ആര്‍.ഡി.എക്‌സും കോളനിക്കാരും ന്യൂജന്‍ അമ്മാവന്മാരും
DISCOURSE
ആര്‍.ഡി.എക്‌സും കോളനിക്കാരും ന്യൂജന്‍ അമ്മാവന്മാരും
ഫാറൂഖ്
Tuesday, 26th September 2023, 6:02 pm
ആര്‍.ഡി.എക്‌സിന്റെ പിന്നണിയിലുള്ള സിനിമാക്കാരെ കുറ്റം പറയാന്‍ കഴിയില്ല. തിയേറ്ററില്‍ മധ്യവയസ്‌കന്മാര്‍ കയറിയാലേ സിനിമ ഹിറ്റ് ആകൂ എന്ന് അവരോട് ആരോ പറഞ്ഞു കൊടുത്തു. ഭാവനാ ശൂന്യരായ ആ പാവങ്ങള്‍ പഴയ മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും സുരേഷ് ഗോപിയുടേയുമൊക്കെ കുറെ സിനിമകള്‍ യുട്യൂബില്‍ കണ്ടു. നല്ല സ്‌റ്റൈലന്‍ ബംഗ്ലാവും മാരുതി കാറും സുന്ദരികളായ നായികമാരെയും കൊടുത്തു വേലയും കൂലിയുമില്ലാത്ത നായകന്മാരെ കരാട്ടെ കളിക്കാനും ഉത്സവം നടത്താനും വിട്ടു. ദളിത് കോളനി പശ്ചാത്തലമാക്കി കുറെ ക്രൂരന്മാരെയും ദുഷ്ടന്മാരെയും ദേഹത്തു കറുത്ത പെയിന്റടിച്ചു തല്ലുണ്ടാക്കാന്‍ വിട്ടു.

മലയാളികള്‍ ഹോളിവുഡ് സിനിമകള്‍ കാര്യമായി കാണാന്‍ തുടങ്ങിയത് തൊണ്ണൂറുകളിലാണ്, അതിനു മുമ്പ് ജാക്കി ച്ചാന്‍, ബ്രൂസ് ലീ, ജെറ്റ് ലീ തുടങ്ങിയവരുടെ അടിപ്പടങ്ങളും ഉച്ചപ്പടമായി വരുന്ന ചില സോഫ്റ്റ് പോണ്‍ സിനിമകളുമായിരുന്നു മലയാളികളുടെ ഹോളിവുഡ് കണക്ഷന്‍. തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ആവേശത്തോടെ ഇംഗ്ലീഷ് സിനിമകള്‍ കണ്ടിരുന്ന നമ്മുടെ യുവാക്കളുടെ ഒരു പ്രധാന ചോദ്യമായിരുന്നു – എന്ത് കൊണ്ടാണ് ഹോളിവുഡില്‍ നിന്ന് ലവ് സ്റ്റോറികള്‍ ഉണ്ടാകാത്തത് എന്ന്. ഇന്ത്യയില്‍ കൊല്ലത്തില്‍ രണ്ടോ മൂന്നോ ലവ് സ്റ്റോറി സൂപ്പര്‍ഹിറ്റുകള്‍ ഉണ്ടാകുന്ന കാലമായിരുന്നു അത്.

ഇപ്പോഴത്തെ പോലെ തന്നെ, അക്കാലത്തും ഹോളിവുഡ് ഹിറ്റുകളില്‍ പ്രണയകഥകള്‍ അന്യമായിരുന്നു. ജുറാസിക് പാര്‍ക്ക്, ഇന്‍ഡിപെന്‍ഡന്‍സ് ഡേ, മെന്‍ ഇന്‍ ബ്ലാക്ക്, ഫോറെസ്‌റ് ഗംബ്ബ്, സിക്‌സ്ത് സെന്‍സ്, സ്പീഡ് തുടങ്ങിയ സൂപ്പര്‍ ഹിറ്റുകളൊന്നും ലവ് സ്റ്റോറിയല്ല, ശക്തമായ ലവ് ട്രാക്ക് ഉള്ള ഒരു സൂപ്പര്‍ഹിറ്റ് ടൈറ്റാനിക് ആയിരുന്നു, അതും കപ്പല്‍ ദുരന്തം കാണിക്കാനുള്ള സ്റ്റോറി ബില്‍ഡ് അപ്പ് എന്നെ പറയാനുള്ളൂ.

