ചാരിറ്റി ആവശ്യമില്ലാത്ത കാലം വരുന്നതുവരെ ഫിറോസുമാര്‍ ഉണ്ടാകും, കലഹിച്ചിട്ടു കാര്യമില്ല
FB Notification
ചാരിറ്റി ആവശ്യമില്ലാത്ത കാലം വരുന്നതുവരെ ഫിറോസുമാര്‍ ഉണ്ടാകും, കലഹിച്ചിട്ടു കാര്യമില്ല
കെ.ജെ ജേക്കബ്
Thursday, 13th June 2019, 7:09 pm

അന്നുവരെ കണ്ടിട്ടില്ലാത്ത ഫേസ്ബുക്ക് ഫ്രണ്ട് ഷംസീറിന്റെയൊപ്പമാണ് ഞാന്‍ ആകെയൊരു ഫേസ്ബുക്ക് ചാരിറ്റി പ്രവര്‍ത്തനം നടത്തിയത്. ഷംസീറിന്റെ വാക്കുകളായിരുന്നു പ്രധാനം; ഞാന്‍ എന്റെ നിലയിലും കാര്യങ്ങള്‍ അന്വേഷിച്ചു ഉറപ്പുവരുത്തിയിരുന്നു. ബാങ്ക് അവധി
ദിവസങ്ങളായിരുന്നിട്ടുകൂടി മൂന്നുദിവസം കൊണ്ട് നാലുലക്ഷത്തോളം രൂപ കിട്ടി, കാര്യം നടന്നു. പണം അയച്ചവരാരും തെളിവ് ചോദിച്ചില്ല, വിശ്വാസത്തിന്റെ പുറത്തുമാത്രമാണ് ആളുകള്‍ പണം തന്നത്.

അന്ന് ഷംസീര്‍ ഇടപെട്ടില്ലെങ്കില്‍ ടീനേജ് പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ ഉള്ള ഒരു കുടുംബം വഴിവക്കില്‍ കിടന്നുറങ്ങുമായിരുന്നു; സര്‍ക്കാര്‍ സഹായം സാങ്കേതികകാരണങ്ങള്‍കൊണ്ട് കിട്ടില്ല എന്ന അവസ്ഥയായിരുന്നു.

എന്നുവച്ചാല്‍ ചാരിറ്റികൊണ്ടുകൂടിയൊക്കെയാണ് പലപ്പോഴും ഗുരുതരമായ ചില പ്രശ്‌നങ്ങള്‍ക്കു പെട്ടെന്ന് പരിഹാരം കാണാനാകുക; അല്ലെങ്കില്‍ അതിന്റെ ആവശ്യമില്ലാത്ത ഒരു സാമൂഹ്യാവസ്ഥ നാട്ടിലുണ്ടാകണം. അതുവരാത്തതുവരെ അതിങ്ങിനെയൊക്കെത്തന്നെ ആയിരിക്കും എന്നാണ് എന്റെ ബോധ്യം.

പക്ഷെ അതിനര്‍ത്ഥം നാട്ടിലെ നിയമങ്ങള്‍ പാലിക്കേണ്ടതില്ല എന്നാണ് എന്ന് ധരിക്കുന്നത് ബുദ്ധിപരമായ, ഗുണകരമായ കാര്യമാവില്ല.

മനസിലാകുന്നിടത്തോളം ശ്രീ ഫിറോസ് ജീവിതം വഴിമുട്ടിനില്‍ക്കുന്ന പല മനുഷ്യരുടെയും പ്രശ്‌നങ്ങളില്‍ ഇടപെടുകയും വലിയ തുകകള്‍ സമാഹരിച്ചു കൊടുക്കുകയും ചെയ്യുന്ന ആളാണ്; അത് മിക്കവാറും റെഗുലറായി നടക്കുകയും ചെയ്യുന്നുണ്ട്. രണ്ടു ലക്ഷം രൂപയ്ക്കു്‌ന്മേലുള്ള മിക്കവാറും ട്രാന്‍സാകഷനുകള്‍ ഇപ്പോള്‍ ബാങ്കുകളുടെ നിരീക്ഷണത്തിലാണ്; തുക കൂടുന്തോറും നിരീക്ഷണവും കര്‍ശനമാകും.

( ഈ തുകകളില്‍ ചിലപ്പോള്‍ മാറ്റങ്ങള്‍ വരാറുണ്ട്) ഇത്തരം കാര്യങ്ങള്‍ എളുപ്പമാകാനായിരിക്കണം ബാങ്ക് പാന്‍ വിവരങ്ങള്‍ ചോദിച്ചിട്ടുണ്ടാകുക. അതുകൊണ്ടു എനിക്ക് അദ്ദേഹത്തോടുള്ള അഭ്യര്‍ത്ഥന ബാങ്ക് പൂട്ടിക്കാന്‍ നടക്കുന്നതിലും അദ്ദേഹം സഹായിക്കാന്‍ ശ്രമിക്കുന്ന മനുഷ്യര്‍ക്കും അദ്ദേഹത്തോടൊപ്പം നില്‍ക്കുന്നവര്‍ക്കും എന്തുകൊണ്ടും നല്ലത് കാര്യങ്ങള്‍ നിയമാനുസൃതമായി, ഒരു ട്രസ്‌റിന്റെയോ മറ്റോ രൂപത്തില്‍ കൊണ്ടുനടക്കുന്നതാണ്.

