വാഷിങ്ടണ്‍: കൂട്ടപ്പിരിച്ചുവിടലിന്റെ ഭാഗമായി തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളെയെല്ലാം തിരിച്ചെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ട് ഫെഡറല്‍ ജഡ്ജി. വിവിധ ഏജന്‍സികളില്‍ നിന്നായി പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് കാലിഫോര്‍ണിയയിലെ ഫെഡറല്‍ ജഡ്ജി ട്രംപ് ഭരണകൂടത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു.
യു.എസ് ജില്ലാ ജഡ്ജി വില്യം അല്‍സപ്പിന്റേതാണ് ഉത്തരവ്. ജഡ്ജിയുടെ ഉത്തരവ് ഫെഡറല്‍ ബ്യൂറോക്രസിയെ ഗണ്യമായി ചുരുക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെയും ഉപദേഷ്ടാവ് ഇലോണ്‍ മസ്‌ക്കിന്റെയും ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടിയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യു.എസ് ഡിപ്പാര്‍ട്മെന്റ് ഓഫ് ഡിഫന്‍സ്, ഡിപ്പാര്‍ട്മെന്റ് ഓഫ് വെറ്ററന്‍സ് അഫയേഴ്സ്, ഡിപ്പാര്‍ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍, ഡിപ്പാര്‍ട്മെന്റ് ഓഫ് എനര്‍ജി, ഡിപ്പാര്‍ട്മെന്റ് ഓഫ് ഇന്റീരിയര്‍, ട്രഷറി ഡിപ്പാര്‍ട്മെന്റ് എന്നിവയിലെ പ്രൊബേഷണറി ജീവനക്കാര്‍ക്ക് വിധി ബാധകമാവുമെന്നും കോടതി വ്യക്തമാക്കി.
തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ആ ഏജന്‍സികള്‍ക്ക് അധികാരമില്ലാതിരുന്നിട്ടും അനുചിതമായ തീരുമാനമെടുത്തുവെന്നും കൃത്യമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിട്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
തൊഴിലാളികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിട്ടതെന്ന ഗവണ്‍മെന്റിന്റെ വാദം നുണയാണെന്നും ജഡ്ജി പറഞ്ഞു.
യൂണിയനുകള്‍, വാഷിങ്ടണിലെ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ തുടങ്ങിയവര്‍ നല്‍കിയ കേസില്‍ വിധി വരുന്നതുവരെ, പിരിച്ചുവിട്ട തൊഴിലാളികളെ പുനസ്ഥാപിക്കണമെന്നും കോടതി വ്യക്തമാക്കി.
ഫെഡറല്‍ തൊഴിലാളികളെ വെട്ടിക്കുറക്കാനുള്ള നയത്തിന്റെ ഭാഗമായി സൈന്യത്തിലടക്കമുള്ള 5400 പ്രൊബേഷണറി ജീവനക്കാരെ ട്രംപ് പിരിച്ചുവിടാനൊരുങ്ങിയിരുന്നു. 950,000 സിവില്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിടാനുള്ള പദ്ധതിക്കായിരുന്നു ട്രംപ് അംഗീകാരം നല്‍കിയത്.
ഭരണകൂടത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും പ്രസിഡന്റിന്റെ മുന്‍ഗണനകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് നടപടിയെന്ന് പ്രതിരോധ അണ്ടര്‍ സെക്രട്ടറി ഡാരിന്‍ സെല്‍നിക് പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.
വിദേശ സഹായത്തിലും സാമ്പത്തിക മേല്‍നോട്ടവകുപ്പിലുമടക്കം 20000ലധികം തൊഴിലാളികളെയും നേരത്തെ പിരിച്ചുവിട്ടിരുന്നു. അമേരിക്കന്‍ സൈന്യത്തിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനെയും ട്രംപ് പുറത്താക്കിയിരുന്നു. ജനറല്‍ സി ക്യൂ ബ്രൗണ്‍ ജൂനിയറിനെയാണ് പുറത്താക്കിയത്.
നേരത്തെ സൈന്യം, തപാല്‍, ഇമിഗ്രേഷന്‍, ദേശീയ സുരക്ഷാ വകുപ്പുകള്‍ എന്നിവയൊഴികെ മറ്റ് വകുപ്പുകളിലെല്ലാം കൂട്ടപ്പിരിച്ചുവിടല്‍ നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മുഴുവന്‍ സമയ ഫെഡറല്‍ ജീവനക്കാരായ ആര്‍ക്കും പിരിഞ്ഞുപോകാമെന്നും രാജി അറിയിക്കുന്നവര്‍ക്ക് അഡ്മിനിസ്ട്രേഷന്‍ ലീവ് ലഭിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി സ്വമേധയാ ജോലി രാജിവെക്കുന്നവര്‍ക്ക് ഏഴ് മാസത്തെ ശമ്പളം നല്‍കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.
Content Highlight: Federal court orders Trump to reinstate laid-off employees