ബാംഗ്ലൂര്‍ ഡേയ്‌സ് ബാംഗ്ലൂരിലെ ഐ.ടി ജോലിക്കാരായ മലയാളികളും, അവരുടെ നാടുമായുള്ള ബന്ധങ്ങളും ഒക്കെ ചിത്രീകരിക്കുന്നുണ്ട്. ആവേശം ബാംഗ്ലൂരില്‍ പഠിക്കാന്‍ പോകുന്ന കുട്ടികളും ബെംഗളൂരുവില്‍ മാത്രം കണ്ടു വരുന്ന പ്രത്യേക തരം ഗുണ്ടയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ്. പക്ഷെ കള്ളിയങ്കാട്ട് നീലിക്ക് ബെംഗളൂരുവില്‍ എന്ത് കാര്യം? | ഫാറൂഖ് എഴുതുന്നു
സിനിമയില്‍ എഡിറ്ററുടെ ജോലി എന്തെന്നറിയാത്ത, ഡി.ഒ.പിയുടെ ഫുള്‍ ഫോം അറിയാത്ത, ഫോര്‍-ഷാഡോയിങ്ങും പ്ലോട്ട്-ട്വിസ്റ്റിങ്ങും തമ്മിലുള്ള വ്യത്യാസം അറിയാത്ത, എന്നെ പോലെയുള്ള ഒരു സാദാ സിനിമ പ്രേക്ഷകനാണ് നിങ്ങള്‍ എങ്കില്‍ ലോകക്ക് അഞ്ചില്‍ എത്ര സ്റ്റാര്‍ കൊടുക്കും?
നമുക്ക് വേണ്ടി ഫഹദ് ഫാസില്‍ ഒരു ഫോര്‍മുല പറഞ്ഞു തന്നിട്ടുണ്ട്. നമ്മള്‍ കുടുംബസഹിതം തിയേറ്ററില്‍ പോയി ടിക്കറ്റെടുത്ത്, തുടക്കത്തില്‍ പോപ്കോണും ഇന്റെര്‍വെലില്‍ ഐസ്‌ക്രീമും വാങ്ങി, സിനിമ കണ്ടിറങ്ങി, പൊറോട്ടയും ബീഫ് ഫ്രൈയും കഴിച്ചു തിരിച്ചു വീട്ടിലെത്തും വരെ എല്ലാവര്‍ക്കും സന്തോഷമാണെങ്കില്‍ സിനിമ നല്ലതാണ്. അഞ്ചില്‍ രണ്ടര സ്റ്റാര്‍ ആ സിനിമക്ക് കൊടുക്കാം.
ബാക്കി രണ്ടര എങ്ങനെ കൊടുക്കും – അതിന് മാഡ് മാക്‌സിന്റെ നിര്‍മാതാവായ ജോര്‍ജ് മില്ലര്‍ മറ്റൊരു ഫോര്‍മുല പറഞ്ഞു തന്നിട്ടുണ്ട്.
‘എനിക്ക്, ഒരു സിനിമ നല്ലതാണെന്നതിന്റെ മാനദണ്ഡം ആ സിനിമ എത്ര കാലം എന്നെ പിന്തുടരുന്നു എന്നതാണ്’ ഇതാണ് ജോര്‍ജ് മില്ലര്‍ പറഞ്ഞത്.
ലളിതമായി പറഞ്ഞാല്‍ ആ സിനിമയയുടെ കഥ, കഥാപാത്രങ്ങള്‍, രംഗങ്ങള്‍ ഒക്കെ നമ്മള്‍ എത്ര കാലം ഓര്‍ക്കുന്നു എന്നതാണ് നല്ല സിനിമയുടെ അളവ്.
ചില സിനിമ കണ്ടു വന്ന് പിറ്റേന്നു രാവിലെ എണീറ്റ് പല്ലുതേക്കുമ്പോഴേക്കും ആ സിനിമയിലെ ഒരു രംഗവും ഓര്‍മയുണ്ടാകില്ല. ചിലത് വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഓര്‍മയുണ്ടാകും. ഓര്‍മകളിലൂടെ നമ്മെ പിന്തുടരുന്ന സിനിമക്ക് ബാക്കി രണ്ടര കൊടുക്കാം.
