മോഡി വേഴ്‌സസ് മതേതര മമത എന്ന് പറഞ്ഞാല്‍ ചരിത്രം ചിരിക്കും
FB Notification
മോഡി വേഴ്‌സസ് മതേതര മമത എന്ന് പറഞ്ഞാല്‍ ചരിത്രം ചിരിക്കും
ശ്രീജിത്ത് ദിവാകരന്‍
Monday, 4th February 2019, 8:55 pm

മോഡി വേഴ്സസ് മമത എന്ന് ആവര്‍ത്തിച്ച് പറയുന്നവരോട്

ഇപ്പോള്‍ പശ്ചിമ ബംഗാളില്‍ നടക്കുന്നത് മോഡി വേഴ്സസ് മമതയല്ല, തൃണമൂല്‍ വേഴ്സസ് ലെഫ്റ്റ് ആണെന്ന് പറഞ്ഞാല്‍ തല്ലിക്കൊല്ലാന്‍ വരരുത്. മുഴുവന്‍ വായിക്കണം.

നോക്കൂ, ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ല. എസ്.പിയും ബി.എസ്.പിയും മിക്കവാറും 39 സീറ്റുകളില്‍ വീതമാകും യു.പിയില്‍ മത്സരിക്കുക. അഥവാ ഒറ്റയ്ക്ക് നാല്‍പത് സീറ്റു നേടാനാവില്ല. ഡി.എം.കെ ക്കോ, ബി.ജെ.ഡിക്കോ ലാലുവിനോ ആര്‍ക്കും 40 സീറ്റുകള്‍ ഒറ്റയ്ക്ക് നേടാനുള്ള ശേഷിയില്ല. പക്ഷേ മമതയ്ക്ക് വേണമെങ്കില്‍ ആകാം. 42 സീറ്റുകളുള്ള പശ്ചിമബംഗാളില്‍ സി.പി.ഐ.എം. തിരിച്ചുവരുന്നു എന്ന വാര്‍ത്തപോലും മമതയ്ക്ക് അശുഭമാകുന്നത് അതുകൊണ്ടാണ്. ഉച്ചമുതല്‍ എ.ബി.പി പോലുള്ള ഒരു ചാനല്‍ ബ്രിഗേഡ് റോഡിലെ പത്തുലക്ഷം പേരുടെ ചുവന്ന കടല്‍ സംപ്രേക്ഷണം ചെയ്യുന്നത് നന്നാകില്ല. ആ സമയത്തുള്ള സി.ബി.ഐയുടെ കൊല്‍ക്കത്ത കമ്മീഷണറെ ചോദ്യം ചെയ്യാനുള്ള വരവ് ആഘോഷമാക്കി മമത മാറ്റുന്നത്, വെല്ലുവിളിക്കുന്നത്, മമതയല്ലാതെ ഒരു ശബ്ദവും പശ്ചിമ ബംഗാളില്‍ നിന്ന് ഉയരരുത് എന്ന ഉറപ്പിനാണ്. മമത വേഴ്സസ് മോഡി എന്നതായാലെ 42-ല്‍ 40 അല്ലെങ്കില്‍ അതിനടുത്ത് സീറ്റുകളോടെ അടുത്ത തെരഞ്ഞെടുപ്പിന് ശേഷമുള്ള ഓട്ടമത്സരത്തില്‍ മമതയ്ക്ക് ഒന്നാമതെത്താന്‍ പറ്റുകയുള്ളൂ.

Mamata Banerjee

മമത യോഗ്യതയില്ലാത്ത ആളൊന്നുമല്ല. ഷീ ഹാസ് ഹെര്‍ ഓണ്‍ ഹിസ്റ്ററി.

