ഇന്ത്യക്ക് മേലുള്ള അധിക തീരുവ; ട്രംപിനെ വിമർശിച്ച മുൻ സുരക്ഷാ ഉപദേഷ്ടാവിന്റെ വീട്ടിൽ എഫ്.ബി.ഐ റെയ്ഡ്
Trending
ഇന്ത്യക്ക് മേലുള്ള അധിക തീരുവ; ട്രംപിനെ വിമർശിച്ച മുൻ സുരക്ഷാ ഉപദേഷ്ടാവിന്റെ വീട്ടിൽ എഫ്.ബി.ഐ റെയ്ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd August 2025, 10:44 pm

വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് മേല്‍ അധിക തീരുവ ഏര്‍പ്പെടുത്തിയതില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ചതിന് പിന്നാലെ മുന്‍ സുരക്ഷാ ഉപദേഷ്ടാവായ ജോണ്‍ ബോള്‍ട്ടന്റെ വസതിയില്‍ എഫ്.ബി.ഐ റെയ്ഡ്.

രഹസ്യ രേഖകള്‍ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയതെന്ന് എ.പി റിപ്പോര്‍ട്ട് ചെയ്തു. എന്നിരുന്നാലും ജോണ്‍ ബോള്‍ട്ടണെ കസ്റ്റഡിയില്‍ എടുക്കുകയോ കുറ്റം ചുമത്തുകയോ ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, അധികൃതരില്‍ നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ലെങ്കിലും വാര്‍ത്ത പുറത്തായതിന് പിന്നാലെ ആരും നിയമത്തിന് അതീതരല്ലെന്ന് എഫ്.ബി.ഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു.

റെയ്ഡുകള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ റഷ്യ- ഉക്രൈന്‍ യുദ്ധത്തില്‍ ട്രംപിന്റെ ഇടപെടലില്‍ ഒരു പുരോഗതിയും ഇല്ലെന്നും ബോള്‍ട്ടണ്‍ പറഞ്ഞു. ട്രംപിന്റെ സമാധാനത്തിനുള്ള ആഗ്രഹത്തെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

‘ഉക്രൈനെ റഷ്യയിലേക്ക് കൂട്ടിച്ചേര്‍ക്കുക. ഉക്രൈന്‍ ഇതിനകം കൈവശം വെച്ചിരിക്കുന്ന പ്രദേശവും ഡൊണെറ്റ്സ്‌കിന്റെ ബാക്കി ഭാഗങ്ങളും വിട്ടുകൊടുക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. എന്നാല്‍ സെലന്‍സ്‌കി അതിന് സമ്മതിക്കില്ല,’ ബോള്‍ട്ടണ്‍ എക്‌സില്‍ പറഞ്ഞു.

ട്രംപ് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ആഗ്രഹിക്കുന്നതിനാല്‍ കൂടിക്കാഴ്ചകള്‍ തുടരുമെന്നും പക്ഷേ ഈ ചര്‍ച്ചകള്‍ക്ക് ഒരു പുരോഗതിയും കാണിക്കുന്നില്ലെന്നും ബോള്‍ട്ടണ്‍ കൂട്ടിച്ചേര്‍ത്തു. 17 മാസം ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു ജോണ്‍ ബോള്‍ട്ടണ്‍.

ട്രംപിന്റെ താരിഫ് നയങ്ങളെ വിമര്‍ശിച്ചുകൊണ്ട് ബോള്‍ട്ടണ്‍ ഒരു അഭിമുഖത്തില്‍ ട്രംപിനെ യുക്തിരഹിതനായ പ്രസിഡന്റ് എന്ന് വിശേഷിപ്പിച്ചിരുന്നു. യു.എസ്-ഇന്ത്യ ബന്ധം നിലവില്‍ വളരെ മോശം അവസ്ഥയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റഷ്യ പുതിയ ഉപരോധങ്ങളൊന്നും നേരിട്ടില്ലെന്നും റഷ്യയുടെ എണ്ണയും വാതകവും പ്രധാനമായി വാങ്ങുന്നവരായിരുന്നിട്ടും ചൈനയും പുതിയ ഉപരോധങ്ങളൊന്നും നേരിട്ടിട്ടില്ലെന്നും ബോള്‍ട്ടണ്‍ അഭിമുഖത്തില്‍ പറഞ്ഞു.

റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് തുടരുന്നതില്‍ ട്രംപ് ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം തീരുവ ചുമത്തുകയും 25 ശതമാനം അധിക തീരുവ ചുമത്തുകയും ചെയ്തിരുന്നു.

റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ദ്വിതീയ ഉപരോധങ്ങളും ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്നവരില്‍ ഏറ്റവും മുന്‍നിരയിലുള്ള രണ്ട് രാജ്യങ്ങള്‍ ചൈനയും ഇന്ത്യയുമാണ്.

റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അലാസ്‌കയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെ താരിഫ് വിഷയത്തില്‍ ട്രംപ് നിലപാട് മയപ്പെടുത്തിയിരുന്നു. റഷ്യയ്ക്കും അവരുടെ വ്യാപാര പങ്കാളികള്‍ക്കുമെതിരെ ചുമത്തിയ താരിഫ് ഉടന്‍ പ്രാബല്യത്തില്‍ കൊണ്ടുവരില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

Content Highlight: India imposes additional tariffs; FBI raids home of former security adviser who criticized Trump