കാർഷിക സർവകലാശാലയിലെ ഫീസ് വർധനവ്; എസ്.എഫ്‌.ഐ മാർച്ചിൽ സംഘർഷം
Kerala
കാർഷിക സർവകലാശാലയിലെ ഫീസ് വർധനവ്; എസ്.എഫ്‌.ഐ മാർച്ചിൽ സംഘർഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th October 2025, 3:02 pm

തൃശൂർ: കൃഷി വകുപ്പിന്റെ കീഴിലുള്ള കാർഷിക സർവകലാശാലയിലെ സിലബസും ഫീസും സംബന്ധിച്ച്‌ രാഷ്ട്രീയ വിവാദത്തിൽ എസ്.എഫ്‌.ഐ പ്രതിഷേധം. ഫീസ് വർധനവ് താങ്ങാനാവാതെ ഏഴ്‌ വിദ്യാർത്ഥികൾ പഠനം നിർത്തിയ സാഹചര്യത്തിലാണ് എസ്.എഫ്‌.ഐ പ്രതിഷേധം നടത്തുന്നത്.

എസ്.എഫ്‌.ഐ സംസ്ഥാന പ്രസിഡന്റും ജില്ലാ പ്രസിഡന്റുമടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയെന്നും പ്രതിഷേധക്കാർക്കുനേരെ പൊലീസ് പലവട്ടം ജലപീരങ്കി പ്രയോഗിക്കുകയും ബലപ്രയോഗം നടത്തുകയും ചെയ്തെന്നാണ് റിപ്പോർട്ടുകൾ.

സർവകലാശാലയ്ക്ക് മുന്നിൽ സ്ഥാപിച്ച ബാരിക്കേഡുകളടക്കം തകർത്താണ് പ്രതിഷേധക്കാർ സമരം തുടരുന്നത്.

സമരം തുടരുമെന്നും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോക് ഈ തീരുമാനത്തിൽ നിന്നും പിൻ വാങ്ങാതെ സമരം അവസാനിപ്പിക്കില്ലെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി. എസ് സഞ്ജീവ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം പ്രശ്നത്തിൽ പരിഹാരം കാണുമെന്നും കാർഷിക സർവകലാശാല അധികൃതരുമായി സംസാരിച്ച് പഠനം ഉപേക്ഷിച്ച വിദ്യാർത്ഥിയെ തിരികെ എത്തിക്കുമെന്നും കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് അറിയിച്ചു.

മറ്റൊരു വഴിയും ഇല്ലാത്തതിനാലാണ് ഫീസ് വർധനവ് താങ്ങാനാവാതെ പഠനം ഉപേക്ഷിച്ചതെന്ന് സര്‍വകലാശാലയില്‍ നിന്നും ടി .സി വാങ്ങിയ ബിരുദ വിദ്യാര്‍ത്ഥിയായ കോഴിക്കോട് താമരശ്ശേരി സ്വദേശി അര്‍ജുന്‍ പറഞ്ഞിരുന്നു.

കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് കീഴില്‍ തൃശ്ശൂര്‍, തിരുവനന്തപുരം കാസര്‍കോട് വയനാട് ജില്ലകളിലുള്ള കോളേജുകളിലെ അഗ്രിക്കള്‍ച്ചര്‍, ഫോറസ്ട്രി കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിലെ ബിരുദ കോഴ്സുകള്‍ക്കായിരുന്നു ഫീസ് വർധിപ്പിച്ചത്.

നിലവിലുള്ള ഫീസ് ഘടനയില്‍ നിന്നും മൂന്നിരട്ടി ഫീസ് വര്‍ധിപ്പിച്ച കാര്യം കോഴ്‌സിന് അപേക്ഷിക്കുന്ന സമയത്ത് അറിയിച്ചിരുന്നില്ലെന്നും അടുത്ത ദിവസം ക്ലാസുകള്‍ തുടങ്ങാനിരിക്കെയാണ് ഫീസിനെക്കുറിച്ച് അറിയുന്നതെന്നും കുട്ടികൾ പറഞ്ഞു.

Content Highlight: Fee hike at the Agricultural University; Clashes in the SFI March