എന്തുകൊണ്ടാണ് ഹോളിവുഡില്‍ ലവ് സ്റ്റോറികള്‍ ഉണ്ടാകാത്തത് എന്ന ചോദ്യത്തിന് മലയാളികള്‍ക്ക് ഉത്തരം കിട്ടിയത് വളരെ വൈകിയാണ്. സ്ട്രീമിങ് സീരീസുകള്‍ വ്യാപകമായപ്പോള്‍, അല്ലെങ്കില്‍ ഐ.ടി മേഖലയില്‍ ഒരുപാട് പേര് അമേരിക്കയിലും മറ്റു രാജ്യങ്ങളിലും എത്തിയപ്പോള്‍.

അവിടെയൊന്നും ലവ് ഇല്ലാത്തതല്ല ലവ് സ്റ്റോറി ഇല്ലാത്തതിന് കാരണം, ലവിനോടുള്ള ഹേറ്റ് ഇല്ലാത്തതാണ്.

അതായത്, അവിടെയൊക്കെ രണ്ടു പേര്‍ തമ്മില്‍ ഇഷ്ടപ്പെട്ടാല്‍ അവര്‍ ഡേറ്റിംഗിന് പോകുന്നു, ഡിന്നര്‍ കഴിക്കുന്നു, വേണമെന്ന് തോന്നിയാല്‍ കൂടെ താമസിക്കുന്നു, കുട്ടികള്‍ വേണമെന്ന് തോന്നിയാല്‍ കുട്ടികളുണ്ടാകുന്നു. കല്യാണം കഴിക്കണമെന്ന് തോന്നിയാല്‍ കല്യാണം കഴിക്കുന്നു.

നാട്ടുകാരോ കുടുംബക്കാരോ അച്ഛനോ അമ്മയോ ആങ്ങള പെങ്ങള്‍മാരോ ഇവരുടെ കാര്യത്തില്‍ ഇടപെടുന്നില്ല എന്ന് മാത്രമല്ല മൈന്‍ഡ് ചെയ്യുന്നു പോലുമില്ല. ഇതിലെന്ത് സ്റ്റോറി. സ്റ്റോറി വേണമെങ്കില്‍ അവിടെ ഒരു വില്ലന്‍ വരണം. കുടുംബക്കാര്‍ മുഴുവന്‍ ഇവരുടെ കാര്യത്തില്‍ ഇടപ്പെട്ട് അലമ്പുണ്ടാക്കണം, അച്ഛന്‍ മകളെ തല്ലി തമ്പോലക്കി മുറിയിലിട്ട് പൂട്ടണം, അമ്മ ഇമോഷണല്‍ ബ്ലാക്ക് മെയില്‍ നടത്തണം, അമ്മാവന്‍ ഉപദേശിക്കണം, ആങ്ങള സുഹൃത്തുക്കളെയും കൂട്ടി കാമുകനെ പോയി തല്ലണം, അവസാനം ആരെങ്കിലും തൂങ്ങി ചാവണം. ഇതൊക്കെയുണ്ടെങ്കിലേ അതൊരു സ്റ്റോറി ആകൂ.

ലവ് ഇല്ലാത്തത് കൊണ്ടല്ല ഹോളിവുഡില്‍ ലവ് സ്റ്റോറി ഇല്ലാത്തത്, ലവ് ചെയ്യുന്നവരോടുള്ള ഹേറ്റ് നാട്ടുകാര്‍ക്കില്ലാത്തത് കൊണ്ടാണ്. നമ്മളുണ്ടാക്കി കൊണ്ടിരുന്നതൊന്നും ലവ് സ്റ്റോറിയല്ല, ഹേറ്റ് സ്റ്റോറിയാണ് എന്ന് പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ് മനസ്സിലായത്.

