എഡിറ്റര്‍
എഡിറ്റര്‍
ഹ്യൂഗോ ഷാവേസ് അന്തരിച്ചു
എഡിറ്റര്‍
Wednesday 6th March 2013 9:10am

കാരക്കസ്: വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് (58) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കാരക്കസിലെ സൈനിക ആശുപത്രിയില്‍ വെനസ്വേലന്‍ സമയം ചൊവ്വാഴ്ച വൈകുന്നേരം 4.25 നായിരുന്നു അന്ത്യം.

Ads By Google

ഔദ്യോഗിക ടെലിവിഷനാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. സംസ്‌കാരചടങ്ങുകള്‍ വെള്ളിയാഴ്ച നടക്കും. രാജ്യത്ത് ഏഴു ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. 14 വര്‍ഷം വെനസ്വേലയുടെ പ്രസിഡന്റായിരുന്നു ഷാവേസ്.

ഷാവേസിന്റെ മരണവാര്‍ത്ത വെനസ്വേല വൈസ് പ്രസിഡന്റ് നിക്കോളാസ് മധുരോ സ്ഥിരീകരിച്ചു.

ക്യൂബയിലെ ഹവാനയിലുള്ള ആശുപത്രിയില്‍ നാലാം തവണ അര്‍ബുദ ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടാഴ്ച മുന്‍പാണ് അദ്ദേഹം വെനസ്വേലയിലേക്ക് മടങ്ങിയെത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം   അദ്ദേഹം പൊതുവേദിയില്‍   പ്രത്യക്ഷപ്പെട്ടിരുന്നില്ല.

2011 ലാണ് ഷാവേസ് അര്‍ബുദബാധിതനായത്. തുടര്‍ന്ന് ക്യൂബയില്‍ ചികിത്സ തേടിവരികയായിരുന്നു. ഡിസംബര്‍ 11ന് ക്യൂബയിലെ ഹവാനയിലുള്ള ആശുപത്രിയില്‍ നാലാമത്തെ അര്‍ബുദ ശസ്ത്രക്രിയക്ക് വിധേയനായ ഷാവേസ് രണ്ടാഴ്ച മുമ്പാണ് വെനസ്വേലയില്‍ മടങ്ങിയെത്തിയത്.

രാജ്യത്ത് മടങ്ങിയെത്തിയിരുന്നെങ്കിലും പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. കാറക്കസിലെ സൈനിക ആശുപത്രിയില്‍ ചികിത്സ തുടരുകയായിരുന്നു അദ്ദേഹം.

കീമോതെറാപ്പി ചികിത്സ തുടരുന്നതിനിടയിലാണ് ശ്വാസതടസ്സം അദ്ദേഹത്തെ അലട്ടിയത്. ട്യൂബ് വഴിയാണ് അദ്ദേഹം ശ്വസിച്ചിരുന്നത്. സംസാരിക്കാനും കഴിഞ്ഞിരുന്നില്ല.

ക്യൂബയിലെ ചികിത്സയിലൂടെ രോഗം ഭേദമായ അദ്ദേഹം ഇക്കഴിഞ്ഞ ഒക്ടോബറില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തുടര്‍ച്ചയായ നാലാംവട്ടവും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ക്യൂബയില്‍ അടുത്തിടെ വൈദ്യപരിശോധന്ക്കായി ചെന്നപ്പോഴാണ് അര്‍ബുദം വീണ്ടും ബാധിച്ചതായി സ്ഥിരീകരിച്ചത്.

1998ലാണ് ഷാവേസ് വെനസ്വേലയുടെ പ്രസിഡന്റായി അധികാരത്തിലെത്തിയത്. 2012ല്‍ ആറു വര്‍ഷത്തേക്ക് വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കിലും അസുഖത്തെ തുടര്‍ന്ന്ഷാവേസിന്റെ സത്യപ്രതിജ്ഞ സുപ്രീം കോടതി ഇടപെട്ട് മാറ്റിവെപ്പിച്ചിരുന്നു.

ദിവസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് പല അഭ്യൂഹങ്ങളും പരന്നിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതായി വൈസ് പ്രസിഡന്റ് നിക്കോളസ് മദുരോ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അദ്ദേഹം ഭരണകാര്യങ്ങളില്‍ ഇടപെടുന്നുണ്ടെന്നും മന്ത്രിമാര്‍ക്ക് നിര്‍ദേശങ്ങള്‍ എഴുതി നല്‍കുന്നുണ്ടെന്നുമായിരുന്നു ഭരണകൂടം വ്യക്തമാക്കിയത്.

