കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ കുറ്റിച്ചിറ ഡിവിഷനില്‍ നിന്നും മത്സരിച്ച യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തെഹ്ലിയയ്ക്ക് വിജയം. ആദ്യത്തെ തെരഞ്ഞടുപ്പ് മത്സരത്തില്‍ തന്നെ തെഹ്‌ലിയയ്ക്ക് മിന്നും വിജയമാണ് സ്വന്തമായത്. വോട്ടണ്ണല്‍ തുടങ്ങിയപ്പോള്‍ തന്നെ തെഹ്‌ലിയ മുന്നേറ്റം കാഴ്ചവെച്ചിരുന്നു.
വന്‍ ലീഡിലാണ് വിജയം. ഫാത്തിമ തെഹ്‌ലിയ 2135 വോട്ട് നേടി. എതിരാളിയായ എല്‍.ഡി.എഫിന്റെ ഐ.എന്‍.എല്‍ സ്ഥാനാര്‍ത്ഥിയായിരുന്ന വി,പി റഹിയാനത്ത് ടീച്ചര്‍ 826 വോട്ട് മാത്രമാണ് നേടിയത്.
കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫും യു.ഡി.എഫും ശക്തമായ പോരാട്ടമാണ് കാഴ്ചവെയ്ക്കുന്നത്.
അതേസമയം, കോഴിക്കോട് കോര്‍പ്പറേഷനില്‍ യു.ഡി.എഫ് മേയര്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച പി.എം. നിയാസ് പരാജയപ്പെട്ടു. കോര്‍പ്പറേഷന്‍ വാര്‍ഡ് 12 പാറോപ്പടിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു.
യു.ഡി.എഫ് മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിച്ചിരുന്ന സംവിധായകന്‍ വി.എം. വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെട്ടിരുന്നു.
തുടര്‍ന്നാണ് ആ സ്ഥാനത്തേക്ക് പകരക്കാരാനായി പി.എം നിയാസ് എത്തിയത്. എല്‍.ഡി.എഫിന്റെ അര നൂറ്റാണ്ടോളം നീണ്ട ഭരണം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിട്ടത്.
Content Highlight: Kozhikode Corporation: Fathima Thahiliya wins in Local Body Election