അതേ കാരണം കൊണ്ട് തന്നെയാണ് നമ്മുടെ സിനിമയിലും ഇപ്പോള്‍ ലവ് സ്റ്റോറി കുറഞ്ഞു കുറഞ്ഞു വരുന്നത്. ഇരുപത് കൊല്ലം മുമ്പുള്ള പ്രേമമല്ല ഇപ്പോള്‍. പ്രേമം അന്നും ഇന്നും ഉണ്ട്, പക്ഷെ നാട്ടുകാരുടെ സ്വഭാവം മാറി. അച്ചന്മാര്‍ പൊതുവെ പ്രണയങ്ങളെ അംഗീകരിക്കാന്‍ തുടങ്ങി, അമ്മമാര്‍ വികാര പ്രകടനം രണ്ടു ദിവസത്തെ ഇമോഷണല്‍ ബ്ലാക്മെയിലിംഗിലൊതുക്കി. അമ്മാവന്മാര്‍ക്ക് കുടുംബത്തില്‍ ഒരു സ്ഥാനവും ഇല്ലാതായി.

അമ്മാവന്മാരുടെയും നാട്ടുകാരുടെയും റോള്‍ കല്യാണത്തിന് ക്ഷണിച്ചാല്‍ സമയത്തു വന്നു സദ്യയോ ബിരിയാണിയോ കഴിച്ചു പോകുക എന്ന മിനിമം പരിപാടിയില്‍ ഒതുങ്ങി.

ഇനി ആരെങ്കിലും ഇടപെട്ടാല്‍ തന്നെ അവരോട് പോയി പണിനോക്കാന്‍ പറയാനുള്ള ധൈര്യം ചെറുപ്പക്കാര്‍ക്ക്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് വന്നു. പിന്നെ എങ്ങനെ ലവ് സ്റ്റോറി ഉണ്ടാകും. അതുകൊണ്ടാണ് ഇപ്പോള്‍ ലവ് സ്റ്റോറി ഇല്ലാത്തത്. ഇനി അഥവാ ആര്‍ക്കെങ്കിലും ഒരു ലവ് സ്റ്റോറി എടുക്കണമെങ്കില്‍ തന്നെ അവര്‍ 25 കൊല്ലം മുമ്പത്തെ കഥ തേടി പോകുന്നത്. അടുത്തിടെ വന്ന വിനീത് ശ്രീനിവാസന്റെ ഹൃദയം പോലുള്ള സിനിമകള്‍ ഉദാഹരണം.

കഴിഞ്ഞ ആഴ്ചയും ഒരു സിനിമ കണ്ടു, 18+. തരക്കേടില്ലാത്ത ലളിതമായ ഒരു ലവ് സ്റ്റോറി. അതിലെയും കഥ പതിനഞ്ചു വര്‍ഷം മുമ്പാണ് സംഭവിക്കുന്നത്. അത് നന്നായി എന്ന് തോന്നിയത് കുഞ്ചാക്കോ ബോബന്‍ നായകനായ പദ്മിനി എന്ന സിനിമ കണ്ടപ്പോഴാണ്. ഇക്കാലത്തു നടക്കുന്ന കഥയാണ്.

