നതുമായ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വരുമ്പോള്‍ ഇത് ഭയാനകമായ അജ്ഞതയ്ക്കാണ് വഴിവെച്ചത്. ഉദാഹരണമായി പെണ്‍ ചേലാകര്‍മത്തിനെതിരെ (ഫീമെയില്‍ ജെനിറ്റല്‍ മ്യൂട്ടിലേഷന്‍-FGM) ക്യാമ്പെയിനിംഗില്‍ ഏര്‍പ്പെടുന്നവര്‍ സോഷ്യല്‍ മീഡിയയില്‍ (സമൂഹ മാധ്യമങ്ങളില്‍) അധിക്ഷേപിക്കപ്പെടുന്നതിന് ഞാന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്തിനെന്നാല്‍ ഈ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് വിവരിക്കാന്‍ ‘ഫീമെയില്‍'(പെണ്‍) എന്ന പദം ഉപയോഗിച്ചതിന്.

യോനികള്‍ സ്ത്രീകള്‍ക്ക് പ്രത്യേകമായുള്ളതാണെന്ന ധാരണയെ അടിസ്ഥാനപ്പെടുത്തിയുള്ള ഇത്തരം പദപ്രയോഗങ്ങള്‍ ട്രാന്‍സ്‌ഫോബിയ ആണെന്നാണ് അവരുടെ വാദം. നിലവില്‍ സ്ത്രീകളെ ശാക്തീകരിക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങള്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുന്നവ ഇവയാണ്: അസാധാരണമായ ഉയരമുള്ള ഷൂകള്‍ വാങ്ങുക, വ്യായാമത്തിനായി പോള്‍ ഡാന്‍സ് ചെയ്യുക, ഇന്‍സ്റ്റഗ്രാമില്‍ നഗ്‌നയായിക്കൊണ്ട് പോസ് ചെയ്യുക, കൂടാതെ ‘ലൈംഗിക തൊഴിലുകള്‍'(സെക്‌സ് വര്‍ക്ക്) ചെയ്യുക.

പക്ഷേ വിധേയത്വ സ്വഭാവമുള്ള ഇത്തരം പ്രവര്‍ത്തികള്‍ക്കെല്ലാം പൊതുവായിട്ടുള്ള ഒരു കാര്യമെന്താണ്? ഇവയെല്ലം നടപ്പിലാക്കപ്പെട്ടത് പുരുഷന്‍മാര്‍ക്ക് ആനന്ദം നല്‍കുന്നതിന് വേണ്ടിയായിരുന്നു. എല്ലാം തന്നെ ലിബറല്‍ ഫെമിനിസ്റ്റുകള്‍ പിന്തുണക്കുകയും ചെയ്തു.
സമകാലീനമായ ഒരു ഉദാഹരണം തന്നെയെടുക്കുക:

ലണ്ടനില്‍ ഈയിടെയായി സ്ഥാപിക്കപ്പെട്ട മേരി വോള്‍ സ്റ്റോണ്‍ ക്രാഫ്റ്റിന്റെ പ്രതിമയില്‍ പുളയുന്ന കുറേ നഗ്‌നശരീരങ്ങള്‍ പോലെ തോന്നുന്നവക്ക് മുകളിലുള്ള നഗ്‌നയായ ഒരു സ്ത്രീയെയാണ് ചിത്രീകരിക്കുന്നത്. ലിബറല്‍ ഫെമിനിസ്റ്റുകള്‍ ഒരു പക്ഷേ ഇത് ആഘോഷിക്കുന്നത് ലൈംഗികമായി വിമോചിതരാകുന്നു എന്ന രീതിയിലായിരിക്കാം. ബഹുഭൂരിപക്ഷം പുരുഷപ്രതിമകളും മുഴുവസ്ത്രധാരികളാണെന്നും
അവ രണ്ടരക്ക് ഒന്ന് എന്ന കണക്കിന് സ്ത്രീ പ്രതിമകളേക്കാള്‍ എണ്ണത്തില്‍ക്കവിഞ്ഞ് നില്‍ക്കുന്നു എന്നുമുള്ള സത്യത്തെ വിസ്മരിച്ച് കൊണ്ടാണിത്. എന്നെ സംബന്ധിച്ച് ഈ പ്രതിമ ഒരു അലങ്കരിക്കപ്പെട്ട ക്രിസ്മസ് ട്രീ പോലെ തോന്നിപ്പിച്ചു. അതില്‍ തന്നെ അത്രയൊന്നും നല്ലതല്ലാത്ത ഒരെണ്ണം.

ലിബറല്‍ ഫെമിനിസ്റ്റുകളാല്‍ മന:പൂര്‍വ്വം തെറ്റായി ചിത്രീകരിക്കപ്പെട്ടതും അടിയന്തിര സ്വഭാവമുള്ളതുമായ ചില പ്രശ്‌നങ്ങള്‍ കൂടിയുണ്ട്. ഭയാനകമായ ആഗോള ലൈംഗിക വ്യാപാരം അതിലൊന്നാണ്.