1993-ല്‍ 38 വയസുള്ളപ്പോള്‍ കായിക ഇന്ത്യയെ കുറിച്ചുള്ള തന്റെ നവീന പദ്ധതികള്‍ വയോവൃദ്ധനായ പ്രധാനമന്ത്രി നരസിംഹറാവു അംഗീകരിക്കുന്നില്ല എന്ന് ചൂണ്ടിക്കാണിച്ച് എച്ച്.ആര്‍.ഡി കായിക-സഹമന്ത്രി സ്ഥാനം ഉപേക്ഷിച്ചിറങ്ങിയപ്പോള്‍ മുതല്‍ മാധ്യമങ്ങളുടേയും ബി.ജെ.പി-കോണ്‍ഗ്രസ് ഇതര രാഷ്്ട്രീയ-മാധ്യമ ലോകത്തിന്റേയും പ്രിയങ്കരിയാണ് മമത. ക്ഷുഭിതയായ മമത ആഘോഷിക്കപ്പെട്ടു.

വനിത ബില്ലിനെതിരെ ആക്രോശിച്ച എസ്.പിയുടെ ആണൊരുത്തനെ പാര്‍ലമെന്റില്‍ കോളറില്‍ പിടിച്ച് പുറത്തേയ്ക്ക് വലിച്ചിഴച്ചു. ഞാന്‍ മാത്രമാണ് കോണ്‍ഗ്രസില്‍ അഴിമതി രഹിത എന്ന് സംശയലേശമെന്യേ പ്രഖ്യാപിച്ചു. ചെറുപ്പത്തില്‍ മുഖ്യമന്ത്രി ജ്യോതിബസുവിന്റെ കാറ് തടയാനായി ചാടിയിറങ്ങി മര്‍ദ്ദനം നേരിട്ട കാലത്ത് പശ്ചിമബംഗാളിലെ മുഖ്യമന്ത്രിയാകുമെന്ന് മനസിലുറപ്പിച്ച ആ ദാര്‍ഢ്യം പ്രധാനമന്ത്രിയോട് പിണങ്ങി മന്ത്രിസ്ഥാനത്ത് നിന്ന് ഇറങ്ങുമ്പോഴുമുണ്ടായിരുന്നു. നാളെയൊരിക്കല്‍ പ്രധാനമന്ത്രിയാകുമെന്ന നിശ്ചയം.

ദല്‍ഹിയിലേയ്ക്കുള്ള വഴി കൊല്‍ക്കത്ത വഴിയാണെന്ന് അന്നേ മമതയ്ക്കറിയാമായിരുന്നു. സി.പി.ഐ.എമ്മിനേക്കാള്‍ ശത്രുത കോണ്‍ഗ്രസിനോടൊരു കാലമുണ്ടായിരുന്നു. പ്രത്യേകിച്ചും കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസുമായി പശ്ചിമബംഗാളില്‍ മമത ചുവടുറപ്പിക്കുമ്പോള്‍ ബംഗാള്‍ പി.സി.സി പ്രസിഡന്റായിരുന്ന പ്രിയരഞ്ജന്‍ ദാസ്മുന്‍ഷിയോട്. തൃണമൂല്‍ കാലത്തോടെ പശ്ചിമബംഗാളില്‍ പ്രതിപക്ഷത്തെത്തിയെങ്കിലും ഭരണം പിടിക്കാന്‍ കാത്തിരിക്കണമായിരുന്നു. ബാബ്രിപള്ളി പൊളിച്ചതിനും ബി.ജെ.പി അക്രമോത്സുകതയുടെ തീഷ്ണവെറുപ്പിന്റെ പ്രകടനത്തിനും ശേഷവും എന്‍.ഡി.എയുമായി സഖ്യമുണ്ടാകുന്നതിന് ഏതെങ്കിലും മൂല്യം തടസമാണെന്ന് അവര്‍ കരുതിയിരുന്നില്ല. റെയില്‍വേ മന്ത്രിയെന്ന നിലയില്‍ ആദ്യ ബജറ്റ് ഏതാണ്ട് പശ്ചിമബംഗാള്‍ സംസ്ഥാനത്തിനുള്ള ബജറ്റുപോലെ ആയിരുന്നു. എതിര്‍പ്പുകളെ വകവച്ചില്ല.