ഇതിലെ നായികമാരിരൊരാള്‍ കോളേജ് അധ്യാപികയാണ്. അമ്മാവന്‍ നിര്‍ബന്ധിക്കുന്നത് കൊണ്ട് ഉടനെ കല്യാണം വേണമെന്ന് പറഞ്ഞു കുഞ്ചാക്കോ ബോബന്റെ പിറകെ നടക്കലാണ് പ്രധാന പണി. വില്ലനായ ഒരു അമ്മാവനുമുണ്ട്. സിനിമ കാണുന്നവര്‍ മുഴുവന്‍ ചോദിക്കും, ഇക്കാലത്തും ഇങ്ങനത്തെ പെണ്‍കുട്ടികള്‍ ഉണ്ടോയെന്ന്, കോളേജ് അധ്യാപികയായിട്ടും അമ്മാവനെ പേടിച്ചു കല്യാണം നടത്തുന്ന ഒരു പെണ്‍കുട്ടി.

ആ സിനിമയുടെ പരാജയത്തിന്റെ പ്രധാന കരണങ്ങളിലൊന്നും ഈ കണക്ട് ഇല്ലായ്മയാണ്. ഇതിന്റെ ഡിറക്ടര്‍ക്കും ഒരു ഇരുപത്തഞ്ചു കൊല്ലം മുമ്പത്തെ സെറ്റിട്ടു കുഞ്ചാക്കോ ബോബന് യമഹ rx-100 ഉം കൊടുത്തു വിട്ടാല്‍ മതിയായിരുന്നു. സിനിമക്ക് ഒരു ലോജിക് ഉണ്ടായേനെ, ഒരു പക്ഷെ നാലാള്‍ കണ്ടേനെ.

ലവ് സ്റ്റോറി ഇനിയുണ്ടാവില്ല എന്ന് കരുതുന്നതിനോ, അല്ലെങ്കില്‍ ഇനിയിറങ്ങുള്ള ലവ് സ്റ്റോറികളൊക്കെ ഇരുപത്തഞ്ചു കൊല്ലം മുമ്പത്തെ സെറ്റിലിറ്റെടുത്തതാവും എന്നൊക്കെ കരുതുന്നതില്‍ ലോജിക് ഉണ്ട്, പക്ഷെ മലയാളത്തില്‍ ഇറങ്ങുന്ന മാസ്സ് കൊലമാസ്സ് അടിപടങ്ങള്‍ ഇരുപത്തഞ്ചു കൊല്ലം മുമ്പത്തേക്ക് പോകുന്നതെന്തിനാണ്.

മലയാളത്തില്‍ അടുത്തകാലത്തു ഇറങ്ങിയ മാസ്സ് പടങ്ങളില്‍ നല്ലൊരു പങ്കും ഇരുപതു മുതല്‍ മുപ്പത് വരെ വര്‍ഷം മുമ്പത്തെ കഥയാണ്. പ്രിത്വിരാജിന്റെ കടുവ, ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ്, ദുല്ഖറിന്റെ തന്നെ കൊത്ത, ടോവിനോയുടെ മിന്നല്‍ മുരളി, ഫഹദ് ഫാസിലിന്റെ മാലിക് മുതല്‍ ഏറ്റവും പുതിയ ആര്‍.ഡി.എക്‌സ് വരെ.

മാസ്സ്, കൊലമാസ്സ് എന്നൊക്കെ പറയുന്ന പണം വാരി പടങ്ങള്‍ തിയേറ്റര്‍ കളക്ഷന്‍ ഉദ്ദേശിച്ചിറങ്ങുന്നതാണ്.

പക്ഷെ കളക്ഷന്‍ മാത്രമല്ല ഇത്തരം പടങ്ങളുടെ ഉദ്ദേശം, ഒരു സൂപ്പര്‍ ഹീറോ കഥാപാത്രത്തെ അവതരിപ്പിച്ച് അതിലൂടെ സൂപ്പര്‍ സ്റ്റാര്‍ ആകാനുള്ള നടന്മാരുടെ ആഗ്രഹവും ഇത്തരം സിനിമകള്‍ക്ക് പിന്നിലുണ്ട്. അതുകൊണ്ടാണ് നമ്മള്‍ മാസ്സ് പടങ്ങളുടെ പേര് പറയുമ്പോള്‍ സംവിധായകന്റെയോ എഴുത്തുകാരന്റെയോ പേര് പറയാതെ താരത്തിന്റെ പേര് മാത്രം പറയുകയോ ഓര്‍മ്മിക്കുകയോ ചെയ്യുന്നത്.