ഫഹദ് ഫാസിലിന്റെ ആവേശം കണ്ടിട്ട് ഏകദേശം ഒരു വര്‍ഷം കഴിഞ്ഞു, ഇന്നും അതിന്റെ കഥയും കഥാപാത്രങ്ങളും രംഗങ്ങളും ഓര്‍മയുണ്ട്. അതുകൊണ്ട് ഞാന്‍ ജോര്‍ജ് മില്ലര്‍ വക രണ്ടര സ്റ്റാറും ഫഹദ് ഫാസില്‍ വക രണ്ടര സ്റ്റാറും ആവേശത്തിന് കൊടുക്കും. മൊത്തം അഞ്ച്.
ആവേശം സിനിമയിലെ ഒരു രംഗം
ലോകക്ക് ഫഹദ് ഫാസില്‍ പറഞ്ഞ രണ്ടര ഇപ്പോള്‍ കൊടുക്കാം, ഒരു കൊല്ലം കഴിഞ്ഞ ആ സിനിമയിലെ എന്തെങ്കിലുമൊക്കെ ഓര്‍മയുണ്ടെങ്കില്‍ ബാക്കി രണ്ടരയും കൊടുക്കാം. ഏതായാലും ഇപ്പോഴത്തെ സ്ഥിതിയില്‍ ഫുള്‍ മാര്‍ക്ക് കൊടുക്കാന്‍ പറ്റുന്ന സിനിമയാണ് ലോകഃ പൊതുവെ എല്ലാവരും അതംഗീകരിക്കുന്നുണ്ട്.
പുതിയ കാലത്തിലെ ഒരു സൂപ്പര്‍ ഹീറോ സിനിമക്ക് വേണ്ടതെല്ലാം ലോകയിലുണ്ട്, ഫെമിനിസം, വോക്കിസം, ജാതി വിരുദ്ധത, വിപ്ലവം തുടങ്ങി ഫോക്‌ലോര്‍ മുതല്‍ ആധുനിക ശാസ്ത്രം വരെ.
ലോകഃ കാണുന്നതിന് മുമ്പ് ഞാന്‍ കണ്ട രണ്ട് സൂപ്പര്‍ ഹീറോ സിനിമകളാണ് സൂപ്പര്‍മാനും മിഷന്‍ ഇംപോസിബിളും. മിഷന്‍ ഇംപോസിബിള്‍ സാങ്കേതികമായി സൂപ്പര്‍ ഹീറോ മൂവിയല്ല, എന്നാലാണ് താനും. ഇത് രണ്ടും കണ്ട് ഇനി സൂപ്പര്‍ ഹീറോ കാണുന്ന പ്രശ്‌നമില്ല എന്ന് തീരുമാനിച്ച ശേഷമാണ് ലോകഃ കാണുന്നത്.
ഒരു കമ്പ്യൂട്ടര്‍ ഗെയിമിന്റെ നടുക്ക് ടോം ക്രൂസിന്റെ തല വെട്ടി ഒട്ടിച്ചാല്‍ എങ്ങനെയുണ്ടാകും, അതാണ് മിഷന്‍ ഇംപോസിബിള്‍ (ദി ഫൈനല്‍ റെക്കനിങ്). മറ്റുള്ളവര്‍ ഗെയിം കളിക്കുന്നത് കണ്ടു കൊണ്ടിരിക്കുന്ന തൊപ്പി ആരാധകര്‍ക്കൊഴിച്ചു മറ്റെല്ലാവര്‍ക്കും അസഹനീയം.
