സണ്ണി ലിയോണ്‍ വന്നാല്‍ കൂട്ട ആത്മഹത്യ ചെയ്യും
FB Notification
സണ്ണി ലിയോണ്‍ വന്നാല്‍ കൂട്ട ആത്മഹത്യ ചെയ്യും
വിഷ്ണു വിജയന്‍
Monday, 13th May 2019, 2:44 pm

സണ്ണി ലിയോണ്‍ വന്നാല്‍ കൂട്ട ആത്മഹത്യ ചെയ്യും, ഇന്റര്‍നെറ്റില്‍ ഇന്ത്യ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഏറ്റവുമധികം സെര്‍ച്ച് ചെയ്യുന്ന, ഫേസ്ബുക്കില്‍ മാത്രം 23 മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള, പോണ്‍ ആക്ട്രസും, ബോളിവുഡ് താരവുമായ സണ്ണി ലിയോണ്‍ ബാംഗ്ലൂരില്‍ പുതുവര്‍ഷ പരുപാടിയില്‍ പങ്കെടുക്കുന്നതിനെതിരെ കര്‍ണ്ണാടക രക്ഷണ വേദിക എന്ന സംഘടന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ഉയര്‍ന്ന മുദ്രാവാക്യമാണ്.

അവര്‍ അതിനു ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങള്‍ സണ്ണി ലിയോണ്‍ വരുന്നത് കന്നട സംസ്‌കാരത്തിന് യോജിക്കാത്ത കാര്യമാണ്, അവരുടെ പാരമ്പര്യം നല്ലതല്ല എന്നാണ്.

അതിനു ബദലായി സംഘടന പറയുന്നത് അവര്‍ അല്‍പ വസ്ത്രധാരിയാണ് എന്നാല്‍ സാരി ധരിച്ചു വന്നാല്‍ പരിപാടി കാണാന്‍ ഞങ്ങള്‍ പോകാം എന്നുമാണ്.

രണ്ടു വര്‍ഷം മുന്‍പ് സണ്ണി ലിയോണ്‍ കൊച്ചിയില്‍ ഒരു മൊബൈല്‍ ഷോപ്പിന്റെ ഉത്ഘാടനത്തിന് എത്തിയപ്പോഴും കേരളത്തില്‍ പല കോണുകളില്‍ നിന്നും ഇത്തരം സദാചാര ബോധങ്ങള്‍ ഉണരുകയുണ്ടായി.

അന്നും സണ്ണി ലിയോണിന്റെ വരവ് എതിര്‍ക്കപ്പെട്ടിരുന്നു, അവര്‍ കൊച്ചിയില്‍ വന്നപ്പോള്‍ ഏതൊരു സൂപ്പര്‍ താരത്തിനും ലഭിക്കാത്ത സ്വീകാര്യതയാണ് അവിടെ ലഭിച്ചത്.

അന്ന് സണ്ണി ലിയോണിനെ മാത്രമല്ല അവിടെ തടിച്ചുകൂടിയ ആളുകളെയും സോഷ്യല്‍ ഓഡിറ്റിങിന് പലരും വിധേയമാക്കിയിരുന്നു. അവിടെ വന്ന വലിയ വിഭാഗം യുവാക്കള്‍ ഉല്‍പ്പെടുന്ന ജനത Sexual Frustration തീര്‍ക്കാന്‍ വന്നതാണ് എന്ന് കമന്റ് സോഷ്യല്‍ മീഡിയ വഴി പറഞ്ഞവര്‍ കുറവല്ല, ചാനല്‍ ചര്‍ച്ചയില്‍ പോലും പറഞ്ഞവരുണ്ട്.

