മുളകിട്ട മത്തിക്കറി, റീല്‍സിന് മുമ്പ് അസലാമു അലൈക്കും: ഫെമിനിച്ചി ഫാത്തിമക്ക് ഒ.ടി.ടിയിലും വന്‍ വരവേല്പ്
Malayalam Cinema
മുളകിട്ട മത്തിക്കറി, റീല്‍സിന് മുമ്പ് അസലാമു അലൈക്കും: ഫെമിനിച്ചി ഫാത്തിമക്ക് ഒ.ടി.ടിയിലും വന്‍ വരവേല്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th December 2025, 8:23 pm

ഈ വര്‍ഷത്തെ മികച്ച സിനിമകളിലൊന്ന് എന്ന് എല്ലാവരും അഭിപ്രായപ്പെട്ട ചിത്രമാണ് ഫെമിനിച്ചി ഫാത്തിമ. നവാഗതനായ ഫാസില്‍ മുഹമ്മദ് അണിയിച്ചൊരുക്കിയ ചിത്രം ഐ.എഫ്.എഫ്.കെ ഉള്‍പ്പെടെ നിരവധി ചലച്ചിത്രോത്സവങ്ങളില്‍ മികച്ച പ്രതികരണം സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ഷംല ഹംസ സ്വന്തമാക്കുകയും ചെയ്തു.

കഴിഞ്ഞദിവസം ഫെമിനിച്ചി ഫാത്തിമ ഒ.ടി.ടിയില്‍ പ്രദര്‍ശനമാരംഭിച്ചു. തിയേറ്ററില്‍ ലിമിറ്റഡ് റിലീസ് മാത്രമുണ്ടായിരുന്ന ഫെമിനിച്ചി ഫാത്തിമക്ക് ഒ.ടി.ടിയില്‍ വന്‍ വരവേല്പാണ് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിലെ പല രംഗങ്ങളും വൈറലായിരിക്കുകയാണ്. മുസ്‌ലിം മതത്തിലെ പ്രാകൃത ആചാരങ്ങളെ ട്രോളുന്നതും സ്ത്രീകളെ വീടിനുള്ളില്‍ തന്നെ തളച്ചിടുന്നതിനെ വിമര്‍ശിക്കുകയും ചെയ്യുന്ന ചിത്രമാണ് ഫെമിനിച്ചി ഫാത്തിമ.

പണ്ഡിതന്മാരെ കാണാനായി പോകുന്ന ഫാത്തിമയെ പര്‍ദ്ദയിട്ടതുകൊണ്ട് സുഹൃത്തിന് തിരിച്ചറിയാനാകാത്ത രംഗവും ബെഡ്ഡില്‍ പട്ടി കയറാതിരിക്കാന്‍ അസ്തഫിറുള്ള എന്ന് എഴുതിവെച്ചാല്‍ മതിയെന്ന് ഉസ്താദ് പറയുന്ന രംഗവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഇതുപോലെ പല രംഗങ്ങളും പ്രേക്ഷകരില്‍ ചിരി പടര്‍ത്തുന്നുണ്ട്.

നായികയുടെ അയല്‍ക്കാരിയുടെ മകള്‍ ബാംഗ്ലൂരില്‍ പഠിക്കുന്നതറിഞ്ഞ ഉസ്താദ് സോഷ്യല്‍ മീഡിയയില്‍ മകള്‍ റീലിടുന്നതിനെ വിമര്‍ശിക്കുന്നുണ്ട്. ‘ഓള് എല്ലാ റീലിനും മുമ്പ് അസലാമു അലൈക്കും പറയുന്നുണ്ട് ഉസ്താദേ’ എന്ന് പറഞ്ഞുകൊണ്ടാണ് ഉസ്താദിന്റെ വായടപ്പിക്കുന്നത്. സ്ത്രീകളെ സ്വന്തം കാലില്‍ നിര്‍ത്താതെ വീടിനുള്ളില്‍ തളച്ചിടുന്നതിനെയും ചിത്രം വിമര്‍ശിക്കുന്നുണ്ട്.

ആക്രി പെറുക്കാന്‍ വരുന്ന സ്ത്രീ ഗൂഗിള്‍ പേ എന്ന ആപ്പിനെക്കുറിച്ച് പറയുമ്പോള്‍ നായികയായ ഫാത്തിമക്ക് അതിനെക്കുറിച്ച് യാതൊരു പിടിയുമില്ലാതെ ഇരിക്കുന്നത് ചിത്രത്തില്‍ കാണിക്കുന്നുണ്ട്. ഒടുവില്‍ സ്വന്തം ആവശ്യത്തിന് വേണ്ടി കുറി തുടങ്ങുന്ന നായികയും ആ പൈസക്ക് തന്റെ ആവശ്യം സാധിക്കുന്നതുമെല്ലാം യാതൊരു അതിഭാവുകത്വവുമില്ലാതെ അവതരിപ്പിച്ചിട്ടുണ്ടെന്നും പലരും അഭിപ്രായപ്പെടുന്നു.

ഉസ്താദിന്റെ വേഷം കൈകാര്യം ചെയ്ത കുമാര്‍ സുനിലിനെയും പലരും അഭിനന്ദിക്കുന്നുണ്ട്. ഉസ്താദിന്റെ പല ഡയലോഗുകളും ഇതിനോടകം ട്രോള്‍ പേജുകള്‍ ഏറ്റെടുത്തു. എഞ്ചിനീയറായ മുസ്‌ലിം പെണ്‍കുട്ടി സ്ഥലത്തിന് അളവെടുക്കുന്നത് കാണുമ്പോള്‍ ‘എത്ര പഠിച്ചാലെന്താ, ഒരുകിലോ മത്തി വാങ്ങിക്കൊടുത്താല്‍ മുളകിട്ട് വെക്കാനറിയില്ലല്ലോ’ എന്ന് പറയുന്ന രംഗം വൈറലായിക്കഴിഞ്ഞു. വലിയ ബഹളങ്ങളോ ഒച്ചപ്പാടോ ഇല്ലാതെ ഇത്രയും ശക്തമായ രാഷ്ട്രീയം സംസാരിക്കാന്‍ സംവിധായകന്‍ കാണിച്ച ധൈര്യത്തെയും അഭിനന്ദിക്കുന്നുണ്ട്.

Content Highlight: Feminichi Fathima getting positive response after OTT release