ഈ സിനിമകള്‍ തൊണ്ണൂറുകളും രണ്ടായിരത്തിന്റെ തുടക്കവും വിട്ട് 2020 കളിലേക്ക് വരാത്തതിന് രണ്ടു പ്രധാന കാരണങ്ങളാണുള്ളത്, ഒന്ന്, സിനിമാക്കാരുടെ ഭാവന ശൂന്യത, രണ്ടു, ടിക്കറ്റ് എടുക്കുന്ന പ്രേക്ഷകരുടെ ഇടയില്‍ മധ്യവസ്‌കര്‍ക്കുള്ള ആധിപത്യം. രണ്ടാമത്തത് ആദ്യം പറയാം.

കൊവിഡിന് ശേഷം ടിക്കറ്റ് എടുത്ത് സിനിമ കാണുന്നത് മിക്കവാറും മധ്യവയസ്‌കരാണ്, ഒരു ഫാമിലി ഔട്ടിങ് എന്ന പേരില്‍ ഭാര്യയെയും രണ്ടു കുട്ടികളെയും പറ്റുമെങ്കില്‍ അച്ഛനമ്മമാരെയും കൂട്ടി സിനിമക്ക് പോകാനും ആയിരത്തഞ്ഞൂറോ രണ്ടായിരമോ ചിലവാക്കാനും കഴിയുന്നവര്‍ അവരാണ്.

തൊണ്ണൂറുകളിലോ രണ്ടായിരത്തിന്റെ തുടക്കത്തിലോ ജോലിയില്ലാത്ത യുവാക്കള്‍ക്ക് എവിടുന്നെങ്കിലും പത്തോ മുപ്പതോ രൂപ സംഘടിപ്പിച്ചു സിനിമക്ക് പോകാമായിരുന്നു. ഇക്കാലത്തു അത് നടക്കില്ല, എന്ന് മാത്രമല്ല അതിന്റെ ആവശ്യവുമില്ല, സിനിമ കാണാന്‍ കുട്ടികള്‍ക്ക് തിയേറ്ററിന്റെ ആവശ്യമില്ല.അവര്‍ ലാപ്ടോപിലോ മൊബൈലിലോ കണ്ടോളും, അവര്‍ക്ക് സന്തോഷവും അതാണ്.

അപ്പോള്‍ തിയേറ്ററില്‍ ആള് കയറണമെങ്കില്‍ മധ്യവയസ്‌കന്മാരെ തൃപ്തിപ്പെടുത്തുന്ന സിനിമകളുണ്ടാക്കാകണം.

ഏത് തരം സിനിമകളാണ് മധ്യവസ്‌കന്മാരെ തൃപ്തിപ്പെടുത്തുക, അവരുടെ ചെറുപ്പകാലത്ത് ഇറങ്ങിയ രീതിയിലുള്ള സിനിമകള്‍, അതായത് തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ ആദ്യ വര്‍ഷങ്ങളിലും ഇറങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഫോര്മാറ്റിലുള്ള സിനിമകള്‍. പണിയൊന്നും ചെയ്യാത്ത, ഏതോ ഒരു തോട്ടത്തിലേക്ക് എന്നും പറഞ്ഞു ഒരു ജീപ്പില്‍ മൂന്നാലു വായ്‌നോക്കികളെയും കൊണ്ട് രാവിലെ വീട്ടില്‍ നിന്നിറങ്ങി എങ്ങോട്ടോ പോകുന്ന വിയര്‍പ്പിന്റെ അസുഖമുള്ള നായകന്മാര്‍.