Related image

അന്നൊരു ഡിബേറ്റില്‍ ഒരാള്‍ പറഞ്ഞത് ഇങ്ങനെയാണ്,

എന്തിനാണ് സണ്ണി ലിയോണിനെ കാണാന്‍ പോകുന്നത്, അവരോടുള്ള ബഹുമാനം നിലനിര്‍ത്തി കൊണ്ട് തന്നെ പറയട്ടെ,

സണ്ണി ലിയോണ്‍ ഒരു porn actress ആണ്, കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ Hardcore XXX Rated ആയിട്ടുള്ള അമേരിക്കയില്‍ അടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്ന അതിലൂടെ പ്രസിദ്ധയായ ഒരു അഭിനേത്രി എന്ന് വിളിക്കാന്‍ കഴിയുമെങ്കില്‍ അത്തരമൊരു കല അഭിനയമാണ് എന്ന് പരിഗണിക്കാന്‍ കഴിയുമെങ്കില്‍ ആ അഭിനേത്രി ആയൊരു വ്യക്തിയാണ്.

ഈ സണ്ണി ലിയോണിനെ കാണാന്‍ പോകുന്നത് ലതാ മങ്കേഷ്‌ക്കറിന്റെ സ്വരമോ, അമിതാബ് ബച്ചന്റെ ഗരിമയോ കാണാന്‍ ഒന്നുമല്ലല്ലോ ! ഇക്കിളിപ്പെടുത്തുന്ന സുഖമുണ്ടാക്കുന്ന അതിനെക്കുറിച്ച് പരസ്പരം പറയാന്‍ കഴിയുന്ന സാഹചര്യം ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെല്ലാം മോശക്കാരാണ് സദാചാര വാദികളാണ് എന്ന് പറയുന്നത് ശെരിയാണോ

സ്വന്തം ഫെസ്ബുക്ക് ഒഫിഷ്യല്‍ പേജ് പോണ്‍ സൈറ്റ് അഡ്രസ്സില്‍ ആരംഭിച്ച്, റീച്ച് നേടി പിന്നീട് സ്വന്തം പേരിലേക്ക് ചെയ്ഞ്ച് ചെയ്തു എന്ന് ആരോപണം നേരിടേണ്ടി വന്ന ആളുകളാണ് ഇത്തരം സദാചാര ഓഡിറ്റിങ് നടത്തുന്നതെന്ന് തിരിച്ചറിയണം.

ഇതുതന്നെയാണ് കപട സദാചാരത്തിന്റെ യഥാര്‍ത്ഥ മുഖം, സാരി ഉടുത്തു വന്നാല്‍ അംഗീകരിക്കാന്‍ തയ്യാറാണ് എന്ന് പറയുന്നതിന്റെ മറ്റൊരു വശം.

പക്ഷെ സണ്ണി ലിയോണ്‍ നമ്മുടെ സദാചാര മൂല്യങ്ങള്‍ പലതും കൊച്ചിയിലേക്കുള്ള ആ ഒരൊറ്റ വരവിന് തകര്‍ത്തു കളയുകയുണ്ടായി.

സണ്ണി ലിയോണ്‍ വന്ന ദിവസം അവിടെ തടിച്ചുകൂടിയ യുവാക്കളില്‍ ഒരാള്‍ ചാനല്‍ റിപ്പോര്‍ട്ടറോട് പറഞ്ഞത് ഇങ്ങനെയാണ്,

‘സണ്ണിയെ കണ്ടത് ഞങ്ങള്‍ക്ക് ജീവിതത്തില്‍ കിട്ടിയ സുവര്‍ണ അവസരമാണ്, നേരിട്ട് കാണുമെന്ന് വിചാരിച്ചതല്ല, ദൂരെ നിന്നായാലും കാണാന്‍ പറ്റിയതില്‍ വളരെ സന്തോഷമുണ്ട് എന്ന് ‘

സില്‍ക്കിന്റെ, ഷക്കീലയുടെ സിനിമകള്‍ കാണാന്‍ പരിചയക്കാരുടെ കണ്ണുവെട്ടിച്ച്, തലയില്‍ മുണ്ടിട്ട് പോകേണ്ട ഗതികേടില്‍ ജീവിച്ച യുവത്വത്തില്‍ നിന്ന്, കൊച്ചിയില്‍ ഇങ്ങനെ അഭിപ്രായം പറഞ്ഞ യുവാവിലേക്ക് അന്നവിടെ കൂടിയ ആളുകളിലെക്ക് വളരെ ദൂരമുണ്ട്.

