വിദേശഫണ്ട് നിയമഭേദഗതി; ഇടപെടാതെ മാര്‍ക്കോ റൂബിയോ മടങ്ങി; ആശങ്കയില്‍ ഇന്ത്യയിലെ ക്രൈസ്തവ സഭകള്‍
India
വിദേശഫണ്ട് നിയമഭേദഗതി; ഇടപെടാതെ മാര്‍ക്കോ റൂബിയോ മടങ്ങി; ആശങ്കയില്‍ ഇന്ത്യയിലെ ക്രൈസ്തവ സഭകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th June 2026, 11:29 am

ന്യൂദല്‍ഹി: ഇന്ത്യയിലെ സന്നദ്ധ-ചാരിറ്റബിള്‍ സംഘടനകളുടെ വിദേശഫണ്ട് നിയന്ത്രണ നിയമത്തില്‍ (എഫ്.സി.ആര്‍.എ) കടുത്ത ഭേദഗതി വരുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങളില്‍ ഇടപെടാതെ യു.എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ മടങ്ങിയതില്‍ സഭാ നേതൃത്വം കടുത്ത നിരാശയില്‍.

ഇന്ത്യയിലെ ക്രൈസ്തവ സ്ഥാപനങ്ങളുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന നിയന്ത്രണങ്ങളിലും രാജ്യത്തെ മതസ്വാതന്ത്ര്യ ലംഘനങ്ങളിലും റൂബിയോ ശക്തമായി ഇടപെടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും, ഔദ്യോഗിക ചര്‍ച്ചകളില്‍ നിന്ന് അദ്ദേഹം തന്ത്രപരമായി പിന്നോട്ടുപോയത് സഭകള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

പുതിയ ഭേദഗതികള്‍ നിലവില്‍ വരുന്നതോടെ ദശാബ്ദങ്ങള്‍ പഴക്കമുള്ള തങ്ങളുടെ സ്വത്തുക്കളും സ്ഥാപനങ്ങളും പൂര്‍ണ്ണമായി നഷ്ടപ്പെടുമെന്ന ഭീതിയിലാണ് സഭകള്‍. കടുത്ത ആഗോള സമ്മര്‍ദങ്ങള്‍ക്കിടയിലും വിദേശഫണ്ട് നിയന്ത്രണം കര്‍ശനമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.

അമേരിക്കയിലെ ശക്തരായ ക്രിസ്ത്യന്‍ അവകാശ സംഘടനകളുടെ വലിയ പിന്തുണയോടെ വളര്‍ന്നുവന്ന നേതാവാണ് നിലവിലെ യു.എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ. നേരത്തെ യു.എസ് ആസ്ഥാനമായ വിവിധ കൂട്ടായ്മകള്‍ക്ക് ഇന്ത്യയില്‍ ലൈസന്‍സ് നിഷേധിക്കപ്പെട്ടപ്പോള്‍ റൂബിയോ ഉള്‍പ്പെടെയുള്ള യു.എസ് നേതാക്കള്‍ ഇത് ശക്തമായി ഉന്നയിച്ചിരുന്നതുമാണ്. അതിനാല്‍ തന്നെ, ഇത്തവണത്തെ അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ സഭകള്‍ വലിയ പ്രതീക്ഷ വെച്ചുപുലര്‍ത്തിയിരുന്നു.

എന്നാല്‍ പുതിയ രാഷ്ട്രീയ-നയതന്ത്ര സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍, ഈ വിഷയത്തില്‍ ഔദ്യോഗികമായി കടുത്ത നിലപാടുകളിലേക്ക് കടക്കാതെ റൂബിയോ പുലര്‍ത്തുന്ന മൗനം കടുത്ത വഞ്ചനയാണെന്ന് സഭാ നേതാക്കള്‍ ചൂണ്ടിക്കാട്ടി.

