ബലാത്സംഗത്തിനിരയായി ആത്മഹത്യ ചെയ്ത മകളുടെ മൃതദേഹം ഉപ്പ് നിറച്ച കുഴിയില്‍ സൂക്ഷിച്ച് പിതാവ്; രണ്ടാം പോസ്റ്റുമാര്‍ട്ടം നടത്തണമെന്നാവശ്യം
national news
ബലാത്സംഗത്തിനിരയായി ആത്മഹത്യ ചെയ്ത മകളുടെ മൃതദേഹം ഉപ്പ് നിറച്ച കുഴിയില്‍ സൂക്ഷിച്ച് പിതാവ്; രണ്ടാം പോസ്റ്റുമാര്‍ട്ടം നടത്തണമെന്നാവശ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th September 2022, 9:32 pm

മുംബൈ: ആദിവാസി സ്ത്രീയുടെ മൃതദേഹം 44 ദിവസത്തോളം ഉപ്പ് നിറച്ച കുഴിയില്‍ സൂക്ഷിച്ച് പിതാവ്. മഹാരാഷ്ട്രയിലെ നന്ദുര്‍ബാറിലാണ് സംഭവം. മരണത്തിന് മുമ്പ് മകള്‍ ബലാത്സംഗത്തിനിരയായെന്നും പിതാവ് ആരോപിച്ചു. മകളുടെ ശരീരം രണ്ടാമതും പോസ്റ്റുമാര്‍ട്ടത്തിന് വിധേയമാക്കണമെന്നാവശ്യപ്പെട്ടാണ് ഇത്തരത്തില്‍ ചെയ്തതെന്നാണ് വിശദീകരണം.

വ്യാഴാഴ്ച മുംബൈയിലെ ജെ.ജെ ആശുപത്രിയിലേക്ക് മൃതദേഹം എത്തിച്ചിട്ടുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ സമിതി രൂപീകരിക്കുകയാണെന്നും പോസ്റ്റുമാര്‍ട്ടം വെള്ളിയാഴ്ച നടത്താനാണ് സാധ്യതയെന്നും നടപടിക്രമങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഓഗസ്റ്റ് ഒന്നിന് നന്ദുര്‍ബാറിലെ ധഡ്ഗാവ് താലൂക്കിലെ വാവിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാല് പുരുഷന്മാര്‍ ചേര്‍ന്ന് മകളെ ബലാത്സംഗം ചെയ്തതായി യുവതിയുടെ പിതാവ് പറഞ്ഞിരുന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മരണത്തെ തുടര്‍ന്ന് നന്ദുര്‍ബാറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടം നടത്തിയിരുന്നു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബലാത്സംഗം ചെയ്തതായി കണ്ടെത്തിയിട്ടില്ലെന്നും ആത്മഹത്യയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമായിരുന്നു പോസ്റ്റുമാര്‍ട്ടത്തിന് ശേഷം പൊലീസ് പറഞ്ഞത്.

കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, പൊലീസ് കേസ് ശരിയായ രീതിയില്‍ അന്വേഷിച്ചില്ലെന്നും അതിനാലാണ് മൃതദേഹം സംസ്‌കരിക്കുന്നതിന് പകരം സംരക്ഷിക്കാന്‍ തീരുമാനിച്ചതെന്നും മരിച്ച യുവതിയുടെ പിതാവ് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ആരോപിച്ചു.

മകളുടെ മരണത്തെക്കുറിച്ചുള്ള സത്യം പുറത്തുകൊണ്ടുവരാന്‍ രണ്ടാമത്തെ പോസ്റ്റുമാര്‍ട്ടം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇതിന് കാലതാമസം എടുത്തതോടെയാണ് കുടുംബം മകളുടെ മൃതദേഹം ഉപ്പുനിറച്ച കുഴിയില്‍ സൂക്ഷിച്ചതെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

മൃതദേഹം അഴുകുന്നത് തടയാന്‍ വേണ്ടിയാണ് ഇപ്രകാരം ചെയ്തതെന്നാണ് കുടുംബത്തിന്റെ പ്രതികരണം.

Content Highlight: Father kept daughter body in salt pit who died of rape