ചാനല്‍ ചര്‍ച്ചകളിലും, സോഷ്യല്‍ മീഡിയയില്‍ കപട സദാചാര മൂല്യങ്ങള്‍ വിളമ്പുന്ന ആളുകളെക്കാള്‍ എത്രയോ മഹത്തരമാണ് അത്.

എന്നാലും സണ്ണി ലിയോണ്‍ കേരളത്തില്‍ കണ്ടത് ഇതൊന്നും അല്ല കെട്ടോ, വലിയൊരു വിഭാഗം ജനതയുടെ സ്‌നേഹം മാത്രമാണ്, അതുകൊണ്ട് തന്നെ അവര്‍ കേരളത്തെ മറന്നില്ല,

പ്രളയം ഉണ്ടായ ഘട്ടത്തില്‍ ഒന്നേകാല്‍ ടണ്‍ ഭക്ഷണ സാധനങ്ങള്‍ അവര്‍ കേരളത്തിന് സംഭാവന നല്‍കിയെന്നും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അഞ്ച് കോടി രൂപ സംഭാവന നല്‍കി എന്നുമൊരു വാര്‍ത്ത വരുകയും പിന്നീട് അതിന്‍മേല്‍ ചര്‍ച്ച നടന്നപ്പോള്‍, സണ്ണി ലിയോണിന്റെ ഓഫീസ് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ റിപ്പോര്‍ട്ട് സണ്ണി ലിയോണ്‍ സംഭാവന നല്‍കിയിട്ടുണ്ടെന്നും തുക എത്രയെന്ന് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്നുമാണ്.

സണ്ണി ലിയോണിന്റെ ഓഫീസ് പറഞ്ഞത് പോലെ അവരുടെ ചാരിറ്റി അവരുടെ പേഴ്സണല്‍ വിഷയമാണ്, പക്ഷെ അവരുടെ വ്യക്തിജീവിതത്തെ കുറ്റപ്പെടുത്താന്‍ ഇറങ്ങുന്നവര്‍ അവരുടെ ജീവിതത്തിലെ എല്ലാ വശവും പറഞ്ഞു തന്നെ ഓഡിറ്റ് ചെയ്യണം.

ലോസ് അഞ്ചലോസില്‍ റോക്ക് ആന്റ് റൊള്‍ എന്ന പരുപാടി വഴി ലഭിച്ച പണം മുഴുവന്‍ അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിക്ക് സംഭാവന ചെയ്ത, ഇന്ത്യക്കാരിയായ ഒരു പെണ്‍കുട്ടിയെ ദത്തെടുത്തു വളര്‍ത്തുന്ന, തന്റെ വരുമാനത്തില്‍ വലിയൊരു ഭാഗം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റി വെക്കുന്ന ആളു കൂടിയാണ് സണ്ണി ലിയോണ്‍.

Image result for sunny leone happiness

അവര്‍ മുന്‍പ് രണ്ട് ആണ്‍കുട്ടികളെ വാടക ഗര്‍ഭപാത്രം വഴി സ്വന്തമാക്കിയിരുന്നു കഴിഞ്ഞ ഫെബ്രുവരിയില്‍ അവരുടെ ആദ്യ ജന്‍മദിനം ആഘോഷിക്കുകയും ചെയ്തു.

ഇങ്ങനെ അന്വേഷിച്ചാല്‍ നിരവധി കാര്യങ്ങള്‍ അതില്‍ കാണാന്‍ കഴിയും, പക്ഷെ നമ്മള്‍ അതൊന്നും കാണില്ല.