Image result for brigade rally

2001-ല്‍ ഓപറേഷന്‍ വെസ്റ്റ് എന്‍ഡുമായി തെഹല്‍കെ വന്നതാണ് മമതബാനര്‍ജിയുടെ ഏറ്റവും വലിയ ഭാഗം. അതിന്റെ പേരില്‍ എന്‍.ഡി.എ വിടാന്‍ മമതയ്ക്കായി. അല്ലെങ്കില്‍ ഗുജറാത്ത് വംശഹത്യക്കാലത്ത് അദ്വാനിയുടെ പ്രഭാവത്തിനും വാജ്പേയിയുടെ കവിത്വത്തിലും പുലര്‍ന്നിരുന്ന കേന്ദ്രമന്ത്രിസഭായോഗങ്ങളില്‍ മമതയും സോഷ്യലിസ്റ്റ് ജോര്‍ജ്ഫെര്‍ണാണ്ടസിരുന്നത് പോലെ തന്നെയുണ്ടായേനെ. ആ ദിവസങ്ങളില്‍ കേന്ദ്രമന്ത്രിയായിരുന്നില്ല എന്നേ ഉള്ളൂ. അതേ ബി.ജെ.പി മന്ത്രിസഭയില്‍ അവസാനകാലത്ത് മമത മടങ്ങിയെത്തി. വാജ്പേയി സര്‍ക്കാരിന്റെ അവസാന കാലങ്ങളില്‍ ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രവാക്യത്തില്‍ മതിമറന്ന് ബി.ജെ.പി സര്‍ക്കാര്‍ മടങ്ങിയെത്തുന്നുവെന്ന പ്രതീക്ഷയായിരുന്നു മമതയ്ക്കുണ്ടായിരുന്നത്. ഈ പറയുന്ന ഒരു മതേതര മൂല്യവും തിരികെ എത്തി കല്‍ക്കരിഖനി മന്ത്രിയാകുന്നതിന് തടസമായിരുന്നില്ല.

2004-ല്‍ പശ്ചിമബംഗാള്‍ സി.പി.ഐ.എം തൂത്തുവാരി. മമത മാത്രമേ ലോകസഭയില്‍ തൃണമൂലിന്റെ പ്രതിനിധി ഉണ്ടായിരുന്നുള്ളൂ. പ്രതിപക്ഷ നിരയില്‍ അദ്വാനിക്കും ജസ്വന്ത് സിങ്ങും ഒപ്പം ഇരുന്നിരുന്ന മമത 2006-ല്‍ പശ്ചിമബംഗാളിലെ “അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ” സംസ്ഥാന സര്‍ക്കാര്‍ നേരിടാത്തതിന്റെ പ്രശനം അടിയന്തിര പ്രമേയമായി അവതരിപ്പിക്കുന്നതിന് സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അവസരം നിഷേധിച്ചുവെന്ന കാരണത്താലാണ് എം.പി സ്ഥാനം രാജിവച്ചത്. അപ്പോഴേയ്ക്കും സിംഗൂരിലെ പ്രക്ഷോഭം മമത ആരംഭിച്ചിരുന്നു. എന്നിട്ടും 2005-ല്‍ മമതയുടെ അഭിമാന പ്രശ്നങ്ങിലൊന്നായിരുന്ന കൊല്‍ക്കത്ത കോര്‍പറേഷന്‍ കൈവിട്ടു. 2006-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ സിറ്റിങ്ങ് എം.എല്‍.എമാരില്‍ പകുതിയും പരാജയപ്പെട്ടു. സി.പി.ഐ.എം വന്‍ ഭൂരിപക്ഷത്തില്‍ തിരിച്ചെത്തി.