രാജ്യത്തെ ഭൂരിപക്ഷവരുന്ന ദരിദ്രജനവിഭാഗങ്ങളുടെ പ്രതീക്ഷയായിരുന്നു ഷാവേസ്.  അമേരിക്കന്‍ ഭരണകൂടത്തിനെതിരേയെടുത്ത നിലപാടുകള്‍ കൊണ്ടും സോഷ്യലിസ്റ്റ് ഭരണരീതി കൊണ്ടും രാജ്യത്തിനകത്തും പുറത്തും നിരവധി ആരാധകരെ നേടാന്‍ ഷാവേസിന് സാധിച്ചിട്ടുണ്ട്.

1954 ജൂലൈ 28 ന് ബരീനാസ് പ്രവിശ്യയില്‍ റെയസിന്റെയും എലീന ഫ്രിയാസിന്റെയും രണ്ടാമത്തെ മകനായാണ് ജനനം. സയന്‍സില്‍ ബിരുദം നേടിയതിനുശേഷം സൈനിക അക്കാദമിയില്‍ ചേര്‍ന്നു. മിലിട്ടറി സയന്‍സിലും എന്‍ജിനിയറിങിലും മാസ്റ്റര്‍ ബിരുദം നേടിയതിനുശേഷം സൈന്യത്തിന്റെ ഭാഗമായി.

ജോലിക്കിടെ തലസ്ഥാനമായ കാരക്കസിലെ സൈമണ്‍ ബൊളിവര്‍ സര്‍വകലാശാലയില്‍ നിന്നും രാഷ്ട്രതന്ത്രശാസ്ത്രത്തില്‍ മറ്റൊരു ബിരുദം കൂടി നേടി. ഈ കാലം ബൊളിവെറിയനിസം എന്ന പുതു സംഘടനയുടെ തുടക്കകാലം കൂടിയായി മാറി. പഠനത്തിനുശേഷം വീണ്ടും സൈന്യത്തിന്റെ ഭാഗമായി.

എംബിആര്‍ എന്ന സംഘടനയുടെ ആവിര്‍ഭാവവും ഇക്കാലത്തായിരുന്നു. ജനങ്ങളെ കൊടിയ ദുരിതങ്ങളിലേക്ക് തള്ളിയിട്ട ആന്ദ്രെ പെരസിന്റെ ഭരണകാലത്ത് അട്ടിമറിയിലൂടെ ഭരണത്തിലെത്താന്‍ ഷാവേസ് ശ്രമിച്ചു.

എന്നാല്‍ 1992 ല്‍ വെനസ്വെലന്‍ സര്‍ക്കാരിനെതിരേ നടത്തിയ പട്ടാള അട്ടിമറിയിലൂടെ ഷാവേസ് ശ്രദ്ധേയനായി. ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്നു ഷാവേസ് തടവിലായി.

രണ്ടു വര്‍ഷത്തിനു ശേഷം ജയില്‍ മോചിതനായ ഷാവേസ്, പുതിയ വെസസ്വെല, പുതിയ യുഗം എന്ന മുദ്രാവാക്യവുമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങി. 1999 ല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു പ്രസിഡന്റ് പദവിയിലേക്ക്. തുടര്‍ന്നു നടന്ന മൂന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിലും ഷാവേസ് ജയിച്ചു.

ഷാവേസ് രണ്ടു വിവാഹം കഴിച്ചിട്ടുണ്ട്. ആദ്യ ഭാര്യ നാന്‍സി കോല്‍മെനര്‍സില്‍ മൂന്നു പെണ്‍കുട്ടികളുണ്ട്. റോസ വിര്‍ജിന, മരിയ ഗബ്രിയേല, റോസിനെസ്. ചരിത്ര ഗവേഷകയായ ഹെര്‍മ മാര്‍ക്‌സ്മാനാണ് രണ്ടാമത്തെ ഭാര്യ.

ഒരു പതിറ്റാണ്ടിനിടെ അര്‍ബുദ രോഗബാധിതനാകുന്ന അഞ്ചാമത്തെ ലാറ്റിന്‍ അമേരിക്കന്‍ നേതാവാണ് ഷാവേസ്. ഇവരെല്ലാം ഇടതുപക്ഷ ആഭിമുഖ്യമുള്ളവരാണ്.

Advertisement