വേശ്യാവൃത്തി, അതിലുമുപരി ‘ലൈംഗിക തൊഴിലുകള്‍’ , സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെട്ടത് കാരണവും അതിന്റെ അനന്തരഫലമായും ഉണ്ടായവയാണ്. ലിബറല്‍ ഫെമിനിസ്റ്റുകള്‍ ഇത്തരം തൊഴിലുകള്‍ ചെയ്യുന്നുണ്ടെങ്കിലും അവര്‍ അടിച്ചമര്‍ത്തപ്പെട്ടവരല്ല! പുരുഷന്മാരുടെ ഏകപക്ഷീയമായ ലൈംഗിക സുഖത്തിനായി തങ്ങളുടെ ശരീരഭാഗങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്നതിന്, ‘ശാക്തീകരിക്കുന്നു’ എന്ന രീതിയിലുള്ള വിശദീകരണം നല്‍കുന്ന കുറച്ചെങ്കിലും സ്ത്രീകള്‍ ഉള്ളിടത്തോളം കാലം വംശീയത, അധിനിവേശം, സ്ത്രീവിരുദ്ധത തുടങ്ങി വേശ്യാവൃത്തിക്ക് അടിസ്ഥാനമുറപ്പിക്കുന്ന സാമൂഹിക ഘടനകളെ നമുക്ക് മാറ്റിനിര്‍ത്താം.

ഇതുപോലെത്തന്നെ അതിസങ്കീര്‍ണ്ണമായ മറ്റൊരു വിഷയമാണ് ട്രാന്‍സ്‌ജെന്‍ഡറുകളായ (ഭിന്നലിംഗക്കാരായ) സ്ത്രീകളെ സ്ത്രീകളായിത്തന്നെ കണക്കാക്കണോ വേണ്ടയോ എന്നത്. ലിബറല്‍ ഫെമിനിസ്റ്റുകള്‍ കരുതുന്നത് ട്രാന്‍സ് ജെന്‍ഡറുകളായ സ്ത്രീകളെ വ്യക്തിപരമായി ശാക്തീകരിക്കുകയും വിദ്യാഭ്യാസത്തിലൂടെ അവരുടെ മനസ്സിനെ മെച്ചപ്പെടുത്തിയെടുക്കുന്നതില്‍ ശ്രദ്ധയൂന്നുകയും ചെയ്താല്‍ അവരൊരിക്കലും ജയിലിലോ മാനസിക രോഗാശുപത്രി വാര്‍ഡിലോ (സൈക്യാട്രിക് വാര്‍ഡിലോ) ചെന്നെത്തുകയില്ല എന്നാണ്.

ഒരുപക്ഷേ, ലിബറല്‍ ഫെമിനിസ്റ്റുകള്‍ മിക്കവാറും എല്ലാവരും തന്നെ മധ്യവര്‍ഗ്ഗ സമ്പന്ന – മധ്യവര്‍ഗ്ഗക്കാരാണെന്ന കാര്യം മനസ്സില്‍ വെച്ചു കൊണ്ടായിരിക്കാം, ഒരു ഗാര്‍ഹിക പീഡന അഭയകേന്ദ്രത്തിന്റെ സേവനങ്ങള്‍ തങ്ങള്‍ക്കാവശ്യം വരില്ല എന്നുകൂടി അവര്‍ കരുതുന്നത്.

അതിതീവ്രമായ ഭിന്നലിംഗ (ട്രാന്‍സ് ജെന്‍ഡര്‍)പ്രത്യയശാസ്ത്രത്തിനുള്ള ലിബറലുകളുടെ പിന്തുണയുടെ ഫലമായി സ്ത്രീകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ ഒരുപാട് സേവനങ്ങള്‍ ഇപ്പോള്‍ പുരുഷ ശരീരത്തോടുകൂടിയ ഭിന്നലിംഗക്കാരായ സ്ത്രീകള്‍ക്ക് കൂടി ലഭ്യമാക്കാന്‍ ഭാഗികമായെങ്കിലും സമ്മര്‍ദ്ദമുണ്ട്.

പുരുഷന്‍മാരുടെ അതിക്രമങ്ങള്‍ക്കിരയായ സ്ത്രീകള്‍ക്കും അവരുടെ കുട്ടികള്‍ക്കും നേരിട്ട് പിന്തുണനല്‍കുന്നതിന് വേണ്ടിയുള്ള സേവനങ്ങളാണിവ. സ്ത്രീകള്‍ക്കായുള്ള ജയില്‍ എസ്റ്റേറ്റുകളില്‍ ഭിന്നലിംഗക്കാരായ സ്ത്രീകളെക്കൂടി പ്രവേശിപ്പിക്കേണ്ടതുണ്ടെന്ന് ലിബറലുകള്‍ ശക്തമായി വാദിക്കുന്നു, അവരില്‍ ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളികളെ ഉള്‍പ്പെടെ.