മിഷന്‍ ഇംപോസിബിള്‍ – ദി ഫൈനല്‍ റെക്കനിങ്
സൂപ്പര്‍മാന്‍ (2025) ലോകഃ പോലെ എല്ലാ കളങ്ങളും നിറയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്, പക്ഷെ വിജയിച്ചിട്ടില്ല. ഫലസ്തീന്‍കാരെ പോലെ വെള്ളക്കാരുടെ വംശഹത്യ നേരിടുന്ന തവിട്ടു നിറക്കാരെ രക്ഷിക്കാന്‍ വെള്ളക്കാരനായ സൂപ്പര്‍മാന്‍ വരുന്ന പരിപാടിയാണ് സൂപ്പര്‍മാന്‍ (2025).
സൂപ്പര്‍മാന്‍
പക്ഷെ വെള്ളക്കാരില്‍ നിന്ന് മറ്റുള്ളവരെ രക്ഷിക്കാന്‍ വെള്ളക്കാരന്‍ സൂപ്പര്‍മാന്‍ വരുന്നത് വെള്ളക്കാര്‍ക്കും ഇരു നിരക്കാര്‍ക്കും കറുത്തവര്‍ക്കും ഇഷ്ടപ്പെട്ടില്ല. ചുരുക്കി പറഞ്ഞാല്‍ ആര്‍ക്കും ഇഷ്ടപ്പെടാതെ സിനിമ ബോക്‌സ് ഓഫീസില്‍ കൂപ്പു കുത്തി.
എന്ത് കൊണ്ടാണ് ലോകഃ ബെംഗളൂരുവില്‍ ചിത്രീകരിച്ചത്? മിക്ക സൂപ്പര്‍ ഹീറോ സിനിമകളും അവരവരുടെ നാട്ടിലാണ് ചിത്രീകരിക്കുക. ഹോളിവുഡിലെ മിക്ക സൂപ്പര്‍ ഹീറോകളും പറന്നു നടക്കുക ന്യൂയോര്‍ക്കിലോ വാഷിങ്ടണിലോ ആയിരിക്കും. ബ്രിട്ടീഷുകാരുണ്ടാക്കുന്നതില്‍ ലണ്ടന്‍, ചൈനക്കാരുണ്ടാക്കുന്നതില്‍ ഷാങ് ഹായി.
കേരളത്തിലും അവസാനമായി വന്ന മിന്നല്‍ മുരളി എന്ന സൂപ്പര്‍ ഹീറോ കേരളത്തിലെ ഒരു ഗ്രാമമാണ് രക്ഷിക്കുന്നത്. തമിഴന്മാര്‍ പൊതുവെ ചെന്നൈ, മധുര, തൂത്തുക്കുടി ഒക്കെയാണ് രക്ഷിക്കുക. ഹിന്ദിക്കാര്‍ പ്രേമിക്കാനും പാട്ടു പാടാനും സ്വിറ്റ്‌സര്‍ലന്‍ഡില്‍ പോവുമെങ്കിലും രക്ഷിക്കാന്‍ പൊതുവെ മുംബൈ ആണ് തിരഞ്ഞെടുക്കാറ്.
മുമ്പൊക്കെ മലയാളം സിനിമ കേരളത്തിന് പുറത്ത് ചിത്രീകരിക്കുന്നതിന് നന്മ നിറഞ്ഞ ഒരു കാരണമുണ്ടായിരുന്നു – മലയാളിയെ ലോകം കാണിക്കുക. നസീറും ജയനും തുടങ്ങി മമ്മൂട്ടിയും മോഹന്‍ലാലും വരെ ആദ്യകാലങ്ങളില്‍ അത്തരം സിനിമകള്‍ ചെയ്തിട്ടുണ്ട്, ലവ് ഇന്‍ സിംഗപ്പൂര്‍ മുതല്‍ അമേരിക്ക-അമേരിക്ക വരെ.