സാധാരണ ഗതിയില്‍ മുഖ്യധാരാ നായികമാരുടെ കാര്യത്തില്‍ പോലും, അഭിപ്രായങ്ങള്‍, വസ്ത്രധാരണ രീതി, വ്യക്തിജീവിതം ഒക്കെ സസൂക്ഷ്മം നിരീക്ഷിച്ച് ട്രോളുകളും, വെര്‍ബല്‍ അബ്യൂസും നടത്തുന്നത് സോഷ്യല്‍ മീഡിയ കാലത്ത് സാധാരണമാണ്.

അപ്പോള്‍ പിന്നെ സണ്ണി ലിയോണ്‍ എന്ന താരത്തിന്റെ കാര്യത്തില്‍ എടുത്തു പറയേണ്ടതില്ലല്ലോ, ഒരിക്കല്‍ ഒരു ചാറ്റ് ഷോയില്‍ പങ്കെടുക്കവെ ഒരു ട്രോളിന് അവര്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്,

മറ്റെല്ലാ മാര്‍ഗങ്ങളും ഇല്ലാതായാലേ സണ്ണി ലിയോണ്‍ കുടുംബ ബിസിനസ് തന്റെ മക്കള്‍ക്ക് നിര്‍ദ്ദേശിക്കൂ എന്നായിരുന്നു ട്രോള്‍, ഇതിന് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.

അവര്‍ക്ക് പക്ഷേ ഇന്ത്യന്‍ സിനിമാ മേഖലയുടെ ഭാഗമാകണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ അത് വലിയൊരു കാര്യമായാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കില്‍ എന്റെ മകള്‍ക്ക് ഞാന്‍ തുടങ്ങിയ കോസ്‌മെറ്റിക് ബിസിനസോ രണ്ട് വര്‍ഷം മുന്‍പ് ഞാന്‍ തുടങ്ങിവച്ച പെര്‍ഫ്യൂം ബിസിനസോ തുടര്‍ന്ന് കൊണ്ടുപോകാന്‍ താത്പര്യമുണ്ടങ്കില്‍ അതൊരു വലിയ കുടുംബ ബിസിനസ് ആയാണ് എനിക്ക് തോന്നുന്നത്.

മറ്റുള്ളവരോട് കാരുണ്യവും അലിവുമുള്ള നല്ല മനുഷ്യരായി വളര്‍ത്തിയെടുക്കുക എന്നതാണ് എന്റെ ജീവിതലക്ഷ്യം. അവര്‍ അഡള്‍ട് സിനിമാ മേഖലയില്‍ ജോലി ചെയ്യുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമാണ്.

അവര്‍ക്ക് വക്കീലാകണോ, ഡോക്ടറാകണോ, ബഹിരാകാശ യാത്രികനാകണോ അതല്ല അമേരിക്കയുടെ പ്രസിഡന്റാകണോ അതെല്ലാം അവരുടെ ഇഷ്ടമാണ് സണ്ണി ലിയോണ്‍ പറയുന്നു.

പോണ്‍ കാണുന്നത് എന്തോ പാപമായി ചിത്രീകരിക്കാന്‍ യാഥാസ്ഥിതിക മൂല്യങ്ങള്‍ പരസ്യമായി ഉയര്‍ത്തി പിടിച്ച് അതേസമയം സ്വകാര്യതയില്‍ അതില്‍ ആസ്വാദനം കണ്ടെത്തുന്ന ആളുകളോട്.

നോക്കൂ അവര്‍ക്ക് അവരുടെ കുട്ടികളെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പോലും എത്ര മഹത്തരമാണെന്ന്,

നമ്മുടെ കപട യാഥാസ്ഥിതികതയും സദാചാര മൂല്യങ്ങളും ഒക്കെ എത്ര വലിയ തോല്‍വിയാണ് അവരുടെ മുന്‍പില്‍.