ആകെ ചെയ്യുന്ന പണി ഉത്സവം നടത്തല്‍, പള്ളിപ്പെരുന്നാല്‍ നടത്തല്‍, അബ്കാരി ലേലം, ഡയലോഗ് പറച്ചില്‍, കള്ളുകുടി തുടങ്ങിയവ മാത്രം. ചെറുപ്പക്കാരനായ നായകനാണെങ്കില്‍ ഒരു നായകിയയെ നിയമവിരുദ്ധമായി പിന്തുടരുകയും ശല്യപ്പെടുത്തുകയും ചെയ്തുകൊണ്ടേയിരിക്കും, അവസാനം അവള്‍ വഴങ്ങുന്നതും കാണിക്കും.

മധ്യവയസ്‌കനായ നായകനാണെങ്കില്‍ വീട്ടില്‍ സുന്ദരിയായ ഭാര്യ വെച്ച് വിളമ്പി കൊടുക്കാനുണ്ടാകും. അഥവാ ഈ നായകന്‍ എന്തെങ്കിലും ജോലി ചെയ്യേണ്ടി വരുന്ന ഗുരുതര സാഹചര്യമുണ്ടായാല്‍ സെന്റിയടിച്ചു കരയാന്‍ കവിയൂര്‍ പൊന്നമ്മയും സംവരണം ഇല്ലാത്തത് കൊണ്ട് ജോലി കിട്ടാത്ത നായകന്മാരുടെ ഗതികേടിനെ പറ്റി പറഞ്ഞു കൊണ്ടിരിക്കാന്‍ ഒരമ്മാവനുമുണ്ടാകും.

പണിയെടുക്കാതെ ജീവിക്കുന്നവരൊക്കെ നായകന്റെ സുഹൃത്തുക്കളാണെങ്കിലും പണിയെടുത്തു ജീവിക്കുന്നവരൊക്കെ വില്ലന്റെ സുഹൃത്തുക്കളായിരിക്കും. തൊലി കറുത്തവരും പല്ലുന്തിയവരും മുഴുവന്‍ ഗുണ്ടകളും കഞ്ചാവ് കച്ചവടക്കാരുമായിരിക്കും. ദളിത് കോളനികളും കടപ്പുറങ്ങളുമായിരിക്കും വില്ലന്മാരുടെ ലൊക്കേഷനെങ്കില്‍, നാലുകെട്ടും നടുമുറ്റവും, റബ്ബര്‍ തോട്ടത്തിന്റെ നടുക്ക് നിര്‍മിച്ച മനോഹരമായ ബംഗ്ലാവുമൊക്കെയായിരിക്കും നായകന്റെയും സില്‍ബന്ധികളുടെയും ലൊക്കേഷന്‍.

തൂവാനത്തുമ്പികളിലെ ജഗതി അവതരിപ്പിച്ച, പുറമ്പോക്കില്‍ താമസിക്കുന്ന ഒരു പാവപ്പെട്ടവന്റെ കഥാപാത്രത്തെ മോഹന്‍ലാലിന്റെ കഥാപാത്രവും കൂട്ടുകാരും അങ്ങേയറ്റം പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്ത് കുടിയൊഴിപ്പിക്കുന്നതായിരുന്നു അക്കാലത്തെ വലിയൊരു കോമഡി. സ്വന്തമായി ഒരു ഐഡന്റിറ്റി തേടുന്ന, ഭര്‍ത്താവിന്റെ ചേട്ടന്‍ ഭരിക്കുന്ന വീട്ടില്‍ അസ്വസ്ഥ ജീവിതം നയിക്കേണ്ടി വരുന്ന ഒരു പെണ്‍കുട്ടിയുടെ കരണത്ത് സിദ്ധീഖ് അടിച്ച അടിയിലാണ് വാത്സല്യം സൂപ്പര്‍ഹിറ്റ് ആവുന്നത്.