യൂട്യൂബില്‍ വ്‌ളോഗര്‍മാര്‍ ലോകം ചുറ്റിനടന്ന് നമ്മെ കാണിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് സാധാരണ മലയാളി ലോകം കണ്ടത് അങ്ങനെയായിരുന്നു. പ്രേം നസീര്‍ ഒരു സൂട്ട്‌കേസുമായി സിംഗപ്പൂരിലെ വിമാനത്താവളത്തില്‍ ഇറങ്ങും, അവിടെ യാദൃശ്ചികമായി ഒരു മലയാളിയെ കാണും. പുറത്തിറങ്ങി ടാക്‌സി പിടിക്കും, ടാക്‌സി ഡ്രൈവര്‍ യാദൃശ്ചികമായി മലയാളി ആയിരിക്കും, പിന്നെ യാദൃകശ്ചികമായി ഒരു മലയാളി പെണ്‍കുട്ടിയെ കാണും, പ്രേമിക്കും. ഇതങ്ങനെ പുരോഗമിക്കുമ്പോള്‍ മലയാളികള്‍ സിംഗപ്പൂര്‍ മുഴുവന്‍ കാണും.
ഇതിന്റെ കൂടെ തന്നെ റൊമാന്റിക് സിനിമകള്‍ ഊട്ടി, കൊടൈക്കനാല്‍, ബെംഗളൂരു എന്നിവിടെങ്ങളിലെക്കും പോകുന്നത് കൊണ്ട് അവിടങ്ങളിലെ പൂക്കളും തണുപ്പും മലയാളി കേരള ഗ്രാമങ്ങളിലെ തിയേറ്ററുകളില്‍ ഇരുന്ന് ആസ്വദിച്ചു.
പട്ടിണിയും കഷ്ടപ്പാടുമുള്ള നായകനാണെങ്കില്‍ മദ്രാസിലേക്ക് പോകും, പ്രതികാരം ചെയ്യാനാണെങ്കില്‍ ബോംബെയിലേക്ക് പോയി കള്ളക്കടത്തു നടത്തി അധോലോക നായകനായ ശേഷം നാട്ടില്‍ വന്ന് വില്ലനെ കൊല്ലും.
ഇപ്പോഴതിന്റെ ആവശ്യമില്ല, വിദേശ യൂട്യൂബര്‍മാര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മലയാളി കണ്ടന്റ് വിദേശത്തു നിന്നാണ്. മലയാളി വ്‌ളോഗര്‍മാര്‍ പോകാത്ത നാടുകളില്ല. ആഫ്രിക്കയിലെ ഗ്രാമങ്ങളിലൊക്കെ ക്യാമറയും തൂക്കി ആരെങ്കിലും നടക്കുന്നത് കണ്ടാല്‍ മലയാളി വ്‌ളോഗറല്ലേ എന്ന് നാട്ടുകാര്‍ ചോദിക്കുന്ന സ്ഥിതിയാണ്.
എല്ലാ കേരള ഗ്രാമങ്ങളിലും ഇപ്പോള്‍ റെസിഡന്‍സ് അസോസിയേഷന്‍ ഉണ്ട്. അവരൊക്കെ ആറാറു മാസം കൂടുമ്പോള്‍ ബെംഗളൂരു, മൈസൂര്‍, കൊടൈക്കനാല്‍, ഊട്ടി, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളില്‍ പോയി മടുത്തു. ഇപ്പോള്‍ ആരും കേട്ടിട്ടില്ലാത്ത ഏതൊക്കെയോ സ്ഥലങ്ങളില്‍ എന്തിനൊക്കെയോ പോകുന്നുണ്ട്.
ആ സമയത്താണ് ബാംഗ്ലൂര്‍ ഡേയ്‌സ്, ആവേശം, ലോകഃ എന്നിങ്ങനെയുള്ള സിനിമകള്‍ ബെംഗളൂരുവില്‍ നിന്ന് വരുന്നത്. അതില്‍ പ്രത്യേകിച്ച് തെറ്റൊന്നുമില്ല.
ബാംഗ്ലൂര്‍ ഡേയ്‌സ് ബാംഗ്ലൂരിലെ ഐ.ടി ജോലിക്കാരായ മലയാളികളും, അവരുടെ നാടുമായുള്ള ബന്ധങ്ങളും ഒക്കെ ചിത്രീകരിക്കുന്നുണ്ട്. ആവേശം ബാംഗ്ലൂരില്‍ പഠിക്കാന്‍ പോകുന്ന കുട്ടികളും ബെംഗളൂരുവില്‍ മാത്രം കണ്ടു വരുന്ന പ്രത്യേക തരം ഗുണ്ടയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ്. പക്ഷെ കള്ളിയങ്കാട്ട് നീലിക്ക് ബെംഗളൂരുവില്‍ എന്ത് കാര്യം?