ആ തെരഞ്ഞെടുപ്പ് വിജയമായിരുന്നു സി.പി.ഐ.എമ്മിന്റെ ഏറ്റവും വലിയ തിരിച്ചടി. സിംഗൂര്‍ പ്രക്ഷോഭം ആരംഭിച്ചതിന് ശേഷവും നേടിയ ഉജ്ജ്വലവിജയം അവരുടെ കാഴ്ചയും വെളിച്ചവും നഷ്ടപ്പെടുത്തി. നന്ദിഗ്രാം പ്രക്ഷോഭങ്ങളാരംഭിച്ചതോടെ സി.പി.ഐ.എമ്മിന്റെ തകരാത്ത കോട്ടകളാണ് എന്ന് എല്ലാവരും കരുതിയിരുന്ന മിഡ്നാപൂരും 24 പര്‍ഗാനയും ഇളകി തുടങ്ങിയപ്പോഴാണ് മുസ്ലീം വോട്ട് ബാങ്കിന്റെ സ്ഥൈര്യം മമതയ്ക്ക് പുതിയ വെളിച്ചം നല്‍കി. പിന്നെയവര്‍ മതേതര രാഷ്ട്രീയം വിട്ടിട്ടില്ല. 2009-ല്‍ ദാസ്മുന്‍ഷി കിടപ്പായതിന് ശേഷം യു.പി.എയുമായി അടുത്തു. എന്നിട്ടും ദീപദാസ്മുന്‍ഷിയുള്ള പക വിട്ടില്ല.

ഇതിപ്പോള്‍ നല്ല മുഹൂര്‍ത്തമാണ്. പശ്ചിമബംഗാള്‍ പോലുള്ള ഒരു സംസ്ഥാനം വെല്‍ഫെയര്‍ സ്റ്റേറ്റായി കൊണ്ടുപോവുക എളുപ്പമല്ല. മാവോയിസ്റ്റുകള്‍ മുതല്‍ പരിസ്ഥിതി-സാഹിത്യ ആക്ടിവിസ്റ്റുകള്‍ വരെയുള്ള ആളുകള്‍ നല്‍കിയ പിന്തുണ നിലനിര്‍ത്തുക പാടാണ്. അഴിമതി പാര്‍ട്ടിയില്‍ പടര്‍ന്ന് കഴിഞ്ഞു. സി.പി.ഐ.എം മൂന്നരപതിറ്റാണ്ടുകൊണ്ടുണ്ടാക്കിയ ഡാമേജ് പതുക്കെ പതുക്കെ പടരുന്നുണ്ട്. മാറാന്‍ മടിയുള്ള മനുഷ്യരാണ് ബംഗാളികള്‍ എന്നുള്ളതാണ് ആശ്വാസം. ഇപ്പോള്‍ ബംഗാള്‍ അടുത്ത തലമുറയ്ക്ക് കൈമാറി ദേശീയ തലത്തിലേയ്ക്ക് പോകാന്‍ പറ്റിയ സമയമാണ്.

അഥവാ എല്‍.ഡി.എഫിനും കോണ്‍ഗ്രസിനുമായി പശ്ചിമ ബംഗാളിലെ സീറ്റുകള്‍ ചിതറിപ്പോയാല്‍ മതേതര സഖ്യത്തിന് ഒന്നും സംഭവിക്കില്ല. പക്ഷേ മമതയ്ക്ക് ക്ഷീണമാകും. ഒന്നു കൂടി പറഞ്ഞാല്‍ ജനവരി 19-ലെ ബ്രഗേഡ് മൈതാനത്തെ മതേതര റാലി വേഴ്സസ് ഫെബ്രുവരി മൂന്നിലെ ബ്രിഗേഡ് മൈതാനത്തെ എല്‍.ഡി.എഫ് റാലിയാണ് തത്കാലം ബംഗാളിലുള്ളത്.

മമത ഇത്തവണത്തെ മതേതര സഖ്യത്തിലെ പ്രധാന നേതാവാണ് എന്ന് അംഗീകരിച്ചുകൊണ്ട് തന്നെയാണ് ഇതുവരെ പറഞ്ഞത്.

ശ്രീജിത്ത് ദിവാകരന്‍
ഡൂള്‍ന്യൂസ് എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.