തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പ്രതിയായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമുള്ള സെല്‍ഫി ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് നിയുക്ത എം.എല്‍.എമാരായ ഫാത്തിമ തഹ്‌ലിയയും പി.കെ. ഫിറോസും.

വഞ്ചിയൂര്‍ കോടതിയില്‍ നിന്നുള്ള സെല്‍ഫി ചിത്രമാണ് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. നിയുക്ത എം.എല്‍.എമാരായ അഡ്വ. വിഷ്ണു മോഹനും ഉല്ലാസ് കോവുരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

പങ്കുവെച്ച ചിത്രം

‘പിണറായി സര്‍ക്കാറിനെതിരെ സമരം ചെയ്തതിന്റെ പേരിലുള്ള കേസിന് ഇന്ന് വഞ്ചിയൂര്‍ കോടതിയില്‍ ഹാജരായി. പ്രിയ സുഹൃത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച വിഷ്ണു മോഹന്‍, ഉല്ലാസ് കോവൂര്‍, ഫാത്തിമ തെഹലിയ ഉള്‍പ്പടെ യു.ഡി.എസ്.എഫിന്റെ സഹപ്രവര്‍ത്തകരും കേസിലെ പ്രതികളാണ്.

സംസ്ഥാനത്തുടനീളം ഇക്കഴിഞ്ഞ പത്ത് വര്‍ഷമായി കേസിലകപ്പെട്ട ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ക്ക് കള്ളക്കേസുകളില്‍ നിന്നുള്ള മോചനം കൂടിയായിരിക്കും കേരളത്തിലെ ഭരണമാറ്റം,’ എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് പി.കെ. ഫിറോസ് കുറിച്ചത്.

‘പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തെരുവിലിറങ്ങിയതിന്റെ പേരില്‍ ചുമത്തപ്പെട്ട കേസില്‍ ഇന്ന് വഞ്ചിയൂര്‍ കോടതിയില്‍ ഹാജരായി.

യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും പാലക്കാട് എം.എല്‍.എയുമായിരുന്ന ശ്രീ രാഹുല്‍ മാങ്കൂട്ടത്തില്‍, ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊടുവള്ളിയില്‍ നിന്നു വിജയിച്ചു കയറിയ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സാഹിബ്, ഇരവിപുരത്ത് നിന്ന് വിജയിച്ച അഡ്വ. വിഷ്ണു മോഹന്‍, കുന്നത്തൂരില്‍ നിന്ന് വിജയിച്ച ഉല്ലാസ് കോവൂര്‍ ഉള്‍പ്പെടെ യു.ഡി.എസ്.എഫിന്റെ സഹപ്രവര്‍ത്തകരും കേസിലെ പ്രതികളാണ്.

അങ്ങനെ, കേസുകള്‍ കൊണ്ട് പ്രതിഷേധങ്ങളെ തളയ്ക്കാമെന്ന് കരുതിയവര്‍ക്ക്, ജനാധിപത്യത്തിന്റെ അന്തിമ വിധി ജനങ്ങള്‍ തന്നെ പ്രഖ്യാപിച്ചു,’ എന്നായിരുന്നു പേരാമ്പ്രയില്‍ നിന്നുള്ള മുസ്‌ലിം ലീഗിന്റെ ആദ്യ വനിതാ എം.എല്‍.എയുടെ പോസ്റ്റ്.

ചിത്രം പങ്കുവെച്ചതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

അതേസമയം, യു.ഡി.എഫ് ഹാന്‍ഡിലുകളില്‍ നിന്നും രാഹുല്‍ മാങ്കൂട്ടത്തിലിന് പേരെടുത്തുള്ള പിന്തുണ ലഭിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിക്ക് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് എം.എല്‍.എ സ്ഥാനവും പാര്‍ട്ടി അംഗത്വവും നഷ്ടപ്പെടുന്നത്. ഒന്നിലധികം യുവതികള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി ഉന്നയിച്ചിരുന്നു.

നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നടക്കമുള്ള പരാതികളും മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ പേരിലുണ്ടായിരുന്നു. ഈ കേസുകളില്‍ രാഹുല്‍ ജയില്‍വാസവുമനുഭവിച്ചിരുന്നു.

 

Content Highlight: Fathima Tahlia and P.K. Firoz share selfie with rape accused Rahul Mamkootatil