ലോക മിക്കവാറും മുഴുവനും ഗ്രീന്‍ സ്‌ക്രീന്‍ വച്ച് സ്റ്റുഡിയോയില്‍ ചിത്രീകരിച്ച സിനിമയാണ്. ബെംഗളൂരു എന്ന് പറയാന്‍ അതില്‍ പ്രത്യേകിച്ചു ഒന്നുമില്ല. ഔട്ട്‌ഡോര്‍ എന്ന് തോന്നിക്കുന്ന സീനുകള്‍ പോലും സ്റ്റുഡിയോയിലാണ്. ബെംഗളൂരുവില്‍ സാധാരണ കാണുന്ന റോഡോ തെരുവോ ഒന്നുമല്ല ലോകയിലേത്, ഒരു സൂപ്പര്‍ ഹീറോ സിനിമയില്‍ അതിന്റെ ആവശ്യവുമില്ല.
ഫ്‌ളാറ്റ്, റോഡ്, ഓഫീസ്, കോഫി ഷോപ്പ്, ഫാക്ടറി ഒക്കെ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ആണ്. ഫ്‌ളാഷ്ബാക്കിലെ കാട് മുഴുവന്‍ ഇന്ത്യന്‍ സിനിമകളില്‍ നിരന്തരം ഉപയോഗിക്കുന്ന സ്റ്റോക്ക് സീനുകളാണ്.
ഒരു സൂപ്പര്‍ ഹീറോ സിനിമയില്‍ ഇതൊക്കെ മുംബൈയില്‍ ആണെന്ന് പറയാം, ദല്‍ഹിയില്‍ ആണെന്ന് പറയാം, ബെംഗളൂരുവില്‍ ആണെന്ന് പറയാം, നമ്മുടെ സ്വന്തം കൊച്ചിയില്‍ ആണെന്നും പറയാം.
ഇത് തമിഴ് സിനിമയാണെങ്കില്‍ ആ സിറ്റി ഉറപ്പായും ചെന്നൈ ആകും. തെലുങ്ക് ആണെങ്കില്‍ ഹൈദരാബാദും കന്നഡയാണെങ്കില്‍ ബെംഗളൂരുവും. മലയാളമാണെങ്കില്‍ അത് കൊച്ചിയാവണം, എന്നിട്ടും അല്ല! കൊച്ചിക്കെന്താണ് ഒരു കുറച്ചില്‍?
ഇതിന് ഉത്തരമായി രണ്ടു തിയറികളാണ് എനിക്കുള്ളത് .
ഒന്ന്,
ശക്തരായ, സ്വതന്ത്രരായ, ഫാഷനബിള്‍ ആയ, നഗര ജീവിതം ആസ്വദിക്കുന്ന പെണ്‍കുട്ടികളെ, അല്ലെങ്കില്‍ സ്ത്രീകളെ കേരളത്തില്‍ കാണിക്കാന്‍ പാടില്ല എന്ന ഒരു ബോധം മലയാളം സിനിമക്കാര്‍ക്കുണ്ട്.
ആണ്‍കുട്ടികളുടെ കൂടെ പാര്‍ട്ടിക്ക് പോകുന്ന, മദ്യപിക്കുന്ന, അത്യാവശ്യം കഞ്ചാവ് വലിക്കുന്ന, ലിവിങ്-ടുഗെതര്‍ ആയി ജീവിക്കുന്ന, പെണ്‍കുട്ടികളെ കേരളത്തിന്റെ പശ്ചാത്തലത്തില്‍ കാണിക്കുക എന്നത് സിനിമാക്കാരുടെ ഒരു നോ-ഗോ ഏരിയ ആണ്.