റൂബിയോയുടെ ഈ പിന്‍വാങ്ങലോടെ വലിയൊരു നയതന്ത്ര പിന്തുണയാണ് സഭകള്‍ക്ക് നഷ്ടമായിരിക്കുന്നത്. നിലവില്‍ വിദേശഫണ്ട് തടസപ്പെട്ടതോടെ രാജ്യത്തുടനീളം ഭൂരിഭാഗം അനാഥാലയങ്ങളും നിരാലംബര്‍ക്കായുള്ള പുനരധിവാസ കേന്ദ്രങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണ്.

2014-ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ, വേള്‍ഡ് വിഷന്‍ ഇന്ത്യ ഉള്‍പ്പെടെ പതിനായിരത്തിലധികം ക്രൈസ്തവ-സന്നദ്ധ സംഘടനകള്‍ക്കാണ് എഫ്.സി.ആര്‍.എ ലൈസന്‍സ് നഷ്ടപ്പെട്ടിട്ടുള്ളത്.

എഫ്.സി.ആര്‍.എ ലൈസന്‍സ് ഇല്ലാതാക്കാനോ, അല്ലെങ്കില്‍ എന്തെങ്കിലും കാരണങ്ങളാല്‍ ലൈസന്‍സ് റദ്ദാക്കപ്പെട്ടതോ ആയ സംഘടനകളുടെ വിദേശഫണ്ടും സ്വത്തുക്കളും സ്ഥിരമായി ഏറ്റെടുക്കാന്‍ കേന്ദ്രത്തിന് അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി ബില്‍. ഇങ്ങനെ കണ്ടുകെട്ടുന്ന ആസ്തികളും ഭൂമിയും സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കൈമാറാനോ പൊതുവിപണിയില്‍ വില്‍ക്കാനോ ഉള്ള വിപുലമായ അധികാരമാണ് പുതിയ നിയമം സര്‍ക്കാരിന് നല്‍കുന്നത്.

കേവലം സാങ്കേതികമോ ഭരണപരമോ ആയ ചെറിയ പിഴവുകളുടെയോ നടപടിക്രമങ്ങളിലെ കാലതാമസത്തിന്റെയോ പേരില്‍ ലൈസന്‍സ് റദ്ദാക്കപ്പെട്ടാല്‍ പോലും, സംഘടനകളുടെ കീഴിലുള്ള സ്‌കൂളുകള്‍, ആശുപത്രികള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ശാശ്വതമായി പിടിച്ചെടുക്കാന്‍ അധികാരികള്‍ക്ക് ഈ ഭേദഗതിയിലൂടെ സാധിക്കും. ഇതിനെതിരെ രാജ്യത്തെ ഒരു കോടതിയെയും സമീപിക്കാന്‍ കഴിയില്ലെന്ന കര്‍ശന വ്യവസ്ഥയാണ് സഭകളെയും എന്‍.ജി.ഒകളെയും കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്.

ഇത് ക്രൈസ്തവ സ്ഥാപനങ്ങളുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാനായി ഭരണകൂടം നടത്തുന്ന ‘നിയമവിധേയമായ കൊള്ള’യാണെന്ന് ഓള്‍ ഇന്ത്യ ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റും ഗുഡ് ഷെപ്പേര്‍ഡ് ചര്‍ച്ച് മെത്രാപ്പോലീത്തയുമായ ആര്‍ച്ച് ബിഷപ്പ് ജോസഫ് ഡിസൂസ പറഞ്ഞു. ഭരണഘടനാ അവകാശങ്ങള്‍ക്കും സഭകളുടെ സാമൂഹിക സേവന ദൗത്യങ്ങള്‍ക്കും മേലുള്ള വലിയ ഭീഷണിയാണിതെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയും (സി.ബി.സി.ഐ) വ്യക്തമാക്കി.

ഔദ്യോഗിക തലത്തില്‍ റൂബിയോ മൗനം പാലിച്ചെങ്കിലും, കൊല്‍ക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റി ആസ്ഥാനത്ത് അദ്ദേഹം നടത്തിയ സന്ദര്‍ശനം വാഷിങ്ടണില്‍ ചര്‍ച്ചയായിട്ടുണ്ട്. മതസ്വാതന്ത്ര്യം, മാനുഷിക പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സന്ദേശം നല്‍കാനാണ് അദ്ദേഹം അവിടെയെത്തിയത്.

റൂബിയോയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ, യു.എസ് ഹൗസ് ഗ്ലോബല്‍ ഹ്യൂമന്‍ റൈറ്റ്‌സ് സബ്കമ്മിറ്റിയുടെ അധ്യക്ഷനായ ക്രിസ് സ്മിത്ത് ഈ വിഷയത്തില്‍ പരസ്യമായി രംഗത്തുവന്നിരുന്നു. ഇന്ത്യ കൊണ്ടുവരുന്ന എഫ്.സി.ആര്‍.എ ഭേദഗതികളിലെ അപകടങ്ങളെക്കുറിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഇന്ത്യയോട് കടുത്ത ആശങ്കകള്‍ ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ‘ദി വാഷിംഗ്ടണ്‍ എക്‌സാമിനര്‍’ പത്രത്തില്‍ ലേഖനം എഴുതുകയും ചെയ്തിരുന്നു.

അമിത് ഷായുടെ നേതൃത്വത്തിലുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2021 ഡിസംബറില്‍ വ്യക്തമാക്കാത്ത ചില കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്.സി.ആര്‍.എ ലൈസന്‍സ് പുതുക്കാന്‍ വിസമ്മതിച്ച കാര്യം സ്മിത്ത് ഓര്‍മ്മിപ്പിച്ചു.

അന്ന് ചാരിറ്റിയുടെ വിദേശ ഫണ്ടിങ് അക്കൗണ്ടുകള്‍ താല്‍ക്കാലികമായി മരവിപ്പിച്ചതുകാരണം ഇന്ത്യയിലുടനീളമുള്ള നൂറുകണക്കിന് ഷെല്‍ട്ടര്‍ ഹോമുകളുടെ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായിരുന്നു.

അന്ന് അന്താരാഷ്ട്ര തലത്തിലുണ്ടായ കടുത്ത വിമര്‍ശനങ്ങളെ തുടര്‍ന്നാണ് 2022 ജനുവരിയില്‍ മോദി സര്‍ക്കാര്‍ സംഘടനയുടെ രജിസ്‌ട്രേഷന്‍ പുനഃസ്ഥാപിച്ചു നല്‍കിയത്. എന്നാല്‍ പുതിയ ഭേദഗതികള്‍ നിലവില്‍ വന്നാല്‍, സമാനമായ സാഹചര്യമുണ്ടായാല്‍ മിഷനറീസ് ഓഫ് ചാരിറ്റി പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ ആസ്തികളുടെ നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടപ്പെടുമെന്ന് സ്മിത്ത് മുന്നറിയിപ്പ് നല്‍കുന്നു.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനകളെ, പ്രത്യേകിച്ച് മതപരവും അവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവയെ നിരീക്ഷിക്കാനും സമ്മര്‍ദത്തിലാക്കാനുമുള്ള ഒരു രാഷ്ട്രീയ ആയുധമായിട്ടാണ് എഫ്.സി.ആര്‍.എ  ഉപയോഗിക്കപ്പെടുന്നതെന്ന് വിമര്‍ശകര്‍ പറയുന്നു.

എഫ്.സി.ആര്‍.എ നയങ്ങളെയും കര്‍ശന നിയന്ത്രണങ്ങളെയും ദേശീയ സുരക്ഷയുടെ പേര് പറഞ്ഞാണ് മോദി സര്‍ക്കാര്‍ പ്രതിരോധിക്കുന്നത്. ഇന്ത്യയുടെ ആഭ്യന്തര താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാകുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശ ഫണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ഇത്തരമൊരു സുരക്ഷാ സംവിധാനം അത്യാവശ്യമാണെന്നും, സുതാര്യത ഉറപ്പാക്കാന്‍ നിയമം കര്‍ശനമാക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.

Content Highlight: FCRA;Marco Rubio leaves without intervening; Christian churches in India in deep anxiety