ഈ സിനിമകള്‍ കണ്ടു പൊട്ടിച്ചിരിച്ചും കയ്യടിച്ചും വളര്‍ന്ന ഒരു തലമുറക്ക് വേണ്ടി സിനിമകളെടുമ്പോള്‍ ഭാവനാ ശൂന്യരായ സിനിമാക്കാര്‍ക്ക് ഇരുപത്തഞ്ചു കൊല്ലം മുമ്പത്തെ സെറ്റിടാതെ എന്താണ് ചെയ്യാന്‍ കഴിയുക. ഇന്ന് നായകന് നായികയെ പിന്തുടര്‍ന്ന് പീഡിപ്പിക്കാന്‍ കഴിയില്ല, വീട്ടില്‍ വച്ച് വിളമ്പാനും കരയാനും മാത്രമുള്ള ഭാര്യയെ കാണിക്കാന്‍ പറ്റില്ല, കവിയൂര്‍ പൊന്നമ്മയുടെ കരച്ചിലിന് പ്രസക്തിയില്ല, അമ്മാവന്മാര്‍ എന്തെങ്കിലും പറയാന്‍ ശ്രമിക്കുമ്പോള്‍ കൂട്ടികള്‍ ഹെഡ്‌സെറ്റ് എടുത്തു ചെവിയില്‍ കുത്തിക്കയറ്റും.

പണിയെടുക്കാത്ത നായകന്‍ പഴയ തറവാടിന്റെ കാര്യവും പറഞ്ഞു കൊണ്ട് നടന്നാല്‍ പുതിയ പ്രേക്ഷകര്‍ക്ക് കരച്ചില്‍ വരില്ല. ഉത്സവവും പള്ളിപ്പെരുന്നാളും നടത്താന്‍ നായകനും കൂട്ടുകാരും ഇറങ്ങിയാല്‍ ഇവനൊന്നും വേറെ ജോലിയില്ലേ എന്ന് നാട്ടുകാര്‍ ചോദിക്കും.

ആര്‍.ഡി.എക്‌സിന്റെ പിന്നണിയിലുള്ള സിനിമാക്കാരെ കുറ്റം പറയാന്‍ കഴിയില്ല. തിയേറ്ററില്‍ മധ്യവയസ്‌കന്മാര്‍ കയറിയാലേ സിനിമ ഹിറ്റ് ആകൂ എന്ന് അവരോട് ആരോ പറഞ്ഞു കൊടുത്തു. ഭാവനാ ശൂന്യരായ ആ പാവങ്ങള്‍ പഴയ മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും സുരേഷ് ഗോപിയുടേയുമൊക്കെ കുറെ സിനിമകള്‍ യുട്യൂബില്‍ കണ്ടു.

നല്ല സ്‌റ്റൈലന്‍ ബംഗ്ലാവും മാരുതി കാറും സുന്ദരികളായ നായികമാരെയും കൊടുത്തു വേലയും കൂലിയുമില്ലാത്ത നായകന്മാരെ കരാട്ടെ കളിക്കാനും ഉത്സവം നടത്താനും വിട്ടു. ദളിത് കോളനി പശ്ചാത്തലമാക്കി കുറെ ക്രൂരന്മാരെയും ദുഷ്ടന്മാരെയും ദേഹത്തു കറുത്ത പെയിന്റടിച്ചു തല്ലുണ്ടാക്കാന്‍ വിട്ടു. എവിടുന്നൊക്കെയോ കുറെ യമഹ ആര്‍ എക്‌സ് -100 ഉം നോക്കിയ-3310 മാരുതി-800 ഉം സംഘടിപ്പിച്ച് ഇവരുടെയൊക്കെ കയ്യില്‍ കൊടുത്ത്, ഇത് ഇന്നത്തെ കഥയല്ല, ഇരുപത്തഞ്ചു കൊല്ലം മുമ്പ് നടന്ന കഥയാണെന്ന് സ്വയവും പ്രേക്ഷകരെയും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു.

ഇത്രയൊക്കെ പോരെ ഒരു സിനിമ സൂപ്പര്‍ ഹിറ്റാകാന്‍.

content highlights: Farooq writes a critical review of the RDX movie

 

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