അഥവാ കാണിച്ചാല്‍ തന്നെ അത് നോര്‍മല്‍ ആയി കാണിക്കാനും കഴിയില്ല, ഒരു റിബല്യണ്‍ ആയിട്ടോ അനോമലി ആയിട്ടോ മാത്രമേ കാണിക്കാന്‍ കഴിയൂ. ബെംഗളൂരുവിന്റെയോ ഹൈദരാബാദിന്റെയോ പശ്ചാത്തലത്തിലാണെങ്കില്‍ അതൊക്കെ ഒരു സാധാരണ സംഭവമായി കാണിക്കാന്‍ കഴിയും.
ഒരു സ്ത്രീ, അവള്‍ ഇനി യക്ഷിയാണെങ്കില്‍ പോലും, ആണ്‍കുട്ടികളുടെ കൂടെ ഫ്‌ളാറ്റില്‍ വെള്ളമടി പാര്‍ട്ടിക്ക് പോകുന്നത് ഒരു സാധാരണ സംഭവം പോലെ കാണിക്കാന്‍ ഇന്നും സിനിമാക്കാര്‍ക്ക് ധൈര്യമില്ല. ഒരുപക്ഷെ കൊച്ചിയുള്‍പ്പടെയുള്ള നമ്മുടെ നഗരങ്ങളിലെ പുതിയ തലമുറയെ അടുത്ത് നിന്ന് കാണാന്‍ കഴിയാത്ത നാല്‍പതുകളിലുള്ള സിനിമക്കാരുടെ ഭാവനയുടെ പരിമിതിയായിരിക്കും, അല്ലെങ്കില്‍ കേരളത്തിലെ കുടുംബ പ്രേക്ഷകര്‍ക്ക് അത് കാണാനുള്ള വിമുഖത കൊണ്ടാവും.
കേരളം ജീവിക്കാന്‍ കൊള്ളാത്ത ഇടമാണ് എന്ന ചെറുപ്പക്കാരുടെ, പ്രത്യേകിച്ച് കോളേജ് കുട്ടികളുടെ പൊതു ധാരണ. അവരാഗ്രഹിക്കുന്ന ഒരു ജീവിതം, അല്ലെങ്കില്‍ അവര്‍ കാണുന്ന അസംഖ്യം സീരീസുകളിലും ട്രാവല്‍ വ്‌ളോഗുകളിലും കാണുന്ന ജീവിതം കേരളത്തില്‍ അവര്‍ കാണുന്നില്ല.
അതേസമയം കേരളത്തിന് പുറത്ത്, ബെംഗളൂരുവിലോ ഹൈദെരാബാദിലോ അത്തരം ജീവിതങ്ങളാണ് എന്ന് അവര്‍ തെറ്റായി വിചാരിക്കുന്നു. അത് കൊണ്ട് തന്നെ സിനിമയില്‍ അത്തരം ജീവിതം നോര്‍മല്‍ ആയി കേരളത്തിലുണ്ട് എന്ന് കാണിക്കുമ്പോള്‍ അവര്‍ക്കത് ഉള്‍ക്കൊള്ളാനാകുന്നില്ല.
‘വന്നു വന്നു കള്ളിയാങ്കട്ട് നീലിക്ക് പോലും ജീവിക്കാന്‍ പറ്റാത്ത സ്ഥലമായി മാറിയോ കേരളം’ – ലോക കണ്ടിറങ്ങുമ്പോള്‍ ഒരു സുഹൃത്ത് ചോദിച്ചതാണ്. ഈ സീരീസില്‍ ഇനി സിനിമ ഉണ്ടാകുകകയാണെങ്കില്‍ കൊച്ചിയുടെ പശ്ചാത്തലത്തില്‍ തന്നെ നിര്‍മിക്കുന്നതാണ് ശരി. എന്തൊക്കെ കുറവുണ്ടെങ്കിലും കഞ്ചാവും എം.ഡി.എം.എയും കിട്ടാത്ത നഗരമാണ് കൊച്ചി എന്ന് ആര്‍ക്കും പരാതി ഉണ്ടാകില്ലല്ലോ.
Content Highlight: Farooq writes about Lokah movie