സിലിഗുരി: ആവേശപ്പോരാട്ടത്തിന് വിരാമമിട്ട് കൊണ്ട് ഡെംപോ ഗോവയെ 2-3ന് കീഴ്‌പ്പെടുത്തിയ ഈസ്റ്റ്ബംഗാള്‍ ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കിരീടം ചൂടി. ഗോള്‍ ശൂന്യമായ ആദ്യപകുതിക്കുശേഷം 51ാം മിനിറ്റില്‍ കൈ്‌ളമാക്‌സ് ലോറന്‍സിലൂടെ ഡെംപോയാണ് ലീഡ് നേടിയത്. തുല്യശക്തികളുടെ പോരാട്ടം കണ്ട മൈതാനത്ത് കാണികളുടെ പിന്തുണയോടെ ആഞ്ഞടിച്ച ഈസ്റ്റ്ബംഗാള്‍ 60ാം മിനിറ്റില്‍ അര്‍ണാബ് മൊണ്ഡലിലൂടെ ഒപ്പമെത്തി. []
പിന്നീട് ഇരുടീമും ഗോള്‍ ലക്ഷ്യമിട്ട് ആക്രമണം കനപ്പിച്ചെങ്കിലും പ്രതിരോധനിരകള്‍ ജാഗ്രത പുലര്‍ത്തിയപ്പോള്‍ എക്‌സ്ട്രാ ടൈം അനിവാര്യമായി മാറി.
ഇരുടീമും അറ്റാക്കിങ് ഫുട്ബാള്‍ പുറത്തെടുത്ത അധികവേളയില്‍ മനന്‍ദീപാണ് വംഗനാട്ടുകാരെ മുന്നിലെത്തിച്ചത്.
100ാം മിനിറ്റില്‍ ലാല്‍റിന്ദിക റാല്‍തെയുടെ ഷോട്ട് ഡെംപോ ഗോളി സുഭാശിഷ് റോയ് ചൗധരി തടഞ്ഞിട്ടശേഷം റീബൗണ്ടില്‍ മനന്‍ദീപ് ലക്ഷ്യം കണ്ടു. ഒമ്പത് മിനിറ്റിനുശേഷം എതിര്‍ പ്രതിരോധതാരത്തെ കട്ട് ചെയ്ത് കയറി എഡെ ചിഡി ലീഡുയര്‍ത്തി. 111ാം മിനിറ്റില്‍ ബോക്‌സിന് പുറത്ത് ലഭിച്ച ഫ്രീ കിക്കില്‍ ഹെഡര്‍ ഉതിര്‍ത്ത് മഹേഷ് ഗാവ്‌ലി ഡെംപോക്ക് പ്രതീക്ഷ സമ്മാനിച്ചെങ്കിലും അവസാന ഘട്ടത്തില്‍ ചങ്കുറപ്പോടെ പിടിച്ചുനിന്ന് ഈസ്റ്റ്ബംഗാള്‍ കിരീട നേട്ടത്തിലെത്തി.