സ്ത്രീകള്‍ക്ക് മാത്രമായുള്ള ക്ലബുകളും കായിക സൗകര്യങ്ങളുമെല്ലാം തന്നെ ഭീഷണിയിലാണ്. ഉദാഹരണമായി, വ്യാപകമായ പ്രതിഷേധങ്ങള്‍ക്കതീതമായി ‘ഗേള്‍ ഗൈഡിംഗ്’ ന്റെ പോളിസിയനുസരിച്ച്, അവരുടെ പ്രവര്‍ത്തനങ്ങളില്‍ പെണ്‍കുട്ടികളായി തിരിച്ചറിയപ്പെടുന്ന ആണ്‍കുട്ടികള്‍ക്കും പങ്കുചേരാം. പെണ്‍കുട്ടികളുടെയോ അവരുടെ രക്ഷിതാക്കളുടെയോ അറിവോടെയല്ലാതെ തന്നെ. ഇതു തന്നെയാണ്
കുട്ടികള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന പ്രായപൂര്‍ത്തിയായ സന്നദ്ധ സേവകരുടെ കാര്യത്തിലും സംഭവിക്കുന്നത്, രാത്രികാല ക്യാംമ്പുകളില്‍ ഉള്‍പ്പെടെ.

സ്ത്രീകളുടെ ശരിയായ വിമോചനത്തിനായുള്ള അന്വേഷണങ്ങള്‍ക്കെതിരെ നിലവിലെ സ്ഥിതി തുടരാന്‍ വേണ്ടി പുരുഷന്‍മാര്‍ പുറം തിരിഞ്ഞ് നില്‍ക്കുന്നു എന്ന രീതിയില്‍ അവരെ അപകീര്‍ത്തിപ്പെടുത്താന്‍ ലിബറല്‍ ഫെമിനിസ്റ്റുകള്‍ ഭയപ്പെടുന്നു. തീന്‍മേശയെ ഒരു കോടാലിയെടുത്ത് തകര്‍ത്ത് തരിപ്പണമാക്കുന്നതിനേക്കാള്‍ അവിടെ ഒരിടം നല്‍കപ്പെട്ടാല്‍ അവര്‍ സന്തോഷിക്കുന്നു, അവര്‍ക്ക് അവിടെ ലഭിക്കുന്നത് എറിയപ്പെട്ട കുറച്ച് കഷ്ണങ്ങള്‍ മാത്രമായേക്കാമെങ്കിലും.

പുരുഷന്‍മാര്‍ ഒരു പ്രത്യേക തരത്തിലുള്ള ഫെമിനിസത്തെ പിന്തുണക്കുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും അതിന്റെ കാര്യക്ഷമതയില്ലായ്മക്കുള്ള സൂചനയാണ്. ഫെമിനിസം പുരുഷന്മാര്‍ക്ക് ഒരു ഭീഷണിയായിരിക്കണം. കാരണം പുരുഷ കേന്ദ്രീകൃത വ്യവസ്ഥിതിയില്‍ നിന്നുള്ള വിമോചനമാണ് നാം അന്വേഷിക്കുന്നത്. എന്നു വെച്ചാല്‍ ഒരു ലിംഗം സ്വന്തമായുണ്ടന്ന ഒറ്റക്കാരണത്താല്‍ ജന്മനാ ലഭിക്കുന്ന പ്രത്യേകാവകാശങ്ങള്‍ അവര്‍ക്ക് നഷ്ടപ്പെടും.

സ്ത്രീകളുടെ നഗ്‌നമായ പ്രതിമകള്‍ ഫെമിനിസത്തെ സഹായിക്കുകയോ മറിച്ചിടുകയോ ഇല്ല. നമുക്കാവശ്യം സ്ത്രീകളുടെ ഉയര്‍ച്ചയാണ്. അവര്‍ ധൈര്യശാലികളായിരിക്കണം. കൂടാതെ ഏറ്റവും പ്രധാനപ്പെട്ട കാര്യം നറുക്കുകള്‍ സ്വീകരിക്കാനുള്ള നമ്മുടെ ശ്രമങ്ങളെ നിരാകരിക്കുക. ലിബറല്‍ ഫെമിനിസ്റ്റുറ്റുകള്‍ റാഡിക്കല്‍ (മൗലികം) ആകേണ്ടതുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: When liberal feminism changes into male centered one; Julie Bindel writes

ജൂലി ബിന്‍ഡെല്‍
മാധ്യമപ്രവര്‍ത്തക, സ്ത്രീ അവകാശ പ്രവര്‍ത്തക