ഒരു കാര്യം കൂടി, അദ്ദേഹത്തിന് ഒരു സുഹൃത്ത് ഒരു ഇന്നോവ കാര്‍ സംഭാവന ചെയ്തു എന്ന് കണ്ടു. അതുപോലും പ്രശ്‌നത്തിലാകും, അദ്ദേഹം ഒരു വ്യക്തിയായി സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്താല്‍. അതിനും മുപ്പതുശതമാനത്തോളം ടാക്‌സ് കൊടുക്കേണ്ടിവരും. (ഇതിപ്പോള്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്‌മെന്റുകാര്‍ അറിഞ്ഞാല്‍, വണ്ടി ഫിറോസിന്റെ പേരിലെങ്കില്‍ നോട്ടീസ് വരാനാണ് സാധ്യത. അങ്ങനെവന്നാല്‍ ആ ഡിപ്പാര്‍ട്ടമെന്റ് പൂട്ടിക്കാം എന്ന് ബുദ്ധി ഫാന്‍സുകാര്‍ ഉപദേശിച്ചുകൊടുക്കാന്‍ വഴിയുണ്ട്. അതിനു നിന്നുകൊടുക്കരുത്; നല്ലൊരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ കണ്ടു കാര്യങ്ങള്‍ നേരത്തെതന്നെ ചെയ്തുവക്കുകയാണ് ബുദ്ധി.) എന്നാല്‍ ട്രസ്റ്റ് രൂപത്തിലുള്ള ഒരു സംവിധാനം ആയാല്‍ ഈ കാര്‍ ട്രസ്റ്റിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യാം; പ്രത്യേകിച്ച് ടാക്‌സ് കൊടുക്കേണ്ടതില്ല; ചിലപ്പോള്‍ ഭാവിയില്‍ സംഭാവന ചെയ്യുന്നവര്‍ക്ക് ടാക്‌സ് ഇളവ് കിട്ടാനും മതി.

ബാങ്ക് നിയമം അനുസരിക്കണം എന്നാവശ്യപ്പെടുമ്പോള്‍ വിജയ് മല്യയെ വെറുതെ വിട്ട ബാങ്കാണ് ഇപ്പോള്‍ ഫിറോസിന്റെ പിറകെ എന്നൊക്കെ ഫാന്‍സുകാര്‍ പറയും. അവര്‍ പല അബദ്ധത്തിലാണ് ഫിറോസിനെ കൊണ്ട് ചാടിക്കുക:. ഒന്ന്: മനുഷ്യര്‍ക്ക് നല്ലതുചെയ്യുന്ന ഒരാളെ ഒരു തട്ടിപ്പുകാരനെ ഹാന്‍ഡില്‍ ചെയ്യുന്നപോലെ ബാങ്ക് ഹാന്‍ഡില്‍ ചെയ്യണം എന്നാണ് ഇക്കൂട്ടര്‍ പറഞ്ഞുവയ്ക്കുന്നത്; മല്യ തട്ടിപ്പിനായി ഇറങ്ങിയ പാര്‍ട്ടിയാണ്; അയാള്‍ക്ക് ഒളിച്ചോടുകയല്ലാതെ മറ്റുവഴിയില്ലായിരുന്നു. അറിയുന്നിടത്തോളം ഫിറോസിന് അതിന്റെ ആവശ്യമില്ല. നിയമം അനുസരിക്കാന്‍ അയാള്‍ക്ക് പ്രശ്‌നം ഉണ്ടാകേണ്ടതില്ല. രണ്ട്; മല്യയ്ക്ക് നിയമനടപടി പേടിച്ചു നാടുവിടേണ്ടിവന്നു; സ്വത്തു മിക്കവാറും കണ്ടുകെട്ടി; വഴിയിലറങ്ങിയാല്‍ നാട്ടുകാര്‍ കൂക്കിവിളിക്കുന്ന അവസ്ഥ വന്നു. ഈ കേസില്‍ മല്യയെ എഴുന്നള്ളിച്ചുവരുന്ന ഫാനുകള്‍ ഇതൊക്കെ അറിഞ്ഞിട്ടുണ്ടാകും എന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്.

നിയമം അനുസരിക്കുന്നതുകൊണ്ടു കാര്യങ്ങള്‍ എളുപ്പത്തിലാവുകയേ ഉള്ളൂ, സഹായം കൂടുതല്‍ ആളുകളിലേക്ക് എത്തുകയെ ഉള്ളൂ എന്ന കാര്യം അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കുന്നു. ബാങ്ക് പൂട്ടലും വോട്ടു ബാങ്ക് കാട്ടലും ഒന്നും പ്രശ്‌നപരിഹാരത്തെ സഹായിക്കില്ല എന്നും.

ചാരിറ്റി ആവശ്യമില്ലാത്ത കാലം വരുന്നതുവരെ ഫിറോസുമാര്‍ ഉണ്ടാകും. അതിനോട് കലഹിച്ചിട്ടു കാര്യമില്ല; അത് നടത്താന്‍ സഹായിക്കുന്ന നിയമത്തോട് ഫിറോസുമാര്‍ കലഹിച്ചിട്ടും കാര്യമില്ല.